width=

മനുഷ്യ കഴിവുകളില്‍ രൂപപ്പെട്ടുവരാന്‍ കഴിയാത്ത വിധം സമഗ്രവും സമ്പുഷ്ടവുമാണ് വിശുദ്ധ ഖുര്‍ആന്‍.  ഇത് ശരിവെച്ചുകൊണ്ട് അല്ലാഹു പറയുന്നു: നബിയേ, '' പറയുക, ഈ ഖുര്‍ആനിനോട് താദാത്മ്യം പ്രാപിക്കുന്ന മറ്റൊന്ന് കൊണ്ടുവരാന്‍ മനുഷ്യനും ജിന്നുകളും സംഘടിച്ചാല്‍ പോലും അവര്‍ക്ക് സാധിക്കില്ല. ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കിയാല്‍പോലും.'' (17:88)ഈ വിശുദ്ധ വാക്യം ലോകത്തെ ഉല്‍ബോധിപ്പിക്കുന്നത് അതിഗഹനമായൊരു സത്യമാണ്. അഥവാ, രൂപത്തിലും ആകൃതിയിലും വിശുദ്ധ ഖുര്‍ആനിനോട് സാമ്യത പുലര്‍ത്തിയുള്ള വല്ല രചനകളും നടത്താന്‍ പലര്‍ക്കും സാധിച്ചേക്കും. അറുനൂറും എഴുനൂറും പേജുകള്‍ ദൈവാസ്തിക്യത്തെകുറിച്ച് മാത്രമെഴുതാന്‍ പേന കനിഞ്ഞേക്കും. പക്ഷെ, ശൈലിയിലും സാരത്തിലും ഖുര്‍ആനിനോട് സാമ്യത പുലര്‍ത്തുന്ന ഒരു കൊച്ചു സൃഷ്ടി രചിക്കാന്‍ പോലും ഒരാള്‍ക്കും സാധ്യമല്ല. അതിനുള്ള ശ്രമങ്ങള്‍ വൃഥാവിലാവുകയായിരിക്കും ഫലം എന്നല്ലാതെ സമൂഹത്തില്‍ അണു അളവ് പ്രതിഫലനം സൃഷ്ടിക്കാന്‍ അതിന് സാധിക്കില്ല.

വിശുദ്ധ ഖുര്‍ആന്റെ വ്യതിരിക്തമായ ഈ തന്മയത്വത്തിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി, അതിന്റെ സാഹിതീയ ചാതുരി. ഇത് ഇതര രചനകളില്‍ നിന്നും അതിന്റെ തന്മയത്വം തെളിയിച്ച് കാണിക്കുന്നു. രണ്ടാമതായി, നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ പുറത്തുവിട്ട പലതിനോടും ലോകമിന്ന് യോജിപ്പിലെത്തിയിരിക്കുന്നു. അഥവാ, ശാസ്ത്രീയ ദര്‍പണത്തില്‍ അവയുടെ സാധ്യത യാഥാര്‍ഥ്യമായി തെളിഞ്ഞിരിക്കുന്നു. ഇവിടെയും ഖുര്‍ആന്‍ വിസ്മയങ്ങളോടെ വേറിട്ടുനില്‍ക്കുകയാണ്. ഇവ്വിഷയകമായി അല്ലാഹു പറയുന്നു:

''പറയുക: അല്ലാഹുവിന് സ്തുതി, തന്റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നതാണ്. അപ്പോള്‍ നിങ്ങള്‍ക്കവ മനസ്സിലാകും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെ കുറിച്ചും  നിങ്ങളുടെ രക്ഷിതാവ് അശ്രദ്ധനല്ല.'' (27:93)

