width=പ്രവാചകത്വ പദവി നല്‍കി ഒട്ടധികം പേരെ അല്ലാഹു അനുഗ്രഹിച്ചു. ആ ശൃംഘലക്കു പരിസമാപ്തി കുറിച്ചുകൊണ്ടായിരുന്നു മുഹമ്മദ് നബിയുടെ നിയോഗം. അധര്‍മകാരികളായിരുന്ന തന്റെ ജനതക്കു മുമ്പില്‍ പ്രവാചകത്വം തെളിയിക്കാന്‍ കേവല വാങ്മാധുരിയോ വാഗ്വിലാസമോ മതിയായിരുന്നില്ല. അതുകൊണ്ടുതന്നെ, ദൗത്യം നിര്‍വഹിക്കാന്‍ ആവശ്യമായ ഒട്ടധികം അമാനുഷിക കഴിവുകള്‍ അല്ലാഹു പ്രവാചകന് നല്‍കി. അതില്‍ പ്രഥമ സ്ഥാനിയാണ് പരിശുദ്ധ ഖുര്‍ആന്‍. പ്രവാചകത്വം സ്ഥിരീകരിക്കുന്ന ഒരു തെളിവ് എന്നതിലുപരി ഒരു അമാനുഷിക ഗ്രന്ഥമാണ് ഖുര്‍ആന്‍. അറബി സാഹിത്യത്തിലെ ക്രാന്തദര്‍ശികളായിരുന്ന പലരും ഖുര്‍ആന്റെ മുമ്പില്‍ മുട്ടു മടക്കി. ഖുര്‍ആന്‍ തന്നെ അത് തെളിയിക്കുന്നുണ്ട്. നിരക്ഷരനായൊരു വ്യക്തി ഖുര്‍ആന്‍ ഉരുവിടുമ്പോള്‍ ആ വ്യക്തിയുടെ പ്രവാചകത്വം തെളിയിക്കാന്‍ അതിലധികം എന്തുവേണം.

അമൂല്യവും അതുല്യവുമായൊരു ഗ്രന്ഥമാണ് ഖുര്‍ആന്‍. അമാനുഷികത്വത്തിന്റെ ചന്ദ്രകലകള്‍ ഖുര്‍ആനിലുടനീളം പ്രതിബിംബിക്കുന്നുണ്ട്. സര്‍വ്വ ജനീനവും സര്‍വ്വ കാലികവുമാണതിലെ ശരീഅത്ത് വ്യവസ്ഥകള്‍. ഖുര്‍ആന് അദ്വിതീയ പദവി നേടിക്കൊടുത്തതിലും മുഖ്യ പങ്ക് അതുള്‍കൊള്ളുന്ന നിയമ വിധികള്‍ക്കാണ്.

സാമ്പത്തികരംഗം
മനുഷ്യ ജീവിത സ്പര്‍ശികയായ സകലതിനെക്കുറിച്ചും ഖുര്‍ആനില്‍ പ്രതിപാദനമുണ്ട്. അവയില്‍ ഉന്നത സ്ഥാനമര്‍ഹിക്കുന്ന ഒന്നാണ് സാമ്പത്തിക രംഗം. മനുഷ്യ ജീവിതത്തിന്റെ നിഖില മേഘലകളെയും സ്പര്‍ശിക്കുന്ന സമ്പത്തിനെക്കുറിച്ച് ധര്‍മാധിഷ്ഠിതമായാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്. ഖുര്‍ആനില്‍ പ്രതിപാദക്കപ്പെട്ട സാമ്പത്തിക രംഗത്തെ മൂന്നു ഘടകങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.


ഒന്ന്: വ്യക്തിയുടമാവകാശം
പ്രവര്‍ത്തന രംഗത്ത് വ്യക്തികളുടെ ബാധ്യതയില്‍നിന്നാണ് ഇസ്‌ലാമില്‍ വ്യക്തിയുടമാവകാശം ഉല്‍ഭവിക്കുന്നത്. അധ്വാനിക്കുന്നവന്‍ ഫലം അനുഭവിക്കണം. ഇതാണ് ഇസ്‌ലാമിക തത്ത്വം. ''നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്യുക (ജുമുഅ: 10).

