മനുഷ്യവര്‍ഗത്തിന്റെ സന്മാര്‍ഗ ദര്‍ശനത്തിനായി സര്‍വ്വ ശക്തനായ അല്ലാഹു അവതരിപ്പിച്ച അമൂല്യവും അതുല്യവുമായ ഗ്രന്ഥമാണ് ഖുര്‍ആന്‍. സത്യപ്രവാചകനായ മുഹമ്മദ് നബിയുടെ സംഭവബഹുലമായ 23വര്‍ഷത്തെ ജീവിതത്തിനിടയില്‍ അവതീര്‍ണമായ ഈ പരിശുദ്ധ ഗ്രന്ഥം അന്നുമുതല്‍ ഇന്നുവരെ മനുഷ്യകരങ്ങളുടെ കൈയേറ്റത്തിന് വിധേയമാവാതെ സുരക്ഷിതമായി നിലനില്‍ക്കുന്നു. അന്ത്യനാള്‍വരെ അത് അപ്രകാരം സുരക്ഷിതമായി സംരംക്ഷിക്കപ്പെടുമെന്ന് അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യസമുദായത്തിന്റെ എക്കാലത്തെ ആവശ്യവും പ്രശ്‌നവും നേരിടാന്‍ ഉതകുന്നുവെന്നത് അതിന്റെ സവിശേഷതയാണ്. മുസന്‍മാനെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ പിന്തുണയില്ലാത്ത ഒരു പരിഹാരവും പരിഹാരമല്ല. മറ്റുള്ളവര്‍ യുക്തിപരമായോ സാന്ദര്‍ഭികമായോ ഭൗതികമായോ പരിഹാരം തേടുമ്പോള്‍ മുസ്‌ലിംകള്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ മാത്രം ചിന്തിക്കുന്നു. ചിന്തിക്കേണ്ടതാകുന്നു.
മനുഷ്യന്റെ ജനനംമുതല്‍ മരണംവരെയുള്ള വളര്‍ച്ചയില്‍ സൃഷ്ടിയും സ്രഷ്ടാവുംതമ്മില്‍ അഭേദ്യബന്ധം പുലര്‍ത്താന്‍ സഹായകവും പ്രയോഗവല്‍കരണത്തില്‍ പ്രയാസരഹിതവുമായ ജീവിത വ്യവസ്ഥിതിയാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൈവകല്‍പനകള്‍ അനുസരിച്ച് ആരാധന ചെയ്ത് ദൈവപ്രീതിയും മരണാനന്തര ജീവിത സൗഭാഗ്യവും നേടുകയാണ് മനുഷ്യജീവിത ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള വക്രതയില്ലാത്ത വഴികാട്ടിയാണ് വിശുദ്ധ ഖുര്‍ആന്‍. അന്തിമവും സാര്‍വ്വകാലികവുമായ വേദഗ്രന്ഥമെന്ന നിലക്ക് അതിന്റെ നിലനില്‍പിന്നും പവിത്രതക്കും ഒരു ഭംഗവും വരാതിരിക്കാന്‍ സര്‍വ്വ മുന്‍കരുതലുകളും അല്ലാഹു സ്വീകരിച്ചിരിക്കുന്നു.
