width=ലോകത്ത്‌ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കൂടുതല്‍ ആളുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതും മാസ്‌മരിക ശക്തിയാല്‍ കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കഴിഞ്ഞതും വിശുദ്ധ ഖുര്‍ആനാണ്‌. ആഗോളതലത്തില്‍ അറിയപ്പെടുന്ന ക്രിസ്‌തുമതത്തിന്റെ ആധികാരിക ഗ്രന്ഥമെന്ന്‌ അവകാശപ്പെടുന്ന ബൈബിളിന്റെ പരിഭാഷകളും വ്യാഖ്യാനങ്ങളും വിരലിലെണ്ണാന്‍ മാത്രം പരിമിതമാണ്‌. മാത്രമല്ല, ഇതിനെക്കുറിച്ചുള്ള പഠനഗവേഷണങ്ങളും വളരെ കുറവാണ്‌. ഹിന്ദുമതഗ്രന്ഥങ്ങളുടെ കാര്യവും ഇതില്‍നിന്ന്‌ വിഭിന്നമല്ല. എന്നാല്‍ ദൈവികവും കാലികവും എക്കാലത്തും വിസ്‌മയമായി നിലകൊള്ളുന്നതുമായ പരിശുദ്ധ ഖുര്‍ആനിന്റെ വിവിധ ഭാഷകളിലുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളും ഖുര്‍ആനിക പഠനങ്ങളും ഗവേഷണങ്ങളും നിരവധിയാണ്‌.


കാലഘട്ടത്തിന്റെ പുരോഗതിയനുസരിച്ചു കൂടുതല്‍ ശാസ്‌ത്രീയമായ പഠന ഗവേഷണങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സാദ്ധ്യതയുള്ള ഏകമതഗ്രന്ഥവും വിശുദ്ധ ഖുര്‍ആനാണ്‌. അറബി ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്റെ ആദ്യത്തെയും ആധികാരികവുമായ വ്യാഖ്യാതാവ്‌ റസൂല്‍(സ്വ) ആണ്‌. നബി(സ്വ)യുടെ വാക്കും പ്രവര്‍ത്തിയും ജീവിതവുമെല്ലാം ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങളാണ്‌. ഖുര്‍ആനിനെ ഖുര്‍ആന്‍കൊണ്ട്‌ വ്യാഖ്യാനിക്കലാണ്‌ ഏറ്റവും ഉത്തമവും പ്രഥമ ഗണനീയവും. അത്‌ കഴിഞ്ഞാല്‍ ഹദീസിനെയാണ്‌ അവലംബിക്കേണ്ടത്‌. സ്വഹാബത്തിന്റെയും താബിഉകളുടെയും ശേഷമുള്ള മഹത്തുക്കളുടെയും അഭിപ്രായങ്ങളാണ്‌ പരിഗണിക്കേണ്ടത്‌.

ദീര്‍ഘകാലം നബി(സ്വ)യുമായി സഹവസിച്ച നാലു ഖലീഫമാര്‍ ഇബ്‌നു മസ്‌ഊദ്‌, ഇബ്‌നു അബ്ബാസ്‌, ഉബയ്യുബ്‌നു കഅ്‌ബ്‌, സൈദുബ്‌നു സാബിത്‌, അബൂമൂസല്‍ അശ്‌അരി, അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) എന്നിവരാണ്‌ പ്രശസ്‌തരും പ്രഥമ ഗണനീയരുമായ മഫുസ്സിറുകള്‍.തഫ്‌സീറുകളുടെ ഉത്ഭവവും വളര്‍ച്ചയും പരിഗണിച്ചു മൂന്ന്‌ ഘട്ടങ്ങളായി തിരിക്കാവുന്നതാണ്‌. ഒന്ന്‌ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും കാലഘട്ടം. രണ്ട്‌ താബിഉകളുടെ കാലഘട്ടം. മൂന്ന്‌ തഫ്‌സീറുകളുടെ ക്രോഡീകരണ കാലഘട്ടം. തഫ്‌സീര്‍ ക്രോഡീകരണം നടന്നത്‌ അമവികാലഘട്ടത്തിന്റെ അവസാനവും അബ്ബാസി കാലഘട്ടത്തിന്റെ ആദ്യവുമാണ്‌. പ്രധാനമായും അമവികാലഘട്ടത്തിലാണ്‌ ഇത്‌ നടന്നതെന്ന്‌ പറായം.

