width=ജലചക്രമണം
ജലചക്രമണത്തെക്കുറിച്ച് ഇന്ന് നിലനില്‍ക്കുന്ന സങ്കല്‍പത്തെ ആദ്യമായി വിശദീകരിച്ചത് വിഖ്യാത ശാസ്ത്രകാരന്‍ ബര്‍ണാഡ് പളിശ്ശിയാണ്. 1580 ലായിരുന്നു സംഭവം. സമുദ്ര ജലം എങ്ങനെ ബാഷ്പീകരിക്കപ്പെടുന്നുവെന്നും അത് തണുത്ത് എങ്ങനെ മേഘപാളികള്‍ രൂപീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ മേഘങ്ങള്‍ ഉള്‍നാടുകളിലേക്ക് നീങ്ങുകയും അവിടെ മഴയായി വര്‍ഷിക്കുകയും ചെയ്യുന്നു. അതൊരുമിച്ചുകൂടി അരുവികളും തടാകങ്ങളും രൂപപ്പെടുന്നു. അതൊഴുകി സമുദ്രത്തില്‍ കലാശിക്കുകയും തുടര്‍ച്ചയായ ചക്രമണം നടക്കുകയും ചെയ്യുന്നു. എന്നാല്‍, സുദ്രോപരിതലത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന ജലകണികകള്‍ വായുമാര്‍ഗം കരയിലേക്ക് പറന്നെത്തുന്നതാണ് മഴ എന്നാണ് ബി.സി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച തെയ്ല്‍സ് മിലിറ്റസ് വിശ്വസിച്ചത്. ഭൂഗര്‍ഭ ജല സ്രോതസുകളെക്കുറിച്ച് പ്രാചീന മനുഷ്യര്‍ അജ്ഞരായിരുന്നു. കാറ്റിന്റെ സഹായത്തോടെയാണ് സമുദ്രജലം ഭൂഖണ്ഡങ്ങളുടെ ഉള്ളറകളിലേക്ക് വന്നുവീഴുന്നതെന്ന് അവര്‍ ധരിച്ചുവെച്ചു. സമുദ്രത്തില്‍നിന്നും ഭൂമിക്കടിയിലൂടെ നീണ്ടുകിടക്കുന്ന വന്‍ ദ്വാരങ്ങളും ഗര്‍ത്തങ്ങളുമാണ് ഈ ജല സാന്നിദ്ധ്യത്തിന് കാരണമെന്ന് മറ്റു ചിലര്‍ മനസ്സിലാക്കി. റ്റാര്‍റ്ററസ് എന്നാണ് പ്ലാറ്റോണിയന്‍ കാലം മുതലേ ഈ വഴികള്‍ അറിയപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിലെ വിഖ്യാത ചിന്തകനായ ഡസ്‌കാര്‍ട്ടസ് പോലും ഈ ധാരണയെ പിന്താങ്ങുകയുണ്ടായി. എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തിനാണ് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചത്. തണുത്തുറഞ്ഞ പര്‍വതങ്ങളുടെ നിലവറകളില്‍ വെള്ളം സൂക്ഷിക്കപ്പെടുന്നുവെന്നും അതുവഴി ഭൂഗര്‍ഭ ജലാശയങ്ങള്‍ ജന്മം കൊള്ളുന്നുവെന്നുമാണ് ഈ സിദ്ധാന്തത്തിന്റെ വിസ്താരം. എന്നാല്‍, ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്ന മഴവെള്ളമാണ് ഇതിന്റെ പ്രധാന കാരണമെന്ന് നാം തിരിച്ചറിയുന്നു.
ജലചക്രമണം സത്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന ഒരു സന്ദേശമാണ്. അല്ലാഹു പറയുന്നു:
''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍  പ്രവേശിപ്പിച്ചു. അനന്തരം അതുമുഖേന വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള വിളകള്‍ അവന്‍ ഉല്‍പാദിപ്പിക്കുന്നു'' (39:21).
''ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും നിര്‍ജീവാവസ്ഥക്കുശേഷം ഭൂമിയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. നിശ്ചയം ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് പാഠമുണ്ട് (30:24).
''ആകാശത്തുനിന്നു നാം നിശ്ചിത അളവില്‍ വെള്ളമിറക്കുകയും അതിനെ ഭൂമിയില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. നിശ്ചയം അതിനെ വറ്റിച്ചുകളയാന്‍ കഴിവുള്ളവനാണ്'' (23:18).
മഴയെക്കുറിച്ച് ഇത്രമാത്രം കൃത്യതയോടെ പ്രതിപാദിക്കുകയും വിശദീകരിക്കുകയും ചെയ്ത ഒരു സംരംഭം പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പു വിശുദ്ധ ഖുര്‍ആനല്ലാതെ വേറെയില്ല തന്നെ.

മേഘവും കാറ്റും
''മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയച്ചു. ശേഷം, ആകാശത്തുനിന്നും വെള്ളമിറക്കുകയും അതു കുടിക്കാന്‍ യോഗ്യമാക്കുകയും ചെയ്തു'' (15:22).
'ലാഖിഹ്' എന്ന അറബി പദത്തിന്റെ ബഹുവചനമാണ് ഈ സൂക്തത്തില്‍ ഉപയോഗിക്കപ്പെട്ട 'ലവാഖിഹ്'. ഫലപുഷ്ഠമാവുക, ഗര്‍ഭം ധരിക്കുക തുടങ്ങിയ അര്‍ത്ഥം വരുന്ന 'ലഖഹ' എന്ന ധാതുവില്‍നിന്നാണ് ഇതിന്റെ നിഷ്പത്തി. സാന്ദ്രമായ മേഘപാളികളെ കൂട്ടമായി മുന്നോട്ടു തള്ളുകയെന്ന അര്‍ത്ഥത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ ഇത് ഉപയോഗിക്കുന്നത്. ഈ തള്ളിച്ചയുടെ ഫലമായി മിന്നലുണ്ടാവുകയും അനന്തരഫലം മഴ വര്‍ഷിക്കുകയും ചെയ്യുന്നു. ഇതേ ആശയം വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരു സൂക്തത്തില്‍കൂടി കാണാവുന്നതാണ്:
''മേഘപാളികളെ ഇളക്കിവിടുന്ന കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അവന്‍ മേഘത്തെ ഉദ്ദേശിക്കുന്ന പ്രകാരം ആകാശത്തു നിരത്തുകയും പല കഷണങ്ങളാക്കി വിരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവക്കിടയിലൂടെ മഴ വര്‍ഷിക്കുന്നത് നിനക്ക് കാണാം. തന്റെ ദാസന്മാരില്‍നിന്നും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്  അതെത്തുമ്പോള്‍ അവര്‍ ഏറെ സന്തുഷ്ടരായിരിക്കും'' (30:48).
വിശുദ്ധ ഖുര്‍ആനിലെ ഈ പരാമര്‍ശം ഏറെ കൃത്യവും സത്യസന്ധവുമാണ്. ആധുനിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന വസ്തുതകള്‍ ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. 3:9, 7:57, 13:17, 25:48-49, 36:34, 50:9-11, 56:68-70, 67:30, 86:11 തുടങ്ങിയ സൂക്തങ്ങളിലും ഇതിനെക്കുറിച്ച സൂചനകള്‍ കാണാനാകുന്നു.