ഖുര്‍ആന്‍: ധിഷണയുടെ ഇസ്ലാമിക വഴി
02 October 2011
''ഇത് നിന്റെ രക്ഷിതാവിന്റെ നേരായ മാര്‍ഗമാണ്. ചിന്തിക്കുന്ന ആളുകള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിരിക്കുന്നു.'' (6:126)
''വാക്ക് ശ്രദ്ധിച്ചുകേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലതിനെ ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് (നീ സന്തേഷവാര്‍ത്ത അറിയിക്കുക.) അവര്‍ക്കാണ് അല്ലാഹു മാര്‍ഗ ദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍തന്നെയാണ് ബുദ്ധിമാന്മാരും.'' (39:18)
സാധാരണ ജീവിതത്തില്‍ നിസ്സാരമായി കാണുന്നതും എന്നാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ചില കാര്യങ്ങളെ കുറിച്ച് വായനക്കാരെ ചിന്തിപ്പിക്കലാണ് ഈ എഴുത്തിന്റെ മുഖ്യലക്ഷ്യം. അതുകൊണ്ടുതന്നെ, തങ്ങള്‍ ഇതുവരെ പരിപൂര്‍ണ്ണമെന്ന് മനസ്സിലാക്കിവെച്ച എല്ലാ വസ്തുക്കളെയും കുറിച്ച മുന്‍ധാരണകള്‍ ഒരു നിമിഷത്തേക്ക് മാറ്റിവെക്കേണ്ടതായിട്ടുണ്ട്.
കാരണം, മുന്ധാരണയോടുകൂടി നാം ഒരു വസ്തുവിനെ സമീപിക്കുമ്പോള്‍ അതിലൂടെ ആരോഗ്യകരമായൊരു തീരുമാനത്തിലെത്താന്‍ സാധിക്കുകയില്ലായെന്നത് വസ്തുതയാണ്. ഏതൊരു കാര്യവും നല്ലതായി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതെപ്പോഴും നല്ലത് തന്നെയായിരിക്കും. അതേസമയം, ഒരു കാര്യം ചീത്തയായി കാണാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ കണ്ണില്‍ അതെപ്പോഴും ചീത്തയുമായിരിക്കും.
മുന്‍ധാരണകളും മുന്‍വിധികളും അപൂര്‍വമായി വ്യക്തികളില്‍ രൂപപ്പെട്ടുവരുന്നതാണെന്നാണ് പറഞ്ഞുവരുന്നത്. തന്റെ ജീവിതത്തിന്റെ പ്രാരംഭ കാലം മുതല്‍തന്നെ സമൂഹത്തില്‍നിന്നും അവനിലേക്ക് അസംഖ്യം മുന്‍വിധികള്‍ക്ക് വഴിയൊരുങ്ങുന്നുണ്ട്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് ഇവിടെ അവനിലെ ഉള്‍പ്രേരണകളെ തീരുമാനിക്കുക. വിശിഷ്യാ, മീഡിയകള്‍ ചില വസ്തുക്കളോടുള്ള മനുഷ്യന്റെ നിലപാട് നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പത്രങ്ങളും ടെലിവിഷനുകളും സത്യത്തെ സത്യമായി പരിചയപ്പെടുത്തുന്നതിന് പകരം അസത്യത്തെ ആകര്‍ഷകമായി പൊലിപ്പിച്ചുകാട്ടുകയാണ്.