അമവികാലഘട്ടത്തില്‍ ജീവിച്ച മുജാഹിദുബ്‌നു ജബറുല്‍ മക്കി (മ. 104/722)യാണ്‌ ആദ്യത്തെ തഫ്‌സീര്‍ ഗ്രന്ഥം രചിച്ചതെങ്കിലും ലക്ഷണമൊത്ത തഫ്‌സീറുകളുടെ രചന നടന്നത്‌ അബ്ബാസിയ കാലത്താണ്‌. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത്‌ രചന നടത്തിയവരുടെ വീക്ഷണഗതികളും വ്യാഖ്യാനരീതികളും അനുസരിച്ച്‌ തഫ്‌സീറുകളെ പല ശാഖകളായി തിരിക്കാവുന്നതാണ്‌.

നിവേദനാത്മക തഫ്‌സീറുകള്‍

ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ ചരിത്രം, ഭാഷ, കര്‍മശാസ്‌ത്രം എന്നിവ അടിസ്ഥാനമാക്കി വിരചിതമായിട്ടുള്ള വ്യാഖ്യാനങ്ങളാണിവ. ഖുര്‍ആനിലെ ചില ആയത്തുകള്‍ മറ്റ്‌ ആയത്തുകള്‍ക്ക്‌ നല്‍കുന്ന വ്യാഖ്യാനം സ്വഹാബിമാര്‍, പിന്‍ഗാമികളായ മഹത്തുക്കള്‍ നല്‍കുന്ന വ്യാഖ്യാനം എന്നിവ ഇത്തരം തഫ്‌സീറുകളില്‍ കാണാം. അബ്ബാസി കാലത്തെ പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ജരീര്‍ ത്വബരി രചിച്ച ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍ എന്ന മുപ്പത്‌ വാള്യങ്ങളുള്ള തഫ്‌സീറാണ്‌ ഈ ഗണത്തില്‍ പ്രഥമവും പ്രധാനവുമായിട്ടുള്ളത്‌. വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാന വിഷയത്തില്‍ വന്ന ഓരോ നിവേദനങ്ങളും അവയുടെ സനദ്‌ സഹിതം അദ്ദേഹം ഉദ്ധരിക്കുകയും അവയുടെ ബലാലബം പരിശോധിക്കുകയും സ്വന്തം നിഗമനങ്ങള്‍ പ്രകടിപ്പിക്കുകയും ഓരോ ആയത്തില്‍നിന്നും കണ്ടെത്താവുന്ന വിധികള്‍ വെളിപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ അദ്ദേഹത്തിന്റെ സമീപനരീതി.

തുടര്‍ന്നു ഖുര്‍ആന്‍ വ്യാഖ്യാനമെഴുതിയ സമര്‍ഖന്ദിയുടെ ബഹ്‌റുല്‍ ഉലൂം എന്ന തഫ്‌സീറും ഈ വിഭാഗത്തില്‍വെടുന്നു. ഖുര്‍ആനിനെ ഖുര്‍ആന്‍കൊണ്ട്‌ തന്നെ വ്യാഖ്യാനിക്കുന്ന രീതിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. സ്വന്തമായി അഭിപ്രായപ്രകടനം നടത്താതെ പൂര്‍വ്വീകരുടെ വാക്കുകള്‍ മാത്രം പ്രാധാന്യം നല്‍കുന്ന തഫ്‌സീറാണിത്‌. ബഗവിയുടെ മആലിമുത്തന്‍സീല്‍, റസൂല്‍, സ്വഹാബത്ത്‌, താബിഉകള്‍ മുതലായവരില്‍നിന്ന്‌ ഉദ്ധരിക്കപ്പെട്ട നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനം നടത്തുന്നു. ഈ വിഭാഗത്തില്‍പെടുന്ന വളരെ പ്രധാനപ്പെട്ട തഫ്‌സീറാണ്‌ ഇബ്‌നു കസീര്‍ രചിച്ച തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം എന്ന ഖുര്‍ആന്‍ വ്യഖ്യാനം. പണ്ഡിതന്മാരുടെ അംഗീകാരം നേടിയ ഈ ഖുര്‍ആന്‍ വ്യാഖ്യാനം, ഒരു ആയത്ത്‌ വ്യാഖ്യാനിക്കുമ്പോള്‍ അതേ ആശയം വ്യക്തമാക്കുന്ന ആയത്തുകളും അതിനോട്‌ ബന്ധപ്പെട്ട ഹദീസുകളും തുടര്‍ന്നു സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങളും കൊടുത്ത്‌ കൊണ്ട്‌ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചത്‌. ഇസ്രായീലിയ്യാത്ത്‌ കടന്നുകൂടുന്നത്‌ ശ്രദ്ധിച്ച മുഫസ്സിറാണിദ്ദേഹം. ആശയ വ്യക്തതയുള്ളതും ഹ്രസ്വവും ലളിതവുമായ വ്യാഖ്യാന രീതിയാണ്‌ ഇബ്‌നു കസീര്‍ തന്റെ തഫ്‌സീറില്‍ സ്വീകരിച്ചത്‌. ഇബ്‌നു അതിയ്യയുടെ അല്‍ മുഹററുല്‍ വജീസ്‌ ഫീ കിതാബില്‍ അസീസ്‌, സആലബിയ്യുടെ ജവാഹിറുല്‍ ഹിസാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍, സുയൂത്വിയുടെ അദ്ദുററില്‍ മന്‍സൂര്‍ ഫിത്തഫ്‌സീരില്‍ മഅ്‌സൂര്‍ എന്നിവ നിവേദനാത്മക തഫ്‌സീറുകളില്‍പെടുന്നു.

