Thajweed Rules
തജ്‍വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം)
തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.
- തര്‍തീല്‍ ( അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍)
- ഹദര്‍ (തജ്‍വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍)
- തദ്‍വീര്‍ (തര്‍തീല്‍ ഹദറിന്റെ ഇടയില്‍ ഓതല്‍). ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്യത്തിനായി സാവധാനം ഓതുന്നതിന് തഹ്ഖീഖ് എന്നു പറയുന്നു. തജ്‍വീദിന്റെ ഘടകങ്ങള്‍ അഞ്ചെണ്ണമാകുന്നു.
- അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ (മഖ്റജ്) അറിയല്‍.
- അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ (സ്വിഫത്ത്) അറിയല്‍.
- പുതുതായി വരുന്ന നിയമങ്ങള്‍ അറിയല്‍.
- നിരന്തരമായ പരിശീലനം.
- ഗുരുമുഖത്ത് നിന്നും പഠിക്കല്‍.
മഖ്റജുകള്‍ ( അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം)
ആകെ അഞ്ച് സ്ഥലങ്ങളില്‍ നിന്നും പതിനേഴ് മഖ്റജുകളാണ് ഉള്ളത്.
- വായയുടെ ഉള്‍ഭാഗം
- തൊണ്ട
- നാവ്
- രണ്ട് ചുണ്ടുകള്‍
- തരിമൂക്ക്.
ഇങ്ങനെ അഞ്ച് സ്ഥലങ്ങളിലെ 17 മഖ്റജുകളില്‍ നിന്നുമായി അറബി അക്ഷരമാലയിലെ 29 അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.
- ا و يവായയുടെ ഉള്‍ഭാഗത്ത് നിന്ന്.
- ء ه തൊണ്ടയുടെ താഴെ നിന്ന്.
- ع ح തൊണ്ടയുടെ മധ്യത്തില്‍ നിന്ന്.
- غ خ തൊണ്ടയുടെ മുകളില്‍ നിന്ന്.
- ق നാവിന്റെ മുരടും മേലെ അണ്ണാക്കും.
- ك ഖാഫിന്റെ അല്പം താഴെ നിന്ന്.
- ج ش ي നാവിന്റെ മധ്യവും അതിനോട് നേരിടുന്ന മേലെ അണ്ണാക്കും.
- ض നാവിന്റെ രണ്ടാലൊരു ഭാഗവും അണപ്പല്ലുകളും
- ل നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (പല്ലുമായി അല്പം അകന്ന്).
- ن നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (ലാമിന്‍റെ താഴെ പല്ലുമായി അടുത്ത്).
- ر നാവിന്റെ തലയുടെ മുതുകും മേലെ മുന്‍പല്ലുകളുടെ ഊനും.
- ط د ت നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ മുരടും.
- ص ز س നാവിന്റെ തലയും താഴെയും മേലെയുമുള്ള മുന്‍പല്ലുകളുടെ ഇടയും.
- ظ ذ ث നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ താഴെ അറ്റവും.
- ف താഴെ ചുണ്ടിന്റെ ഉള്‍ഭാഗവും മേലെ മുന്‍പല്ലുകളുടെ താഴെ തലയും.
- و ب م രണ്ട് ചുണ്ടുകളുടെ ഇട.
- ن م തരിമൂക്ക് (മണിക്കുമ്പോള്‍മാത്രം)
സ്വിഫാത്തുല്‍ ഹുറൂഫ്
വിപരീതമുള്ള വിശേഷണങ്ങള്‍
-
ജഹ്‌റ് * ഹംസ്
ജഹ്‌റ് : മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.
മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.
ع ظ م و ز ن ق ا رء ذ ي غ ض ج د ط ل ب
ഹംസ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ ശ്വാസം നടക്കല്‍.
ف ح ث ه ش خ ص س ك ت -
ശിദ്ദത് * രിഖ്‌വ് * തവസ്സ്വുത്വ്
ശിദ്ദത് : മഖ്‌റജില്‍ പൂര്‍ണ്ണ ശക്തിയോടെ ഊന്നുന്നതിനാല്‍ ശബ്ദം നടക്കാതിരിക്കല്‍.
أ ج د ق ط ب ك ت
രിഖ്‌വ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ മൃദുവായി ശബ്ദം നടക്കല്‍.