വ്യക്തിയുടമാവകാശം ഇസ്‌ലാം അനുവദിക്കുന്നു. സമ്പാദനവും വിനിയോഗവും അനുവദനീയമായ മാര്‍ഗത്തിലാവണം. പലിശയും പഞ്ചനയും പൂഴ്ത്തിവെപ്പും ഇസ്‌ലാം നിരോധിച്ചു. നിഷിദ്ധമാര്‍ഗത്തിലൂടെ ധനസമ്പാദനവും പരിപോഷണവും ഇസ്‌ലാം വിലക്കി. ധനം കൈവശമുള്ളയാളിന് വൈയക്തികവും കുടുംബപരവും സാമൂഹ്യവുമായ കുറേ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. അവന്‍ അനേകം ബാധ്യതകള്‍ക്കു വിധേയനാണ്. അനുവദനീയമായ ജീവിത രീതി സ്വീകരിക്കുക, അവശ്യഘട്ടങ്ങളില്‍ ഉറ്റവരെ സഹായിക്കുക, സക്കാത്ത് പോലുള്ള നിര്‍ബന്ധ ഭാഗങ്ങളിലും മറ്റും ധനം വ്യയം ചെയ്യുക, ധന സമ്പാദനത്തില്‍ പാലിക്കേണ്ടുന്ന ചില വ്യവസ്ഥകളാണിവ.

ആധുനിക ലോകത്ത് സമ്പത് വ്യവസ്ഥകള്‍ ഇസ്‌ലാമിക നിലപാടുകള്‍ക്ക് തികച്ചും വിരുദ്ധമാണ്. നീതിയോ സ്വസ്ഥതയോ പ്രദാനം ചെയ്യല്‍ അവക്ക് ചെയ്യില്ല. അവക്കു കീഴില്‍ മനുഷ്യര്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ കദനകഥകള്‍ അവാച്യങ്ങളാണ്. ആധുനിക ലോകത്തെ വലിയ ശാപമായ മുതലാളിത്ത വ്യവസ്ഥിതി എത്രമാത്രം ദുരൂഹമല്ല! നിരുപാദിധികമായി വ്യക്തിക്ക് ഉടമാവകാശം നല്‍കുന്ന ഈ വ്യവസ്ഥിതി ഒരു ഭാഗത്ത് കുറേ ഭൂര്‍ഷ്വാസികളെയും മറുഭാഗത്ത് കുറേ പട്ടിണിക്കോലങ്ങളെയുമാണ് ലോകത്തിന് സംഭാവന ചെയ്തത്.

മറ്റൊരു വ്യവസ്ഥിതിയാണ് കമ്യൂണിസം. വ്യക്തിയുടമാവകാശം പാടേ നിഷേധിക്കുകയാണ് കമ്യൂണിസം ചെയ്യുന്നത്. അത് വ്യാപകമായതോടെ ആഗോളാടിസ്ഥാനത്തില്‍ സാമ്പത്തിക രംഗത്ത് കനത്ത മാന്ദ്യം അനുഭവപ്പെട്ടു. ഉല്‍പാദനം കുറഞ്ഞു. കയറ്റുമതി സ്തംഭിച്ചു. സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ദ്ധിച്ചു. ഇത് സോവിയറ്റ് യൂണിയന്‍ പോലുള്ള പല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും ഒരു പരിധി വരെ വ്യക്തിയുടമാവകാശം സ്വീകരിക്കാന്‍ വഴി വെച്ചു.


രണ്ട്: അനന്തരാവകാശം
മരിച്ചയാളിന്റെ ധനത്തില്‍ അവകാശികളെ മുഴുക്കെ ഉള്‍ക്കൊള്ളുന്ന ഒരു ഉത്തമ വ്യവസ്ഥയാണ് ഇതമൂലം ഇസ്‌ലാം സ്ഥാപിക്കുന്നത്. ആധുനിക ലോകത്ത് ഇസ്‌ലാമിന്റെ യശസ്സുയര്‍ത്താന്‍ മുഖ്യകാരണങ്ങളിലൊന്നാണിത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഇത് നിഷിദ്ധമാണ്. അത് നല്‍കുന്ന നിരുപാധികമായ വ്യക്തിയുടമാ സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് തന്റെ ധനം മുഴുക്കെ എഴുതിക്കൊടുക്കാന്‍  അവകാശം നല്‍കുന്നു. വ്യക്തിയുടമാവകാശം തീരെ നിഷേധിക്കുന്ന കമ്യൂണിസവും ഇതംഗീകരിക്കുന്നില്ല.  പക്ഷെ, സോവിയറ്റ് യൂണിയന്‍പോലുള്ള ചില കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ വ്യക്തിയുടമാവകാശം അംഗീകരിച്ചതോടെ ഇതും അംഗീകരിക്കപ്പെട്ടു.


