width=വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പാലിക്കപ്പെടേണ്ട നിരവധി മര്യാദകളുണ്ട്. അതെകുറിച്ച് വിവിധ ഗ്രന്ഥങ്ങളില്‍ അധ്യായങ്ങള്‍ തന്നെ കാണാനാകും. ഇവിടെ ഖുര്‍ആനിലും ഹദീസിലും അതു സംബന്ധമായി വന്ന ചില കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചക്കെടുക്കുന്നത്.

ആയത്തുകള്‍

1. നീ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടുക . (അന്നഹല്‍. 98)

2. സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. (അലഖ്. 1)

3. ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നത് കേട്ടാല്‍ നിങ്ങളത് സശ്രദ്ധം കേള്‍ക്കുകയും മിണ്ടാതിരിക്കുകയും ചെയ്യുക. നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിച്ചേക്കാം. (അല്‍അഅറാഫ്. 204)

4. പ്രഭാതസമയത്തെ ഖുര്‍ആന്‍ പാരായണം നിലനിര്‍ത്തുക. നിശ്ചയം പ്രഭാതസമയത്തെ പാരായണം സാക്ഷ്യം വഹിക്കുപ്പെടുന്നതാണ്. (അല്‍-ഇസ്റാഅ്. 78)

5. നിശ്ചയം ആലോചിച്ചു മനസ്സിലാക്കാന്‍ നാം ഖുര്‍ആന്‍ എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരുണ്ട്. (അല്‍-ഖമര്‍)

6. ഖുര്‍ആന്‍ സാവധാനത്തില്‍ നിറുത്തി നിറുത്തി പാരായണംചെയ്യുക. (മുസമ്മില്‍. 4)

7. അവര്‍ ഖുര്‍ആനെ കുറിച്ച് ആലോചിക്കുന്നില്ലേ. അതോ അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുകളുണ്ടോ (മുഹമ്മദ്. 24)

8.നിശ്ചയം  അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും നാം നല്‍കിയതില്‍നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും നഷ്ടം പറ്റാത്ത കച്ചവടം കൊതിക്കുന്നവരാണ്. (ഫാത്വിര്‍. 29)

9. താങ്കളുടെ നാഥനെ താങ്കള്‍ വിനയത്തോടും ഭയത്തോടും കൂടി, ഉച്ചത്തിലുള്ള വാക്കിലൂടെയല്ലാതെ പ്രഭാതത്തിലും പ്രദോഷത്തിലും ഓര്‍ക്കുക. അശ്രദ്ധരില്‍ പെട്ടുപോകരുത്. (അഅറാഫ്. 205)

ഹദീസുകള്‍

1. നിങ്ങളുടെ വീടുകള്‍ നിങ്ങള്‍ ശ്മശാനമാക്കരുത്. അല്‍ബഖറ പാരായണം ചെയ്യുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിപ്പോകുന്നതാണ്. (മുസ്ലിം)

2. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഒരക്ഷരം ഒരാള്‍ ഓതിയാല്‍ അയാള്‍ക്ക് അതില്‍ ഒരു നന്മയുണ്ട്. നന്മയാകട്ടെ പത്തിരിട്ടിയായി വര്‍ധിക്കുകയും ചെയ്യും. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫും ലാമും മീമും ഓരോ അക്ഷരങ്ങളാണ്. (തുര്‍മുദി)

3. ഖുര്‍ആനുമായി നിങ്ങളുടെ മനസ്സിണങ്ങുമ്പോള്‍ അതു ഓതുക. മനസ്സുമാറിയാല്‍ ഉടന്‍ എഴുന്നേല്‍ക്കണം. (ബുഖാരി, മുസ്ലിം)

4. സുന്ദരമായ ശബ്ദത്തില്‍ ഖുര്‍ആന്‍ ഓതുക. (അഹ്മദ്, ആബൂദാവൂദ്, ഇബ്നുമാജ, ദാറമി)

5. ഖുര്‍ആനില്‍ നൈപുണ്യമുള്ളവര്‍ ഉന്നതരായ മലക്കുകളോട് കൂടെയാണ്. പ്രയാസപ്പെട്ട് തപ്പിത്തടഞ്ഞ് ഖുര്‍ആന്‍ ഓതുന്നവന് ഇരട്ടി പ്രതിഫലമാണുള്ളത്.

സൂറത്തുകളെ കുറിച്ചു ഹദീസില്‍ വന്ന പ്രത്യേക പരാമര്‍ശങ്ങള്‍

- ഫാതിഹ എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്. (ബൈഹഖി, ദാറമി)

- നിങ്ങളുടെ വീടുകളെ ഖബറിടങ്ങളാക്കരുത്. സൂറത്തുല്‍ ബഖറ ഓതുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിപ്പോകും. (മുസ്ലിം)

- സൂറത്തുല്‍ കഹ്ഫിലെ ആദ്യപത്ത് സൂകതങ്ങള്‍ മനപാഠമാക്കുന്നവന്‍ ദജ്ജാലില്‍ നിന്ന് രക്ഷപ്പെടും. (മുസ്ലിം)

- വെള്ളിയാഴ്ചകളില്‍ കഹ്ഫ് ഓതുന്നവന് രണ്ടു ആഴ്ചകള്‍ക്കിടയില്‍ പ്രത്യേക പ്രകാശമുണ്ടാകും.

- എല്ലാ കാര്യങ്ങള്‍ക്കും ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാണ്. ആരെങ്കിലും യാസീനോതിയാല്‍ അവന് ഖുര്‍ആന്‍ പത്ത് പ്രാവശ്യം ഓതിയ പ്രതിഫലം ലഭിക്കും. (തിര്‍മിദി, ദാറമി)

- ആരെങ്കിലും യാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാലതെറ്റുകള്‍ പൊറുക്കപ്പെടും. അതു കൊണ്ട് നിങ്ങളിത് മരിച്ചവരുടെ സമീപം ഓതുക. (ബൈഹഖി)

- ഇഖലാസ് ഓതുന്നത് ഖുര്‍ആന്‍ മൂന്ന് പ്രാവശ്യം ഓതുന്നതിന് സമമാണ്. (ബുഖാരി)

- നിര്‍ബന്ധ നിസ്കാരങ്ങള്‍ക്ക് ശേഷം ആയത്തുല്‍ കുര്‍സി ഓതുന്നവന്‍ അല്ലാഹുവിന്റെ കാവലിലായിരിക്കും.

- അന്ത്യനാളില്‍ വിളിക്കപ്പെടും. ഓ അന്‍ആം അധ്യായം ഓതിയിരുന്നവരെ, നിങ്ങള്‍ പറുദീസയില്‍ പ്രവേശിക്കുക. അന്‍ആം അധ്യായം ഇഷ്ടപ്പെട്ട് പാരായണം ചെയ്തതിന്.

- മുല്‍ക് അധ്യായം നരകത്തില്‍ നിന്നുള്ള കാവലാണ്.