خ ذ غ ث ح ظ ف ض ش و ص ز ي س ا ه
തവസ്സ്വുത്വ് : മഖ്‌റജില്‍ കൂടുതല്‍ ഊന്നാതെ ഉച്ചരിക്കുന്നതിനാല്‍ മിതമായ ശബ്ദം നടക്കല്‍.
ل ن ع م ر -
ഇസ്തിഅ്‌ലാഅ് * ഇസ്തിഫാല്‍
ഇസ്തിഅ്‌ലാഅ് : നാവ് അണ്ണാക്കിലേക്ക് ഉയരല്‍.
خ ص ض غ ط ق ظ
ഇസ്തിഫാല്‍ : നാവ് അണ്ണാക്കിലേക്ക് ഉയരാതെ താഴ്ന്നിരിക്കല്‍.
ث ب ت ع ز م ن ي ج و د ح ر ف ه أ ذ س ل ش ك
-
ഇത്വ് ബാഖ് * ഇന്‍ഫിതാഹ്്‍
ഇത്വ് ബാഖ് : നാവിന്റെ മദ്ധ്യഭാഗം അണ്ണാക്കുമായി ചേരല്‍.്‍
ص ض ط ظ
ഇന്‍ഫിതാഹ് : നാവ് അണ്ണാക്കുമായി അകന്നിരിക്കല്‍.്‍
م ن أ خ ذ و ج د س ع ة ف ز ك ا ح ق ل ه ش ر ب غ ي ث്‍
വിപരീതങ്ങളില്ലാത്ത സ്വിഫത്തുകള്‍ :
-
സ്വഫീര്‍ : പക്ഷിസ്വരത്തോട് തുല്യമായ ശബ്ദമുണ്ടാവല്‍.്‍
ص ز ش -
ഖല്‍ഖലത് : സാകിനായാലും ഹര്‍കതുള്ള പോലെ വ്യക്തമാക്കുക. വഖ്ഫില്‍ നന്നായി വെളിവാക്കണം.
ق ط ب ج د -
ലീന്‍ : ഫത്ഹിന്ന് ശേഷം സാകിനായി വന്ന യാഇനെയും വാവിനെയും മയമായി ഉച്ചരിക്കല്‍.
و ي -
ഇന്‍ഹിറാഫ് : സ്വന്തം മഖ്‌റജില്‍ നിന്ന് തെറ്റാനോ നീങ്ങാനോ സാധ്യതയുള്ളത്.
ل ر -
തക്‌രീര്‍ : നാവിന്റെ തല വിറക്കുന്നത്.
ر -
തഫശ്ശീ : ളാഇന്റെ മഖ്‌റജ് വരെ കാറ്റ് പരക്കുന്നത്.
ش -
ഇസ്തിത്വാലത് :മഖ്‌റജില്‍ ശബ്ദം നീളുന്നത്.
ض
തന്‍വീനിന്റെയും സാകിനായ നൂനിന്റെയും വിധികള്‍
തന്‍വീന്‍- എഴുത്തിലും വഖ്ഫ് ചെയ്യുമ്പോഴും കൊഴിഞ്ഞ് പോകുകയും കൂട്ടി ഉച്ചരിക്കുന്ന അവസരത്തില്‍ നാമങ്ങളുടെ അവസാനത്തില്‍ സ്ഥിരപ്പെടുന്നതുമായ സാഇദയായ സുകൂനുള്ള നൂനാണ് തന്‍വീന്‍.
തന്‍വീനിന്റെയും സാകിനായ നൂനിന്റെയും ശേഷം സംഭവിക്കുന്ന അക്ഷരങ്ങളെ ആസ്പദമാക്കി ഇവക്ക് നാല് വിധികളാണ് ഉള്ളത്.
- ഇള്ഹാര്‍
- ഇദ്ഗാം
- ഇഖ്‍ലാബ്
- ഇഖ്ഫാഅ്
ഇള്ഹാര്‍
ഇള്ഹാര്‍ എന്നാല്‍ വെളിവാക്കി ഉച്ചരിക്കുക എന്നാണ് അര്‍ത്ഥം. തന്‍വീനിന്റെയോ സാകിനായ നൂനിന്റെയോ ശേഷം ഹല്‍ഖില്‍ (തൊണ്ട) നിന്ന് പുറപ്പെടുന്ന ء ه ع ح غ خ എന്നീ അക്ഷരങ്ങളില്‍ പെട്ട ഒന്നാണെങ്കില്‍ ഇവയെ നാവിന്റെ തല ഊനില്‍ വെച്ച് മണിക്കാതെ വ്യക്തമായി ഉച്ചരിക്കണം. ഇതിന് ഇള്ഹാര്‍ എന്ന് പറയുന്നു.