മൂന്ന്: പലിശ
കുറുക്കുവഴികളിലൂടെ ധന സമ്പാദനത്തിനുള്ളൊരു മാര്‍ഗമാണിത്. ആധുനിക ലോകത്തിന്റെ ശാപമായ പലിശ മനുഷ്യര്‍ക്കിടയില്‍ കഠിനമായ വിയോജിപ്പാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ, ഇസ്‌ലാം പലിളശയുടെ എല്ലാ കവാടങ്ങളും കൊട്ടി അടക്കുകയാണ് ചെയ്യുന്നത്.
കമ്യൂണിസ്റ്റ് വ്യവസ്ഥിതിയനുസരിച്ച് പലിശ നിഷിദ്ധമാണ്. പക്ഷെ, ഇസ്‌ലാമിന്റെ നിരോധവുമായി അതിന് യോജിപ്പില്ല. കാരണം, ഒരു മുസ്‌ലിം പലിശ വര്‍ജ്ജിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിന്റെ ശിക്ഷ ഭയന്നാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ വര്‍ജ്ജിക്കുന്നത് അല്ലാഹുവിനെ ഭയന്നല്ല. എന്തെങ്കിലും സ്വാര്‍ത്ഥ ലാഭം വെച്ചായിരിക്കും. അതുകൊണ്ടുതന്നെ, ഏതവസരത്തിലും അയാള്‍ അതില്‍നിന്നു പിന്തിരിയാനും സാധ്യതയുണ്ട്.

മുതലാളിത്ത വ്യവസ്ഥിതി പലിശ അംഗീകരിക്കുന്നെന്നു മാത്രമല്ല; മുതലുടമക്ക് ലാഭമുള്ള (ഫലമുള്ള) വ്യവസായം എന്നാണ് അതെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.
ഇങ്ങനെ ഇസ്‌ലാം രൂപ കല്‍പന ചെയ്യുന്ന വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത നിയമസംഹിതകള്‍ പരാജയത്തിന്റെ പടുകുഴിയില്‍ നിപതിച്ചതായി കാണാന്‍ കഴിയും. മനുഷ്യ പ്രകൃതവുമായി യോജിക്കാത്തതിനാല്‍ പല തവണ അവ തിരുത്തലുകള്‍ക്കും അവ വിധേയമാക്കപ്പെടുന്നു.

രാഷ്ട്രീയ രംഗം
ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥ തികച്ചും അതുല്യവും ഒരു പ്രസ്ഥാനത്തിനും ഇന്നുവരെ സ്ഥാപിക്കാന്‍ കഴിയാത്തതുമാണ്. ഇസ്‌ലാമിനെ ഉല്‍കൃഷ്ടവും ഋജുവുമാക്കിയതില്‍ ഇസ്‌ലാം ഉള്‍കൊള്ളുന്ന രാഷ്ട്രീയ വ്യവസ്ഥിതിക്ക് അനന്യ പങ്കുണ്ട്.