നാമാണ് നിങ്ങള്‍ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും. എന്ന ദൈവിക വാഗ്ദാനം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ജനങ്ങള്‍ ദൈനംദിനം അത് പാരായണം ചെയ്യുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ അതിനെ മനപാഠമാക്കുന്നു. ഇത്രയധികം പാരായണം ചെയ്യപ്പെടുകയും ഹൃദിസ്ഥമാക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥം ലോകത്തില്ല. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍, ആയത്തുകള്‍, അക്ഷരങ്ങള്‍, ഹര്‍ക്കത്തുകള്‍ എന്നിവ എണ്ണി ക്ലിപ്തമാക്കപ്പെട്ടിരിക്കുന്നു. കൂടാതെ ഓരോ ആയത്തിന്റെയും അവതരണോദ്ദേശ്യവും സമയവും ദേശവും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിന്റെ പാരായണത്തെ സംബന്ധിച്ച് തജ്‌വീദ് എന്ന വിശയത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, കേരളക്കരയില്‍ അധികപേരും ഈ ശാസ്ത്രശാഖയെ വേണ്ടവിധം ഗൗനിച്ചിട്ടില്ലെന്നത് ഒരു ദു:ഖസത്യമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഈ രംഗത്ത് സന്ദര്‍ഭോചിതം ഉണര്‍ന്നുപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതും തന്നിമിത്തം ധാരാളം ഖാരിഉകള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നുവെന്നതും ഏറെ ശ്ലാഘനീയമായ കാര്യമാണ്. ഖുര്‍ആനിലെ ഓരോ പദത്തിലെയും വ്യത്യസ്തമായ പാരായണരീതിയും ശൈലിയും സവിസ്തരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
പാരായണ രീതികള്‍
ഖുര്‍ആന്‍ പാരായണം വിവിധ രൂപത്തിലും ശൈലിയിലും നിര്‍വ്വഹിക്കപ്പെടാമെന്നത് അതിന്റെ പ്രത്യേകതയാണ്. അക്ഷരാഭ്യാസവും ഗ്രന്ഥപാരായണവും സുപരിചിതമല്ലാതിരുന്ന അറബികളില്‍ പല ഗോത്രങ്ങള്‍ക്കും വിവിധ ഭാഷാശൈലിയും ഉചാരണരൂപവുമാണ് ഉണ്ടായിരുന്നത്. അവര്‍ക്കെല്ലാം തങ്ങളുടെ മാതൃഭാഷാശൈലിയില്‍തന്നെ നബി ഖുര്‍ആന്‍ ഓതിക്കൊടുക്കുകയും അപ്രകാരം അവര്‍ ഓതിയും പഠിച്ചും അതുള്‍ക്കൊള്ളുകയും ചെയ്തു. ഖുര്‍ആന്‍ ഏഴു ശൈലിയില്‍ ഇറക്കപ്പെട്ടുവെന്ന പ്രസിദ്ധ ഹദീസിന്റെ വിവക്ഷ അതാണ്. ഹിസാമുബിന്‍ ഹക്കീം, ഫുര്‍ഖാന്‍ സൂറത്ത് ഓതുന്നത് കേട്ടപ്പോള്‍ അത് തന്റെ ഖിറാഅത്തിനോട് യോജിക്കാത്തതായി ഉമര്‍ (റ) കണ്ടു. അപ്പോള്‍ അദ്ദേഹത്തെ പിടിച്ചു നബിസന്നിധിയില്‍ ഹാജരാക്കി അന്യായപ്പെടുകയുണ്ടായി. എന്നാല്‍, അവര്‍ രണ്ടുപേരുടെയും പാരായണം നബി ശരിവെക്കുകയാണ് ചെയ്തത്. ഈ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്.
നബിയുടെ കാലത്തുതന്നെ ഇപ്രകാരം വ്യത്യസ്തമായ രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന പല സ്വഹാബി വര്യന്മാരും നാടിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വിന്റെ ഭരണ കാലത്ത് ആദര്‍ബൈജാന്‍ എന്ന സ്ഥലത്ത് യുദ്ധത്തിലേര്‍പ്പെട്ടിരുന്ന യോദ്ധാക്കളില്‍ പലരും വിവിധ രൂപത്തിലുള്ള ഖുര്‍ആന്‍ പാരായണം നടത്തിയപ്പോള്‍ അത് അവര്‍ക്കിടയില്‍തന്നെ ചെറിയ തോതി ലുള്ള അനൈക്യത്തിനും എതിര്‍പ്പിനും കാരണമായിത്തീര്‍ന്നു. ഇത് ആപല്‍കരമാണെന്ന് മനസ്സിലാക്കി ഹുദൈഫ (റ) എന്ന സ്വഹാബി ഖലീഫയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ മുസ്‌ലിം സമുദായത്തെ രക്ഷിക്കണം. പൂര്‍വ്വ ഗ്രന്ഥങ്ങളുടെ ആളുകള്‍ തങ്ങളുടെ ഗ്രന്ഥത്തില്‍ വിവിധ പാര്‍ട്ടികളായി ഭിന്നിച്ച് നശിച്ചതുപോലെ മുസ്‌ലിം സമുദായം ഛിന്നഭിന്നമാകുവാന്‍ ഇടവരാതെ അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കി അവരെ നാശത്തില്‍നിന്ന് രക്ഷിക്കണം.