ഉദാഹരണം. من آمن, من هاجر, من عسل, من حكيم, من غير سوء, من خير فقير.
ഇഖ്‍ലാബ്
ഇഖ്‍ലാബ് എന്ന് പറഞ്ഞാല്‍ മറിക്കുക എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം بവന്നാല്‍ ഇവയെ മീമായി മറിച്ച് ഗുന്നത്തോട് കൂടി ഉച്ചരിക്കണം.
ഉദാഹരണം. من بين أيديهم. عليم بذات الصدور
ഇദ്ഗാം
ഇദ്ഗാം എന്നാല്‍ പ്രവേശിപ്പിക്കല്‍ എന്നാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي ر م ل و ن യില്‍ പെട്ട ഏതക്ഷരം വന്നാലും ആ അക്ഷരത്തിലേക്ക് ചേര്‍ത്തി ഇദ്ഗാം ചെയ്യണം.
ഇദ്ഗാം രണ്ട് ഇനമാണ്. ഗുന്നത്തോട് കൂടെയുള്ള ഇദ്ഗാമും (ഇദ്ഗാം ബി ഗുന്ന), ഗുന്നത്ത് ഇല്ലാതെയുള്ള ഇദ്ഗാമും (ഇദ്ഗാം ബിലാഗുന്ന).
ل ر എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്ത് ഇല്ലാതെയാണ് ഇദ്ഗാം ചെയ്യേണ്ടത്.
ഉദാഹരണം. من لدنه, من ربهم,
ن و م ي എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്തോട് കൂടെ ഇദ്ഗാം ചെയ്യണം.
ഉദാഹരണം. من يظلم, من ناصرين, من مرقدنا, من وجد,
ഇഖ്ഫാഅ്
ഇഖ്ഫാഅ് എന്നാല്‍ മറച്ച് വെക്കല്‍, അവ്യക്തമാക്കല്‍ എന്നൊക്കെയാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം മുകളില്‍ പറയപ്പെടാത്ത അറബി അക്ഷരമാലയിലെ ബാക്കി പതിനഞ്ച് അക്ഷരങ്ങള്‍ വന്നാല്‍ അവയെ മറച്ച് മണിച്ച് കൊണ്ട് ഉച്ചരിക്കണം.
ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍. ص ذ ث ج ش ق س ك ض ظ ز ت د ط ف
ഉദാഹരണം, ينصركم, منذر, منثور, أنجيناكم.
സാകിനായ മീമിന്റെ വിധികള്‍
സാകിനായ മീമിന് ശേഷം വരുന്ന അക്ഷരങ്ങള്‍ ആസ്പദമാക്കി സാകിനായ മീമിന് മൂന്ന് വിധികള്‍ വരുന്നതാണ്.
- ഇദ്ഗാം ബി ഗുന്ന
- ഇഖ്ഫാഅ്
- ഇള്ഹാര്‍
ഇദ്ഗാം
സാകിനായ മീമിന് ശേഷം ഹര്‍കത്തുള്ള മീം വന്നാല്‍ ഒന്നാമത്തെ മീമിനെ രണ്ടാമത്തെ മീമില്‍ ചേര്‍ത്തി ഗുന്നത്തോട് കൂടി ഉച്ചരിക്കണം.
ഉദാഹരണം. كم من فئة , المص
ഇഖ്ഫാഅ്
സാകിനായ മീമിന് ശേഷം ബാഅ് വന്നാല്‍ മീമിനെ ഗുന്നത്തോട് കൂടെ ഇഖ്ഫാഅ് ചെയ്യണം.
ഉദാഹരണം. أم بظاهر. ومن يعتصم بالله.
ഇള്ഹാര്‍
സാകിനായ മീമിന് ശേഷം മീമോ ബാഓ അല്ലാത്ത ഏത് അക്ഷരങ്ങള്‍ വന്നാലും മീമിനെ മണിക്കാതെ ഉച്ചരിക്കണം.
ഉദാഹരണം. و خلقناكم أزواجا. فهم فيها. أموالهم.