ഇസ്‌ലാം ഉള്‍കൊള്ളുന്ന രാഷ്ട്രീയ കാര്യങ്ങള്‍ ബൃഹത്താണ്. കൂടിയാലോചനയാണ് ഇസ്‌ലാമിന്റെ  രാഷ്ട്രീയ വ്യവസ്ഥിതികളില്‍ ഒന്ന്. ഇത് ഖുര്‍ആന്റെ വ്യക്തി ഭാഷ്യംകൊണ്ട് സ്ഥിരപ്പെട്ടതാണ്. ആദ്യകാലമുസ്‌ലിംകള്‍ അവരുടെ ജീവിത സംബന്ധമായ മിക്ക കാര്യങ്ങളിലും ഈ നയം ആവര്‍ത്തിച്ചിരുന്നു. ''തങ്ങളുടെ നാഥന്റെ (തൗഹീദിലേക്കും ആരാധനയിലേക്കുമുള്ള ക്ഷണത്തിന്) ഉത്തരം നല്‍കുന്നവരും നിസ്‌കാരം നിലനിര്‍ത്തുന്നവരുമാകുന്നു (അവര്‍). അവരുടെ കാര്യം അവര്‍ക്കിടയില്‍ കൂടിയാലോചന ചെയ്യുന്നു (അവര്‍ ധൃതിപ്പെടുകയില്ല). അവര്‍ക്ക് നാം നല്‍കിയതില്‍നിന്ന് അവര്‍ക്കു നാം ചിലവഴിക്കുകയും ചെയ്യും (ശൂറ: 38).

ഇസ്‌ലാം അടിസ്ഥാനപരമായി പരിഗണിച്ച ഈ നിയമം മുസ്‌ലിംകള്‍ ഖലീഫയെ തെരഞ്ഞെടുക്കുന്നിടത്തും തുടര്‍ന്ന് ഖലീഫയുടെ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിംകളുമായി കൂടിയാലോചന വഴിവെച്ചു.
മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമിക ഭരണം ഉള്ളിടത്തും മുശാവറയിലൂടെ സമാധാനപരമായി ഭരണം നടത്തപ്പെടുമ്പോള്‍, ജനാധിപത്യത്തിന്റെ ജിഹ്വകളെന്ന് അവകാശപ്പെടുന്ന പല രാജ്യങ്ങളിലും ഡമോക്രസി അനുശാസിക്കുന്ന കൂടിയാലോചനയോ ഭൂരിപക്ഷാഭിപ്രായം മാനിക്കലോ നടപ്പില്ല. പ്രസിഡണ്ട് നിയമങ്ങള്‍ പ്രഖ്യാപിക്കും. മറ്റുള്ളവര്‍ അത് മൂകരായി അംഗീകരിക്കണം. ഇതാണവിടങ്ങളിലെ അവസ്ഥ. പലപ്പോഴും അവക്കു പിന്നില്‍ കോഴകളുടെയോ ഭീഷണികളുടെയോ പ്രേരണകളുണ്ടായിരിക്കണം.
ഏകാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ 'ഡിക്‌റ്റേറ്റര്‍ പോലിറ്റേറിയ' എന്ന വ്യവസ്ഥയാണ് ഭരണത്തിന്റേത്. ഇതനുസരിച്ച് വിധിക്കര്‍ഹത പാര്‍ട്ടിക്കാണ്. പക്ഷെ, അതും വ്യക്തിയില്‍ ചെന്നെത്തും. ആ വ്യക്തിക്ക് ഇച്ഛാനുസരണം ഭരിക്കാനും മറ്റും അത് അവസരം സൃഷ്ടിക്കും.

ഇസ്‌ലാമിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ മറ്റൊന്ന് നീതിയാണ്. ഭരണത്തില്‍ സത്യം അവലംഭിക്കുക, എല്ലാവരിലും അത് നടപ്പാക്കുക, പ്രചകളുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുക ഇസ്‌ലാം വിഭാവനചെയ്യുന്ന ഭരണ വ്യവസ്ഥിതിയിലെ ചില മുഖ്യ ഘടകങ്ങളാണിവ. ''അമാനത്തുകള്‍ അതിന്റെ ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ വിധിക്കുന്ന പക്ഷം നീതി പൂര്‍വ്വം വിധിക്കണമെന്നും നിങ്ങളോട് അല്ലാഹു കല്‍പിച്ചിരിക്കുന്നു (നിസാഅ്: 58).