അങ്ങനെ ഖലീഫ സ്വഹാബികലെയെല്ലാം ഒരു നിശ്ചിത ദിവസം മദീനയിലേക്കു ക്ഷണിച്ചു. അന്ന് പന്ത്രണ്ടായിരം സ്വഹാബികള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരെല്ലാം സമ്മേളിച്ചതിനു ശേഷം ഖുര്‍ആന്‍ പാരായണത്തില്‍ മുസ്‌ലിംകള്‍ക്കിടയിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും താഴെ പറയുന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
1. ഒന്നാം ഖലീഫ സിദ്ദീഖ് (റ) എഴുതി സൂക്ഷിച്ച മുസ്ഹഫിന്റെ പല കോപ്പികള്‍ പകര്‍ത്തെടുക്കുക.
2. പ്രധാന മുസ്‌ലിം പട്ടണങ്ങളിലേക്ക് ഓരോ കോപ്പികള്‍ വീതം അയച്ചുകൊടുക്കുക.
3. ആ കോപ്പിയിലുള്ള പ്രകാരമല്ലാതെ ഖുര്‍ആന്‍ ഓതാന്‍ പാടുള്ളതല്ല.
4. ഇവക്കെതിരായി വല്ല കോപ്പിയുമുണ്ടെങ്കില്‍ അവ നശിപ്പിക്കുക.
ഈ തീരുമാനം പന്ത്രണ്ടായിരം സ്വഹാബികളും ഐകകണ്ഠമായി തീരുമാനിച്ചു പ്രഖ്യാപിച്ചു. അനന്തരം ദൈദുബിന്‍ സാബിത് (റ) വിന്റെ നേതൃത്വത്തില്‍ ഒരു സംഘം എഴുത്തുകാരെ നിയമിച്ചുകൊണ്ട് എട്ടു കോപ്പികള്‍ അവര്‍ പകര്‍ത്തിയെടുത്തു. അവര്‍ക്ക് പ്രധാന സ്വഹാബികള്‍ നേതൃത്വം കൊടുക്കുകയും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അനന്തരം ഖുര്‍ആന്‍ മന:പാഠമുള്ള പ്രധാനികളായ സ്വഹാബികളുടെ നേതൃത്വത്തില്‍തന്നെ ഓരോ കോപ്പിയും മക്ക, ബസ്വറ, കൂഫ, സിറിയ, യമന്‍,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് അയക്കുകയും ഒന്ന് മദീനയിലും ഒന്ന് ഖലീഫയുടെ കൈവശവും വെക്കുകയുണ്ടായി.
ഈ പറഞ്ഞ പരിഹാരത്തോടുകൂടി ഖുര്‍ആന്‍ പാരായണ രംഗത്തുണ്ടാകുമായിരുന്ന കുഴപ്പം അവസാനിക്കുകയും ഇസ്‌ലാമിന്റെ ശത്രുക്കള്‍ മുസ്‌ലിം വേഷമണിഞ്ഞ് ഖുര്‍ആന്‍ വികൃതമാക്കി ഓതി ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന എല്ലാ പഴുതുകളും എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുകയും ചെയ്തു. പ്രസ്തുത 8 മുസ്ഹഫുകളും നബിയില്‍നിന്ന് കേട്ടു പഠിച്ച പലവിധ ഖിറാഅത്തുപ്രകാരവും ഓതുവാന്‍ സാധിക്കുന്ന വിധത്തിലാണ് എഴുതപ്പെട്ടിരുന്നത്.