സമൂഹത്തില്‍ വേര് പിടിച്ച ഇത്തരം മുന്‍ധാരണകള്‍ അപ്പടി വിഴുങ്ങുന്നതോടെ ഓരോരുത്തരുടെയും വ്യക്തിത്വത്തിന്റെ വലിയൊരു ഭാഗമാണ് നഷ്ടപ്പെടുന്നത്. തങ്ങളുടെ സ്വന്തം ചിന്തയെ പ്രവര്ത്തിപ്പിക്കുന്നതിനു പകരം മറ്റുള്ളവരെ ആശ്രയിക്കുകയാണിവിടെ. ഇവിടെ മറ്റുള്ളവരുടെ മുന്‍ധാരണകള്‍ തങ്ങളുടെ സ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുന്ന അവസ്ഥ വരുന്നു. അവര്‍ സത്യമായി കാണുന്നതെന്തോ അവയെ മാത്രം സത്യമായി കാണേണ്ടിവരുന്നു. എന്തിനേറെ പറയണം, വ്യത്യസ്ത സാംസ്കാരിക പൈതൃകമുള്ള വിവിധ സമുഹങ്ങളുടെ സത്യാസത്യവിവേചനത്തിന്റെ അടിസ്ഥാനം പരിശോധിക്കുമ്പോള്‍ അവരുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡം തന്നെ ചോദ്യം ചെയ്യപ്പെടാതെ അവയെ പിന്‍പറ്റാന്‍ സാധിക്കില്ലായെന്നാണ് മനസ്സിലാക്കാന്‍ കഴിയുക. അതേ സമയം, ഇന്ന് തള്ളാന്‍ മാനദണ്ഡമായി കണ്ടതിനെ ഒരുപക്ഷെ, നാളെ കൊള്ളാനുള്ള മാനദണ്ഡമായി പരിഗണിക്കാനും സാധ്യതയുണ്ട്. നരഭോജികളെ സംബന്ധിച്ചിടത്തോളം മനുഷ്യമാംസം ഭക്ഷിക്കുകയെന്നത് വിഷയമല്ലാത്ത കാര്യമാണ്. നാസീ ജര്‍മനി പോലോത്ത ഫാസിസ്റ്റ് സമൂഹങ്ങളില്‍ അനുയായികള്‍ ക്രൂരമായ അനുയായികളെ അംഗീകരിക്കണമെന്നതും സ്ഥാപിത സത്യമാണ്. ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. അതേസമയം, സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ച് സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുകയെന്നതാണ് ഒരു ചിന്തകന്റെ പ്രധാന കഴിവ്. ഇത്തരത്തിലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അവന് സമൂഹം മുന്നോട്ടുവെക്കുന്ന 'മൂല്യങ്ങളെ' കുറിച്ച് അതീവ ബോധവാനും അവ സ്വീകരിച്ചാല്‍ വിജയമാണോ അതോ ധാര്‍മിക പതനമാണോ സംഭവിക്കുകയെന്നതില്‍ സൂക്ഷ്മ ചിന്താലുവുമായിരിക്കും.
മതമെന്നത്, ഇന്ന് പ്രത്യേകിച്ചും സമൂഹത്തിനിടയില്‍ വിവിധ തരം മുന്‍ധാരണകളുള്ള വിഷയമാണ്. മറികടക്കല്‍ പ്രയാസമാകുംവിധം ഇത്രമാത്രം മുന്‍ധാരണകള്‍ വര്‍ധിച്ചുവരുന്നതില്‍ മീഡിയകളുടെ സ്വാധീനം തന്നെയാണ് വലിയൊരു അളവ്.
സമൂഹത്തിലെ ഇത്തരം മുന്‍ധാരണകളുടെ അനന്തരഫലമെന്നോണം മതം പരിഗണിക്കേണ്ടാത്തവിധം അപ്രസക്തവും പരമാവധി അകന്നുനില്‍ക്കേണ്ടതുമായ സങ്കല്പമായി മാറിയിട്ടുണ്ട് ജനങ്ങള്‍ക്കടുത്ത്. മതത്തിന് ഇത്തരമൊരു നിര്‍വചനം നല്കുന്നവര് ഒരിക്കലും ആത്മാര്‍ത്ഥതയോടെയല്ല ഇത് കല്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ട് യാതൊരു ഉപകാരവും കിട്ടുന്നില്ല എന്നതാണ് അവര്‍ക്ക് മുമ്പില്‍ മതം അപ്രസക്തമാകാന്‍ കാരണം. നേരെമറിച്ച്, മതം മനുഷ്യന്റെ മുമ്പില്‍ അനവധി നിയന്ത്രണങ്ങള്‍ വെക്കുകയാണ് ചെയ്യുന്നത്. മതം ജീവിതത്തില്‍ അപ്രസക്തമാണെന്ന് പറയുമ്പോഴും ഇതേ വീക്ഷണവുമായി നടക്കുന്നവര്‍ തന്നെ താനൊരു മുസ്ലിമാണെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്യുന്നു.