ഇസ്‌ലാമിക വ്യവസ്ഥയനുസരിച്ച് ഭരണം നടത്തപ്പെടുന്നൊരു രാജ്യത്ത് പ്രജകള്‍ക്കിടയില്‍ മുസ്‌ലിം എന്നോ അമുസ്‌ലിം എന്നോ ഭേദമന്യെ ഭരണം നീതിവല്‍കരിക്കണമെന്നാണ് ഇസ്‌ലാമിക നിയമം: '' ഒരു ജനതയോടുള്ള ശത്രുത നീതി പാലിക്കാതിരിക്കുന്നതിന് നിശ്ചയമായും നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കുക. അത് ഭക്തിയോട് ഏറ്റം അടുത്തതത്രെ (അല്‍ മാഇദ: 8). പതിനാല് ശതകങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം നടപ്പാക്കിയ നീതി ഇന്നും അഭംഗുരം നിലനില്‍ക്കുന്നു. ശാസ്ത്രവികാസത്തിന്റെ മാതൃത്വം അവകാശപ്പെടുന്ന ഇരുപതാം നൂറ്റാണ്ടില്‍ അനീതിയുടെ എന്തെല്ലാം ഭീകര മുഖങ്ങളാണ് നാം ദര്‍ശിക്കുന്നത്. തൊലിയുടെയും നിറത്തിന്റെയും വകതിരിവുകാരണം നീതി ലഭിക്കാതെയും പീഢനങ്ങളേറ്റും എത്രപേരാണ് കഴിയുന്നത്. സാതന്ത്ര്യത്തിന്റെ ഈറ്റില്ലങ്ങളെന്നവകാശപ്പെടുന്ന ജനാധിപത്യരാഷ്ട്രങ്ങളിലാണിത് നടക്കുന്നത് എന്നത് എത്ര വിരോധാഭാസമല്ല! സോവിയറ്റ് യൂണിയന്‍ പോലുള്ളിടത്ത്, അവിടെ നടക്കുന്ന ഏകാധിപത്യത്തോട് യോജിക്കാത്തതിനാല്‍ എത്രപേരാണ് ജീവത്യാഗം ചെയ്യേണ്ടിവരുന്നത്.

ശത്രുവോടുപോലും നീതി വര്‍ത്തിക്കണമെന്ന് കല്‍പിച്ച ഇസ്‌ലാം യുദ്ധ മുറകളിലും ശിക്ഷാ വേളകളിലും നീതി സ്വീകരിക്കാന്‍ ആജ്ഞാപിക്കുന്നു. ''നിങ്ങള്‍ ശിക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിന് തുല്യമായി ശിക്ഷിക്കുക. അഥവാ, നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ ക്ഷമാശീലര്‍ക്ക് അതാണ് ഉത്തമം (നഹ്‌ല്: 126). ''ഭക്ഷണത്തോട് ആഗ്രഹമുള്ളതോടെ ദരിദ്രര്‍ക്കും അനാഥകള്‍ക്കും തടവുകാര്‍ക്കും അവര്‍ ഭക്ഷണം നല്‍കുകയും ചെയ്യും'' (അല്‍ ഇന്‍സാന്‍: 8,9).

ലോകത്ത് സമാധാനം സുസ്ഥാപിതമാക്കാന്‍ വേണ്ടി രൂപം കൊണ്ട ഐക്യരാഷ്ട്ര സഭ പോലുള്ള ഒട്ടധികം സംഘടനകള്‍ ലക്ഷ്യ പ്രാപ്തിക്ക് കഴിയാതെ മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ വന്‍ രാഷ്ട്രങ്ങളിലെ വര്‍ഗ വര്‍ണ്ണ വിവേചനം എന്തൊക്കെ സൃഷ്ടിച്ചു! അവ പരിഹരിക്കാന്‍ യു.എന്‍.ഓക്കോ മനുഷ്യാവകാശ കമീഷനോ കഴിഞ്ഞിട്ടില്ല. എന്നാല്‍, പതിനാല് ശതകങ്ങള്‍ക്ക് മുമ്പുതന്നെ ഇസ്‌ലാം ഇതിന് യുക്തമായ പരിഹാരം നിര്‍ദ്ദേശിച്ചു. ''മനുഷ്യരെ, ഒരേ ശരീരത്തില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചു. നിങ്ങള്‍ അല്ലാഹുവെ വഴിപ്പെടുക'' (മാഇദ: 8).
ഒരാള്‍ക്കും മറ്റൊരാളെക്കാള്‍ ശ്രേഷ്ഠതയില്ല. ശ്രേഷ്ഠതയുടെ മാനദണ്ഡം ദൈവഭക്തിയാണെന്നാണ് ഇസ്‌ലാം വിവരിക്കുന്നത്. ''ഹേ, ജനങ്ങളെ, നിശ്ചയം നിങ്ങളെ നാം ഒരു പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി നിങ്ങളെ ഗോത്രക്കാരും വംശക്കാരുമാക്കി. നിങ്ങളില്‍ ഏറ്റം ഉത്തമന്‍ ഏറ്റം ഭക്തനാണ്. നിശ്ചയം അല്ലാഹു എല്ലാം അറിയുന്നവനും ബോധവാനുമത്രെ (അല്‍ ഹുജ്‌റാത്ത്: 13).
നീതിക്ക് നിരക്കാത്ത, അന്യരെ അധിക്ഷേപിക്കലും പരിഹസിക്കലും ഇസ്‌ലാം വിലക്കി.