ഗവേഷണാത്മക തഫ്‌സീറുകള്‍

അറബി ഭാഷയിലും ഖുര്‍ആനിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയതിന്‌ ശേഷം അവയുടെ അടിസ്ഥാനത്തില്‍ ഗവേഷണാത്മക സമീപന രീതി ഉപയോഗിച്ചുകൊണ്ട്‌ തയ്യാറാക്കിയ തഫ്‌സീറുകളാണ്‌ ഈ ഇനത്തില്‍പെടുന്നത്‌. ഇത്തരം വ്യാഖ്യാനങ്ങളില്‍‍ സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രകടിപ്പിക്കുകയും അവയെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്യുന്ന രീതിയാണ്‌ അവലംബിക്കാറുള്ളത്‌. ഇത്‌ സംബന്ധമായി പണ്ഡിതന്മാര്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. എട്ട്‌ വാള്യങ്ങളുള്ള ഇമാം റാസി മഫാതീഹുല്‍ ഗൈബ്‌, ബൈളാവിയുടെ അന്‍വാറുത്തന്‍സീല്‍, ഖാസിനിന്റെ ലുബാബുത്തഅ്‌വീല്‍ ഫീ മആനി ത്തന്‍സീല്‍, ജലാലുദ്ദീന്‍ മഹല്ലിയും ജലാലുദ്ദീന്‍ സുയൂത്വിയും ചേര്‍ന്ന്‌ തയ്യാറാക്കിയ പ്രസിദ്ധമായ തഫ്‌സീറുല്‍ ജലാലൈനി, ആലൂസിയുടെ റൂഹുല്‍ മആനി മുതലായവ ഈ ഗണത്തില്‍പെട്ട പ്രമുഖ തഫ്‌സീറുകളാണ്‌.

വിശകലനാത്മക തഫ്‌സീറുകള്‍

ഈ ഇനത്തില്‍പെട്ട തഫ്‌സീറുകള്‍ ഭാഷാപരമായ വിശകലനങ്ങള്‍ അപഗ്രഥനങ്ങള്‍ എന്നിവക്ക്‌ പ്രാധാന്യം നല്‍കുന്നു. അലങ്കാരശാസ്‌ത്രം, പദങ്ങളുടെ നിഷ്‌പത്തി, പരിണാമം മുതലായവക്ക്‌ ഇത്തരം തഫ്‌സീറുകള്‍ ഊന്നല്‍ നല്‍കുന്നു. സമഖ്‌ശരിയുടെ അല്‍കശ്ശാഫ്‌, അബൂഹയ്യാനിയുടെ അല്‍ബഹറുല്‍ മുഹീത്വ, വനിതകളില്‍പെട്ട പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ആഇശ ബിന്‍ത്‌ ശാത്വിഇന്റെ അത്തഫ്‌സീറുല്‍ ഖുര്‍ആന്‍ ലില്‍ ഖുര്‍ആനില്‍ കീരം എന്നിവ വിശകലനാത്മക തഫ്‌സീറുകളില്‍പെടുന്നു.