സത്യം പറഞ്ഞാല്‍, ഇത്തരമാളുകള്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും മതത്തെക്കുറിച്ച് വേണ്ടപോലെ ചിന്തിച്ചിട്ടില്ലായെന്നതാണ് വസ്തുത. അതുപോലെത്തന്നെ ജീവിത ലക്ഷ്യമെന്താണെന്നും മതത്തിന്റെ ആവശ്യകത എന്താണെന്നും താനെന്തിനുവേണ്ടി ജീവിക്കുന്നുവെന്നും അവര്‍ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം മതം വൃദ്ധന്മാരുമായി മാത്രം ബന്ധപ്പെട്ട ചില കാര്യങ്ങളും ബോറടിപ്പിക്കുന്ന ചില ആത്മീയ കാര്യങ്ങളും പരുഷമായ ചില നിരോധനകളുമാണ്. ഒഴിവുദിവസങ്ങളിലെ ആഘോഷ നാളുകളിലോ വല്ല അടുത്ത ബന്ധുക്കള്‍ മരിക്കുമ്പോഴോ മാത്രം പള്ളിയില്പോയി പരിചയമുള്ള ഇവര്‍ പറയുന്നത് ആരാധനകള്‍ കുറച്ചൊക്കെ ആവശ്യമുള്ളതാണെന്നും ബാക്കിയുള്ളതെല്ലാം പഴഞ്ചനും പ്രാകൃതവുമാണെന്നുമാണ്. മതത്തെ പൂര്‍ണമായും നിഷേധിക്കുന്നില്ലെന്നും ഇവര്‍ നാം നേരത്തെ സൂചിപ്പിച്ചപോലെ മതത്തില്‍ നിന്നും പരമാവധി അകന്നു നില്‍ക്കാനാണ് ശ്രമിക്കുന്നത്.
യാതൊരുവിധ അന്വേഷണങ്ങളും കൂടാതെ സമൂഹത്തില്‍നിന്നും മുന്‍ധാരണകളെ അപ്പടി സ്വീകരിച്ചതാണ് മതത്തെകുറിച്ച് ഇത്രമാത്രം തെറ്റിദ്ധാരണകള്‍ ഉടലെടുക്കാന്‍ കാരണം. മനുഷ്യനെ സംബന്ധിച്ചിത്തോളം ജീവിതത്തിന്റെ വിവിധ തലങ്ങളെ കുറിച്ച ആഴത്തിലുള്ള ചിന്തയാണ് മനുഷ്യനെ മൃഗത്തില്‍നിന്നും വ്യതിരിക്തമാക്കുന്നതും.
വിശുദ്ധ ഖുര്‍ആന്‍ ചിന്തയുടെ പ്രാധാന്യം പലയിടങ്ങളിലായി വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചില സൂക്തങ്ങള്‍ ഇങ്ങനെയാണ്:
''(നബിയേ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്, നിങ്ങള്‍ക്കറിയുമോ? അവര്‍ പറയും: അല്ലാഹുവിന്റെതാണ്. അങ്ങ് പറയുക: എന്നിട്ടും നിങ്ങളെന്താണ് ചിന്തിച്ചുമനസ്സിലാക്കാത്തത്?'' (23: 84-85)
''ഖുര്‍ആനിനെ നാം ചിന്തിച്ചുമനസ്സിലാക്കാനായി എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നിട്ടും ആരാണ് ചിന്തിച്ചുമനസിലാക്കാന് തയാറുള്ളത്?'' (54:17)
''അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ എന്താണ് ചിന്തിക്കാത്തത്?'' (10:3)
''സൃഷ്ടിക്കുന്നവന് സൃഷ്ടിക്കാത്തവനെപോലെയാണോ? (നിങ്ങളെന്താണ് ചിന്തിച്ച് മനസ്സിലാക്കാത്തത്?) (16:17)
സമൂഹത്തിന്റെ സ്ഥാപിത വലയത്തില്‍ നിന്നും സ്വതന്ത്രമായി മതത്തെകുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരെ സംബന്ധിച്ചിടത്തോളം വലിയ രണ്ട് അബദ്ധങ്ങള്‍ പിണഞ്ഞിരിക്കുന്നു അവര്‍ക്ക്. മതത്തിന്റെ യഥാര്‍ഥ ലക്ഷ്യം മനസ്സിലാക്കാതെ പോയി എന്നതാണ് അതിലൊന്ന്. മതത്തെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടുതന്നെ അവര്‍ക്ക് അല്ലാഹുവിനെ കുറിച്ചും അറിയാതെ പോയി.