മുസ്ഹഫ് വാഹകന്മാര്‍ ആമിറു ബിന്‍ ഖൈസ്, മുഗീറത്തുബിന്‍ ശിഹാബ്, സൈദ് ബിന്‍ സാബിത്,അബ്ദുല്ലാഹ് ബിന്‍ സാഇബ്, അബൂ അബ്ദിര്‍റഹ്മാന്‍ അസ്സലമി മുതലായ പ്രഗല്‍ഭന്മാരായിരുന്നു. അതതു പ്രദേശത്ത് ഖുര്‍ആന്‍ മന:പാഠമുള്ള ധാരാളം പണ്ഡിതന്മാര്‍ (താബിഉകള്‍) അക്കാലത്തുണ്ട്. അവരെല്ലാം യാതൊരു ഭിന്നിപ്പും കൂടാതെ സ്വാഗതം ചെയ്ത പാരായണമാണ് മേല്‍പറഞ്ഞത് എന്ന കാര്യം പ്രസ്താവ്യമാണ്. അവരുടെ പാരായണം മുമ്പു പറഞ്ഞ പ്രകാരം പരസ്പരം വ്യത്യാസങ്ങളുള്ളതായിരുന്നു.
ഉപര്യുക്ത പണ്ഡിതമഹാരഥന്മാരില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചുപ്രചരിപ്പിച്ച മഹാന്മാരാണ് പില്‍ക്കാലത്ത് പ്രസിദ്ധരായ ഏഴു ഖുര്‍റാഉകള്‍. എന്നാല്‍, പാരായണത്തില്‍ അല്‍പസ്വല്‍പ വ്യത്യാസങ്ങളുണ്ടെങ്കിലും ഖുര്‍ആനിന്റെ തത്ത്വത്തിനോ ആശയത്തിനോ കടുകിട വ്യത്യാസമില്ലായെന്നുള്ളതാണ് അല്‍ഭുതാവഹമായിട്ടുള്ളത്. ഇങ്ങനെയെല്ലാമായിരിക്കെത്തന്നെ അര്‍ത്ഥ സംപുഷ്ടമായ വാക്കുകളാല്‍ വിരചിതമായ അതിന്റെ വാക്യഘടനയും ശൈലിയും അറബി സാഹിത്യസാമ്രാട്ടുകളെ അമ്പരപ്പിക്കുകയും അതിലുള്ളതുപോലെ മറ്റൊരദ്ധ്യായം കൊണ്ടുവരൂ എന്ന വെല്ലുവിളിക്കുമുമ്പില്‍ അവര്‍ മുട്ടുകുത്തുകയും ചെയ്തിരിക്കുന്നു. അതും ഖുര്‍ആന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ ഏഴു ഖാരിഉകള്‍ ഇവരാണ്:
1. നാഫിഅ് ബിന്‍ അബ്ദിര്‍റഹ്മാന്‍ (മദീന)
2. അബ്ദുല്ലാഹ് ബിന്‍ കസീര്‍ (മക്ക)
3. അബൂ അംറ് (ബസറ)
4. അബ്ദുല്ലാഹ് ബിന്‍ ആമിര്‍ (സിറിയ)
5. ആസിം ബിന്‍ അബി ന്നജൂദ് (കൂഫ)
6. സംസ ബിന്‍ അലി (കൂഫ)
7. കിസാഈ (അലി ബിന്‍ ഹംസ) (കൂഫ)
ഈ മഹാന്മാരില്‍ നിന്ന് പരമ്പരാഗതമായും മുതവാത്തിറായും ലഭിച്ച ഖുര്‍ആന്‍ പാരായണമാണ് ഇന്ന് സര്‍വ്വസമ്മതമായി മുസ്‌ലിംലോകം അനുകരിച്ചുവരുന്നത്.