''സത്യവിശ്വാസികളെ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കാതിരിക്കട്ടെ. അവര്‍ ഇവരെക്കാള്‍ ഉത്തമരായേക്കാം (അര്‍റൂം: 22).

ഭാഷയിലും നിറത്തിലുമുള്ള വൈവിധ്യങ്ങള്‍ക്ക് ഇസ്‌ലാം ഒരു സ്ഥാനവും കല്‍പിക്കുന്നില്ലെന്നാണ് മഹത് സൂക്തം തെളിയിക്കുന്നത്. അവയുടെ അടിസ്ഥാനത്തില്‍ താഴെ കിടയിലുള്ളവരെ അഗണ്യകോടിയിലേക്ക് തള്ളിയകറ്റുന്നവര്‍ക്ക് ഇതൊരു പാഠമാണ്.
തദ്ദേശീയരെപ്പോലെ ജോലി വ്യവസ്ഥയിലും മറ്റു ഞങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയിലെ റെഡ് ഇന്ത്യന്‍സും കമ്യൂണിസ്റ്റ് രാജ്യങ്ങളായ സോവിയറ്റ് യൂണിയനിലെയും മറ്റും വിദേശികളും പ്രകടനം നടത്തിയിരുന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്.

സ്ത്രീ: അര്‍ഹതയും സ്വാതന്ത്യവും

സ്ത്രീകളെക്കുറിച്ച് ഇസ്‌ലാം സ്വീകരിച്ച നിലപാട് അതുല്യവും അദ്വിതീയവുമാണ്. ഇസ്‌ലാമിന്റെ യശസ്സുയര്‍ത്തുന്നതില്‍ അത് ഗണ്യമായ പങ്ക് വഹിച്ചു. കേവലം വികാര ശമനോപാധി മാത്രമായി പരിഗണിക്കപ്പെട്ടു, അധമരില്‍ അധമരായി കഴിഞ്ഞിരുന്ന സ്ത്രീ വര്‍ഗത്തെ പുരുഷ തുല്യ പദവിയിലേക്ക് ഇസ്‌ലാം ഉയര്‍ത്തി.  മാനുഷിക അവകാശങ്ങള്‍ അവര്‍ക്ക് നേടിക്കൊടുത്തു. അവള്‍ക്ക് അനന്തരവകാശം നല്‍കി. പുരുഷനെരപോലെ മതത്തിന്റെ നിയമാവലികള്‍ക്ക് അവളെയും വിധേയമാക്കി. സ്വാതന്ത്ര്യത്തിന്റെ കുത്തക അവകാശപ്പെടുന്ന പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്കുപോലും സാധിച്ചിട്ടില്ലാത്തവിധം ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി.

ധന സമ്പാദനം പുരുഷ കുത്തകയാക്കിയിരുന്ന കപട സംസ്‌കാരത്തെ ഇസ്‌ലാം പിഴിതെറിഞ്ഞു. സ്ത്രീക്ക് ധനം സംഭരിക്കാനും സൂക്ഷിക്കാനും അവകാശമുണ്ടെന്നും, ഭര്‍ത്താവിന്റെ അടിമയല്ല ഭാര്യയെന്നും അവളോട് മനുഷ്യത്ത രഹിതമായ സമീപനം നിഷിദ്ധമാണെന്നും, വിവാഹമൂല്യം, ചെലവ് തുടങ്ങിയവ സ്ത്രീക്ക് നല്‍കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിതനാണെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ക്ക് അവരുടെ വിവാഹ മൂല്യങ്ങള്‍ സന്മനസ്സോടെ നിങ്ങള്‍ നല്‍കണം. അതില്‍നിന്ന് സ്വമനസ്സാലെ അവര്‍ നങ്ങള്‍ക്ക് (സൗജന്യമായി തന്നാല്‍) അത് നിങ്ങള്‍ ഹൃദ്യമായും സന്തോഷത്തോടെയും കഴിക്കുവിന്‍''