തഫ്ഖീമും തര്‍ഖീഖും
അറബീ അക്ഷരങ്ങള്‍ക്ക് കനപ്പിക്കുക, നേര്‍പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ട്. നാവ് ഉയര്‍ത്തിക്കൊണ്ട് കനപ്പിക്കലും നാവ് താഴ്ത്തല്‍ കൊണ്ട് നേര്‍പിക്കലും സംഭവിക്കുന്നു. കനപ്പിക്കുന്നതിന് തഫ്ഖീം എന്നും നേര്‍പിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു.
റാഇന്റെ തഫ്ഖീമും തര്‍ഖീഖും
റാഇന്റെ ഹര്‍കതുകളും റാഇന് സുകൂനാണെങ്കില്‍ അതിന്റെ മുമ്പുള്ള ഹര്‍കതുകളും അതിന്റെ ശേഷം വന്ന ഹര്‍ഫുകളെയും പരിഗണിച്ച് കൊണ്ടാണ് തഫ്ഖീം ചെയ്യണോ തര്‍ഖീഖ് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്.
അഞ്ച് അവസ്ഥകളില്‍ റാഇന് തഫ്ഖീം (കനപ്പിക്കല്‍) ചെയ്യപ്പെടണം.
- റാഇന്റെ ഹര്‍കത് ഫത്‌ഹോ ളമ്മോ ആവുക.
- റാഇന് സുകൂനാണെങ്കില്‍ അതിന് മുമ്പുള്ള ഹര്‍ഫിന് ഫത്‌ഹോ ളമ്മോ ആവുക.
- സാകിനായ റാഇന് മുമ്പുള്ള കസ്‌റ് താല്‍കാലികമാവുകയോ, കസ്‌റുള്ള അക്ഷരവും സുകൂനുള്ള റാഉം രണ്ട് പദത്തിലായി വരികയോ ചെയ്യുക.
- സാകിനായ റാഇന്റെ മുമ്പുള്ള കസ്‌റ് അസ്വ്‌ലിയ്യും റാഇന് ശേഷമുള്ളത് കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ ഹര്‍ഫും ആകുക.
- ഫത്ഹിന്റെയോ, ളമ്മിന്റെയോ ശേഷം സാകിനായ യാഅ് അല്ലാത്ത അക്ഷരത്തിന് ശേഷം വഖ്ഫിന് വേണ്ടി റാഇന് സുകൂന്‍ വരിക.
നാല് അവസ്ഥകളില്‍ റാഇന് തര്‍ഖീഖ് (നേര്‍പ്പിക്കല്‍) ചെയ്യപ്പെടണം.
- റാഇന്റെ ഹര്‍കത് കസ്‌റാകുക.
- സ്ഥിരമായ കസ്‌റ് ഉള്ള അക്ഷരത്തിന് ശേഷം റാഅ് സാകിനായി, റാഇന് ശേഷം കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ അക്ഷരം ഇല്ലാതെ വരല്‍.
- സാകിനായ റാഇന് മുമ്പ് സാകിനായ യാഅ് ഉണ്ടാവുക.
- സാകിനായ റാഇന് മുമ്പുള്ളതിന്റെ മുമ്പുള്ള ഹര്‍ഫിന് കസ്‌റ് ആകുക.
ഇദ്ഗാം
സുകൂനുള്ള ഒരക്ഷരത്തെ ഹര്‍കത്തുള്ള അക്ഷരത്തില്‍ ചേര്‍ത്തി ശദ്ദോട് കൂടി ഒരക്ഷരമായി ഉച്ചരിക്കുന്നതിന് ഇദ്ഗാം എന്ന് പറയുന്നു. ഒരു പോലോത്ത രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ഉച്ചരിക്കുന്നതിന് മുതമാസിലൈനി എന്നും, ഒരേ മഖ്‌റജില്‍ നിന്നും പുറപ്പെടുന്ന വ്യത്യസ്തമായ രണ്ടക്ഷരങ്ങള്‍ കൂട്ടി ഉച്ചരിക്കുന്നതിന് മുതജാനിസൈനി എന്നും പറയുന്നു.
മഖ്‌റജില്‍ അടുപ്പമുള്ളതോ കൂടുതല്‍ സ്വിഫത്തുകളില്‍ യോജിപ്പുള്ളതോ ആയ ഹര്‍ഫുകളെ മുതഖാരിബൈനി എന്ന് പറയുന്നു. എന്നാല്‍ മുതഖാരിബൈനിയും മുതജാനിസൈനിയും ആയ ഹല്‍ഖിന്റെ ഹര്‍ഫുകളെ ഇദ്ഗാം ചെയ്യുന്നതല്ല. അതുപോലെ മദ്ദിന്റെ അക്ഷരങ്ങളായ യാഇനെയും വാവിനെയും ഇദ്ഗാം ചെയ്യപ്പെടുകയില്ല, ചെയ്താല്‍ മദ്ദ് ഇല്ലാതെയാകും.