മതം മനുഷ്യനെ സംഘര്‍ഷങ്ങളിലേക്കും സമ്മര്‍ദ്ദങ്ങളിലേക്കും വരിഞ്ഞുമുറുക്കുന്നുവെന്നും ഉത്തരവാദിത്തങ്ങളില്‍ ഒതുക്കിനിര്ത്തുന്നുവെന്നുമുള്ള തെറ്റിദ്ധാരണയാമ് രണ്ടാമത്തെത്. 'മതം മടുപ്പിക്കുന്നതാണെന്ന' ഒരു തരം രോഗചിന്താഗതിതന്നെ നാം നേരത്തെ സൂചിപ്പിച്ചപോലെ അല്ലാഹുവിന്റെ പേരില്‍ രംഗത്തിറക്കിയ ചിലയാളുകളിലാണ് കൂടുതലായും നാം കണ്ടുവരുന്നത്.ഡോ ഇതില്‍ ഒന്നാമത്തെ പിശക് തിരുത്തുകയും അങ്ങനെ സ്രഷ്ടാവിനെയും അവന്റെ വിശേഷണങ്ങളെയും തിരിച്ചറിയുകയും ചെയ്താല്‍ സ്വാഭാവികമായും അവനെ മതത്തില്‍നിന്നും അകറ്റി നിര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഒഴിഞ്ഞുപോകുന്നതാണ്. ഒന്നാമത്തെ പിശക് ശരിയാകുമ്പോള്‍ സ്വാഭാവികമായും രണ്ടാമത്തെ പിശക് ശരിയാകാനും അതു വഴിയൊരുക്കുന്നു. അങ്ങനെ അസത്യമായ മതരൂപത്തില്നിന്നും ശരിയായ മതം തെരഞ്ഞെടുക്കാന്‍ അവന് കഴിവുണ്ടാകുന്നു. അവസാനമായി മതംതന്നെയാണ് സന്തോഷപ്രദവും സുഖപ്രദവുമായ ജീവിതത്തിന് അനുയോജ്യമെന്നും അവിടെത്തന്നെയാണ് പൂര്‍ണ്ണ ജീവിത സ്വാതന്ത്ര്യമെന്നും അവര്‍ തിരിച്ചറിയുന്നു.
ചുരുക്കത്തില്‍, നാം ജീവിക്കുന്ന സമൂഹം മതത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളാണ് വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ, ഇത്തരമൊരു സാഹചര്യത്തില്‍ മതത്തെ സമീപിക്കുമ്പോള്‍ ജനങ്ങളുടെ സംസാരങ്ങളിലപ്പുറം വിശുദ്ധ ഖുര്‍ആനിനെ മാനദണ്ഡമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഈ വിശുദ്ധ സൂക്തത്തിലൂടെ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന 'ഭൂമിയിലെ അധികമാളുകളുടെയും പാത' നമ്മെ ഒരിക്കലും അല്ലാഹുവിലേക്ക് എത്തിക്കുന്നതല്ല.
''ഭൂമിയിലെ അധികമാളുകളുടെയും പാത പിന്‍പറ്റുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് നിന്നെ അവന് തെറ്റിച്ച് കളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. നിശ്ചയം അവര്‍ കളവ് പറയുന്നവരാകുന്നു.'' (6:116)
ഒരാള്‍ അന്ധമായ സമൂഹാനുകരണത്തെ നിര്‍ത്തിവെക്കുകയും അതേസമയം, സ്വന്തമായി ചിന്തിച്ച് പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ ഈ സൂക്തത്തില്‍ സൂചിപ്പിച്ച വസ്തുത ശരിക്കും സത്യമായി ബോധ്യപ്പെടുന്നതാണ്. അങ്ങനെ അവന് സമൂഹത്തിലെ 'അധികമാളുകളും ' നിരന്നുനില്ക്കുന്ന പ്ലാറ്റ്ഫോമില്‍നിന്നും മറ്റൊന്നിലേക്ക് മാറിച്ചവിട്ടുന്നു. ഈ പുതിയ പാത അന്ധകാര സംഭ്രമാദികളെ അവനില്‍നിന്നും അകറ്റി നിറുത്തുകയും മതത്തിന്റെ അനുഗ്രഹ പൂര്‍ണ്ണമായൊരു ചിന്താലോകം അവനുമുമ്പില്‍ കൊണ്ടുവരികയും ചെയ്യുന്നതാണ്.
ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. മതമെന്നാല്‍ ഇവിടെ അതിന്റെ വിവക്ഷ ഇസ്ലാമെന്നതാണ്. അല്ലാഹുവിന്റെ അടുത്ത് മതമെന്നാല്‍ വിശുദ്ധ ഇസ്ലാം മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. (3:19)
(ആര്‍ട്ടിക്കിള്‍സ് ഓഫ് ഹാറൂന്‍ യഹ്യ: harunyahya.com)