വിശുദ്ധ ഖുര്‍ആനിലെ ഓരോ പ്രഖ്യാപനങ്ങളും നമ്മുടെ ജീവിതത്തിന്റെ നാനാമേഖലകളിലും പ്രതിധ്വനിക്കുന്നു. പ്രപഞ്ചവും വിശുദ്ധ ഖുര്‍ആനും ദിവ്യശക്തിയുടെ ഫലമാണെന്നറിയാന്‍ ഒരു വിശ്വാസിക്ക് ഇതുതന്നെ ധാരാളമാണ്. അതിനാല്‍, മനുഷ്യ മനസ്സുകള്‍ ഇതിലൂടെ ആവാഹിച്ചെടുത്ത മാനസിക നിലവാരത്തെ പരിഗണിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു:
''അവന്‍ ഖുര്‍ആനെ കുറിച്ച് ചിന്തിക്കുന്നില്ലേ, അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍നിന്നായിരുന്നുവെങ്കില്‍ അവരതില്‍ അസംഖ്യം വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കുമായിരുന്നു.'' (4:82)

ഖുര്‍ആനും ശാസ്ത്രവും
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധ ഖുര്‍ആനില്‍ പരാമൃഷ്ടമായ, പ്രാപഞ്ചിക വിഷയകമായ ശാസ്ത്രീയ വിസ്മയങ്ങള്‍ ധാരാളമുണ്ട്. അവയുടെ കെട്ടഴിച്ച് നിഗൂഢതകളിലേക്കിറങ്ങുന്നതിന് മുമ്പ് നമുക്ക് ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചെറുതായൊന്ന് വിശകലനം ചെയ്യാം.
ഖുര്‍ആന്‍ പറയുന്നു:
''ഏഴാകാശങ്ങളെ അടുക്കുകളായി സൃഷ്ച്ചവനാകുന്നു അവന്‍. പരമ കാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരുവിധ അപാകതയും നീ കാണുകയില്ല. ദൃഷ്ടി ഒരിക്കല്‍കൂടി മടക്കി നോക്കൂ, വല്ല പോരായ്മയുമുണ്ടോ? (വേണമെങ്കില്‍) ഒരിക്കല്‍കൂടി ശ്രദ്ധിച്ചു നോക്കൂ. (ഇല്ല, ഒന്നുമില്ല.) ആ കണ്ണുകള്‍ പരാചയത്തോടെ  പരവശമായി മടക്കേണ്ടിവരും.'' (67:34)

ഇത്തരം സാഹചര്യങ്ങളില്‍, ഖുര്‍ആനിനും ശാസ്ത്രത്തിനുമിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് നാസ്തികരായ ചില ശാസ്ത്രജ്ഞാനികളുടെ ഖുര്‍ആനിനോടുള്ള അജ്ഞതയാണെന്ന് മനസ്സിലാക്കാനാവും. അല്ലാഹുവില്‍ തരിമ്പും വിശ്വാസമര്‍പ്പിക്കാത്ത അവര്‍ വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ  സൃഷ്ടിയാണെന്നാണ് വാദിക്കുന്നത്. അതിനാല്‍, നൂറ്റാണ്ടുകള്‍ക്ക് അപ്പുറം അവതരിച്ച ഖുര്‍ആനും ആധുനിക ശാസ്ത്രവും വൈരുദ്ധ്യങ്ങളുടെ മഹാലോകമാകുമെന്നാണ് അവര്‍ നിഗമനം നടത്തുന്നത്. അവസാനം, തങ്ങളുടെ വാദമുഖങ്ങള്‍ അരക്കിട്ടുറപ്പിക്കാനായി ഖുര്‍ആനികാദ്ധ്യാപനങ്ങളെ വക്രീകരിച്ചുകൊണ്ട് അവര്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.

അതേസമയം, വിശ്വാസികളായ ചിലര്‍ അടിസ്ഥാനരഹിതമായ സര്‍വ്വ വാദഗതികളെയും അസ്ഥാനത്താക്കി, ഖുര്‍ആനിനെ ഒരു ശാസ്ത്രീയ ഗ്രന്ഥമാക്കി അവതരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിനു മുമ്പില്‍ അവര്‍ക്ക് യാതൊരു വിധ തടസ്സവും ഉണ്ടാകുന്നില്ല. ഇവ്വിഷയകമായി വലിയ നിരീക്ഷണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെയാണ് അവര്‍ ഈ വാദങ്ങളെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍, യഥാര്‍ഥമായ ഖുര്‍ആന്‍ ഒരു ആധ്യാത്മിക ഗ്രന്ഥത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതൊരിക്കലും ശാസ്ത്രത്തെ സമുദ്ധരിക്കാനോ ഫിസിക്‌സിലെയും കെമിസ്ട്രിയിലെയും ഫോര്‍മുലകളെ  യാഥാര്‍ഥ്യവല്‍കരിക്കാനോ ഇറങ്ങിയതല്ല. മറിച്ച്, ഖുര്‍ആന്‍ അവതരണത്തിന്റെ ലക്ഷ്യം അല്ലാഹു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

''മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ നിനക്ക് അവതരിപ്പിച്ചുതന്ന ഗ്രന്ഥമാണിത്.'' (14:2)
മാനവരാശിക്ക് മാര്‍ഗദര്‍ശനമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമാകുന്നത്. എങ്ങനെ ഭക്തിയുള്ള ഒരു ദൈവദാസനാകണമെന്നും എങ്ങനെ ദൈവ പ്രീതി സ്വായത്തമാക്കാമെന്നും എങ്ങനെ അവന് ആരാധനകള്‍ അര്‍പിക്കണമെന്നും ഇത് സവിസ്തരം പഠിപ്പിക്കുന്നു. വിശിഷ്യാ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം രണ്ടുതരത്തിലുള്ള ആരാധനാ ശൈലികളാണ് ഇത് നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്.  ഒന്ന്, നിസ്‌കാരം, നോമ്പ് പോലെയുള്ള ആരാധനാമുറകള്‍. രണ്ട്, നാഥന്‍ വിരോധിച്ചതിനെ വര്‍ജ്ജിച്ചും കല്‍പിച്ചതിനെ മാനിച്ചും സ്വന്തം ശരീരത്തെ നിയന്ത്രണവിധേയമാക്കല്‍. ഇത്തരം മേഖലകളിലെല്ലാം ഒരു വിശ്വാസി എങ്ങനെ ശ്രദ്ധ പതിപ്പിക്കണമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ഇതര സമൂഹങ്ങളിലേക്ക് ഇസ്‌ലാമിക സന്ദേശങ്ങളെ എങ്ങനെ കൈമാറണമെന്നതിനെക്കുറിച്ചും അവരുമായി ഏത് സമീപനമാണ് കൈകൊള്ളണ്ടത് എന്നതിനെക്കുറിച്ചും ഖുര്‍ആന്‍ വളരെ വ്യക്തമായ വഴികളാണ് പറഞ്ഞുതന്നിട്ടുള്ളത്. പലയിടങ്ങളിലും ഇത്തരം ആശയങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ 'പറയുക' എന്ന വാചകം കൊണ്ടാണ് ഇത് തുടങ്ങുന്നത്. സമൂഹത്തിന്റെ ആത്മാവറിഞ്ഞുള്ള ആശയ സംവേദന മാര്‍ഗങ്ങളില്‍ വളരെ മനോഹരമായ ഒന്നാണിത്. പക്ഷെ, ഇത്രമേല്‍ സമൂഹങ്ങള്‍ക്കും സാമൂഹിക വിഷയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയാലും വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു സോഷ്യോളജിക്കല്‍ ഗ്രന്ഥമോ സൈക്കോളജിക്കല്‍ ടെക്‌സ്റ്റോ ആയിരുന്നില്ല. എന്നാല്‍, അവിശ്വാസികളോടുള്ള വിശ്വാസപരമായ പോരാട്ടത്തില്‍ അത് ചില സാമൂഹിക സമീപനങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നുമാത്രം.