''പുരുഷന്മാര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന്റെ പങ്കും സ്ത്രീകള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന്റെ പങ്കും ഉണ്ട്'' (ഇസ്‌റാഅ്: 32). സ്ത്രീ ഭാര്യയായിരിക്കുമ്പോഴും അല്ലാത്തപ്പോഴുമുള്ള അവകാശത്തെയാണ് മഹത്സൂക്തങ്ങള്‍ സൂചിപ്പിക്കുന്നത്. പതിനാലു ശതകങ്ങള്‍ക്കു മുമ്പു ഇസ്‌ലാം ഇത് പ്രഖ്യാപിച്ചെങ്കില്‍ ഇസ്‌ലാമിനെ അറു പഴഞ്ചനെന്ന് ചിത്രീകരിക്കുന്ന  നവീന പ്രസ്ഥാനങ്ങളോ ബഹുമുഖ രാഷ്ട്രങ്ങളോ സ്ത്രീകളെ സ്വാതന്ത്ര്യത്തിന്റെ കവാടത്തിങ്കല്‍പോലും കൊണ്ടെത്തിച്ചിട്ടില്ല.

ബ്രിട്ടന്‍ പോലുള്ള വന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അവകാശം നേടിയെടുക്കാന്‍ സ്ത്രീകള്‍ ഒട്ടധികം വനിതാ സംഘടനകള്‍ക്ക് രൂപം നല്‍കിയതായി അറിയപ്പെടുന്നു. സ്ത്രീ വിവാഹിതയാകുന്നതോടെ അവളുടെ പേര് ഭര്‍ത്താവിന്റെ പേരിനോട് ചേര്‍ക്കപ്പെടുന്നൊരു പ്രവണത ഇന്ന് സാര്‍വത്രികമാണ്. വിവാഹത്തോടെ സ്ത്രീയുടെ സ്വാതന്ത്ര്യം നിലച്ചു എന്ന ധാരണ ഇതിന് പ്രേരകമല്ലെന്ന് പറഞ്ഞുകൂടാ. ചിലയിടങ്ങളിലൊക്കെ സ്ത്രീ വിവാഹിതയാകുന്നതോടെ സാമ്പത്തികാവകാശം  അവള്‍ക്ക് വിലക്കപ്പെട്ടിട്ടുണ്ട്. എല്ലാം ഭര്‍തൃസംരക്ഷണത്തില്‍ അകപ്പെടുകയും ചെയ്യുന്നു. ഈയടുത്ത് ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ നാടുകളിലും നടന്ന വനിതാ വിപ്ലവത്തില്‍ അവര്‍ ഉന്നയിച്ച പരാതികളായിരുന്നു ഇവ.
ഖുര്‍ആന്‍ ഉള്‍കൊള്ളുന്ന നിയമ വ്യവസ്ഥയുടെ ഉദാഹരണങ്ങള്‍ മാത്രമാണ് ഇതുവരെ വിവരിച്ചത്. ഖുര്‍ആന്‍ അമാനുഷികമാണെന്ന് തെളിയിക്കാന്‍ അവയിലെ പ്രതിപാദ്യവിഷയങ്ങള്‍ തന്നെ പര്യപ്തമാണ്. കാരണം, അക്ഷര ജ്ഞാനം പോലും ലഭിക്കാത്തൊരു വ്യക്തിക്ക് ഇത്തരത്തിലൊരു ഗ്രന്ഥം രചിക്കാന്‍ എങ്ങനെ സാധിക്കും!

(ഖുര്‍ആനിക് ഡൈജസ്റ്റ്, 1985, എസ്.പി.സി, ചെമ്മാട്, മലപ്പുറം)