മദ്ദ്
ഫത്ഹിനെ അലിഫ് കൊണ്ടും കസ്‌റിനെ സാകിനായ യാഅ് കൊണ്ടും ളമ്മിനെ സാകിനായ വാവ് കൊണ്ടും നീട്ടുന്നതിന് മദ്ദ് എന്ന് പറയുന്നു. മദ്ദ് രണ്ട് വിധമാണ്-
- മദ്ദ് അസ്വ്‌ലിയ്യ്
- മദ്ദ് ഫര്‍ഇയ്യ്
മദ്ദക്ഷരങ്ങളായ അലിഫ്, വാവ്, യാഅ് എന്നിവയെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ മാത്രം ആവശ്യമായ ഒരു മിതമായ നീട്ടലിന്ന് അസ്വ്‌ലിയ്യായ മദ്ദ് എന്ന് പറയുന്നു. ഇതിന് മദ്ദ് ത്വബഇയ്യ് എന്നും പേരുണ്ട്.
ചില കാരണങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ നീട്ടുന്നതിന് ഫര്‍ഇയ്യായ മദ്ദ് എന്ന് പറയുന്നു.
കൂടുതല്‍ നീട്ടേണ്ട കാരണങ്ങള്‍ മദ്ദക്ഷരത്തിന് ശേഷം ഹംസോ സുകൂനോ ഉണ്ടാവലാണ്.
മദ്ദ് ഫര്‍ഇയ്യ് 5 വിധമാണ്,
- മദ്ദ് മുത്തസ്വില്‍ : മദ്ദക്ഷരത്തിന് ശേഷം അതേ കലിമത്തില്‍ തന്നെ ഹംസ് വരുന്നത്. ഇവിടെ 7 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.
- മദ്ദ് മുന്‍ഫസ്വില്‍ : ഒരു പദത്തിന്റെ അവസരത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ തുടക്കത്തില്‍ ഹംസും വരുന്നത്. ഇവിടെ 7 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.
- മദ്ദ് ലാസിം : മദ്ദക്ഷരത്തിന്റെയോ ലീനക്ഷരത്തിന്റെയോ ശേഷം അതേ പദത്തില്‍ തന്നെ സുകൂന്‍ സ്ഥിരമായി ഉണ്ടാവുന്നതാണ് മദ്ദ് ലാസിം. ഇവിടെ 6 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.
- മദ്ദ് ആരിള് : മദ്ദക്ഷരത്തിന് ശേഷമുള്ള അക്ഷരത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മദ്ദാണിത്. ഇവിടെ 6 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.
- മദ്ദ് ലീന്‍ : വഖ്ഫ് ചെയ്യുന്നത് ലീനക്ഷരത്തിന് ശേഷമാണെങ്കില്‍ അതിന് മദ്ദ് ലീന്‍ എന്നു പറയുന്നു. ഇവിടെ രണ്ടോ, നാലോ, ആറോ ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണെങ്കിലും രണ്ട് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടലാണ് നല്ലത്.
വഖ്ഫ്
ഓതിക്കൊണ്ടിരിക്കേ ശ്വാസം വിടാന്‍ വേണ്ടി കലിമത്തുകളുടെ അവസാനത്തില്‍ നിര്‍ത്തുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത്.
വഖ്ഫിന്റെ അടയാളങ്ങളും വിധികളും:
- م വഖ്ഫ് ചെയ്യല്‍ നിര്‍ബന്ധം
- لا വഖ്ഫ് ചെയ്യരുത്
- ط വഖ്ഫ് ചെയ്യലാണ് ഉത്തമം
- قلى വഖ്ഫ് ചെയ്യലാണ് ഏറ്റവും ഉത്തമം
- صلى ചേര്‍ത്തി ഓതലാണ് ഉത്തമം
- ج വഖ്ഫ് ചെയ്തും, ചേര്‍ത്തിയും ഓതാം
- രണ്ടാലൊരിടത്ത് വഖ്ഫ് ചെയ്യാം
- O ആയത്ത് അവസാനിച്ചിരിക്കുന്നു.