ഇനി, രാഷ്ട്രീയ വിഷയമെടുത്താലും കാര്യം മറ്റൊന്നല്ല. ഒരര്‍ത്ഥത്തില്‍ ലോകത്തെ ഏറ്റവും സമഗ്രവും സമ്പുഷ്ടവുമായ രാഷ്ട്രീയ ചരിത്ര ഗ്രന്ഥമായി ഖുര്‍ആനിനെ നമുക്ക് കാണാവുന്നതാണ്. മനുഷ്യരുടെ വിവിധങ്ങളായ സ്വഭാവങ്ങളെക്കുറിച്ചും അവരുള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പിനെ കുറിച്ചും.  അതില്‍ വ്യക്തമായ സൂചനകളുണ്ട്. കൂടാതെ രാഷ്ട്രത്തില്‍ അരങ്ങേറുന്ന മൂല്യച്യുതികളും ധാര്‍മികാധപതനവും ആര് കൈകാര്യം ചെയ്യണമെന്നും എങ്ങനെ അവ അമര്‍ച്ച ചെയ്യണമെന്നും ഇത് സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. പക്ഷെ, ഈ വസ്തുതകളെ മുന്നിര്‍ത്തി ഖുര്‍ആനിനെ ഒരു പൊളിറ്റിക്കല്‍ മാനിഫെസ്റ്റോയെന്നോ രാഷ്ട്രീയ മീമാംസയെന്നോ വിധിയെഴുതല്‍ പ്രായോഗികമല്ല. കാരണം, വിശുദ്ധ ഖുര്‍ആന്‍  മാര്‍ഗ ഭ്രംശം സംഭവിച്ച ആളുകളെ നേരായ പാതയിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് അവതീര്‍ണമായിട്ടുള്ളത്.

ചരിത്രത്തിന്റെ കാര്യമെടുത്തുനോക്കൂ. അതിലും കാര്യം അങ്ങനെത്തന്നെയാണ്. അതുകരുതി വിശദ്ധ ഖുര്‍ആനെ ഒരു ചരിത്ര ഗ്രന്ഥമായി അവതരിപ്പിക്കാന്‍ പറ്റില്ല. ഇങ്ങനെ, ഏതൊരു വിജ്ഞാന ശാഖയെടുത്തുപരിശോധിച്ചു നോക്കിയാലും വിശുദ്ധ ഖുര്‍ആനെ നമുക്ക് അതില്‍ സമഗ്ര സംഭാവനകളടങ്ങിയ റോള്‍മോഡലായി കാണാവുന്നതാണ്.

ശാസ്ത്ര വിഷയങ്ങളുടെ കാര്യമെടുത്താലും ഇതുപോലെ ഖുര്‍ആനില്‍ ധാരാളമായി കണാന്‍ സാധിക്കുന്നു. ഇവയെല്ലാം സത്യ പാതയിലേക്കുള്ള വ്യത്യസ്തമായ കൈവഴികളായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്. ആകാശ ഭൂമികളെക്കുറിച്ച് ചിന്തിക്കാനും അവയിലൂടെ ദൈവാസ്തിക്യത്തിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താനും അല്ലാഹു അടിക്കടി ആഹ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ, ഖുര്‍ആനില്‍നിന്നും ഫോര്‍മുകലകള്‍ രൂപപ്പെടുത്തി വെക്കുകമാത്രം ചെയ്യുന്നതിന് പകരം അവയിലൂടെ ഗഹനമായ ചിന്തയുടെ ലോകത്തേക്ക് കടക്കാന്‍ അവന്‍ കടപ്പെട്ടിരിക്കുന്നു.

ഇവിടെ ഖുര്‍ആനിക സൂക്തങ്ങള്‍ പരിചയപ്പെടുത്തുന്ന ശാസ്ത്രം ഒരു വിശ്വാസി അതില്‍ ബോധവവാനായിരിക്കണം എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഒരു വിശ്വാസി ശാസ്ത്രജ്ഞനായിരിക്കല്‍ നിര്‍ബന്ധമല്ല; എന്നാല്‍ ശാസ്ത്ര ജ്ഞാനം അവന്റെ ദൈവവിശ്വാസത്തെ രൂഢമൂലമാക്കാന്‍ വഴിയൊരുക്കുമെന്നുമാത്രം. ഇവക്കായി അനവധി ശാസ്ത്ര വിസ്മയങ്ങള്‍ ഖുര്‍ആന്‍ ഇടക്കിടെ പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ച സൃഷ്ടിപ്പും മനുഷ്യ ജന്മവും അന്തരീക്ഷ ഘടനയുമെല്ലാം ഇതില്‍ ചിലത് മാത്രം. ഇവയെല്ലാം ഖുര്‍ആന്‍ മനഷ്യ കരങ്ങളുടെ സൃഷ്ടിയല്ലായെന്നതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ്.