കര്‍മശാസ്‌ത്ര തഫ്‌സീറുകള്‍

ഈ തഫ്‌സീറുകള്‍ ഫിഖ്‌ഹുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നു. കര്‍മ്മശാസ്‌ത്ര സംബന്ധമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ വിഷയസംബന്ധമായ വ്യത്യസ്‌ത കര്‍മ്മശാസ്‌ത്ര വീക്ഷണങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യുക, അവയില്‍ ഗ്രന്ഥകാരന്റെ കര്‍മ്മശാസ്‌ത്ര സരണിയുടെ പ്രസക്തിയും ന്യായവും സ്ഥാപിക്കുക എന്ന രീതിയാണ്‌ ഇത്തരം തഫ്‌സീറുകള്‍ പിന്തുടരുന്നത്‌. അല്‍ജസ്വാസിന്റെ അഹ്‌കാമുല്‍ ഖുര്‍ആന്‍ എന്ന തഫ്‌സീര്‍ ഹനഫി സരണിയെ പിന്തുണക്കുന്നതും ആ മദ്‌ഹബിന്റെ അഭിപ്രായങ്ങളും വീക്ഷണഗതികളും വിശദീകരിക്കുന്നതും അവക്ക്‌ മുന്‍തൂക്കം നല്‍കുന്നതുമാണ്‌. ശാഫിഈ മദ്‌ഹബിന്റെ അഭിപ്രായങ്ങള്‍ വിശകലനം ചെയ്യുകയും പ്രബലപ്പെടുത്തുകയും ചെയ്യുന്ന തഫ്‌സീറാണ്‌ കയാല്‍ ഹറാസിയുടെ അഹ്‌കാമുല്‍ ഖുര്‍ആന്‍. ഇബ്‌നു അറബിയുടെ അഹ്‌കാമുല്‍ ഖുര്‍ആന്‍, ഇമാം ഖുര്‍തുബിയുടെ അല്‍ജാമിഹു ലി അഹ്‌കാമില്‍ ഖുര്‍ആന്‍ എന്നിവ മാലികി മദ്‌ഹബിന്റെ വീക്ഷണങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നു. ഇബ്‌നു ജൗസിയുടെ സാദുല്‍ മസ്വീര്‍, ഹമ്പലി മദ്‌ഹബിനെ അധികരിച്ച്‌ രചിക്കപ്പെട്ട തഫ്‌സീറാണ്‌.

സൂഫി തഫ്‌സീറുകള്‍

തസവ്വുഫിന്‌ പ്രാധാന്യം നല്‍കി രചിക്കപ്പെട്ട തഫ്‌സീറുകളാണിവ. ഖുര്‍ആന്‍ സൂക്തങ്ങളുടെ ആത്മീയ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും തസവ്വുഫിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനങ്ങള്‍ നിര്‍വ്വഹിക്കുകുയം ചെയ്യുകയാണ്‌ ഇത്തരം തഫ്‌സീറുകളുടെ രീതിശാസ്‌ത്രം. സഹ്‌ലുബ്‌നു അബ്ദുല്ല അല്‍തുസ്‌തരിയുടെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം, അബൂ അബ്ദുറഹ്‌മാന്‍ അസ്സുല്ലമ്മിയുടെ ഹഖാഇഖുത്തഫ്‌സീര്‍, അബൂ മുഹമ്മദ്‌ ശീറാസിയുടെ അറാഇസുല്‍ ബയാന്‍, അബുല്‍ ഖാസിം അല്‍ ഖുശൈരിയുടെ ലത്വാഇഫുല്‍ ഇര്‍ഷാദ മുതലായ തഫ്‌സീറുകള്‍ സൂഫി ചിന്തകള്‍ക്ക്‌ പ്രാമുഖ്യം നല്‍കി രചിക്കപ്പെട്ട തഫ്‌സീറുകളാണ്‌.

നൂതനാശയക്കാരുടെ തഫ്‌സീറുകള്‍

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടുള്ളതും യഥാര്‍ത്ഥ ഇസ്‌ലാമി വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും ഖുര്‍ആനിന്റെ ശരിയായ അര്‍ത്ഥങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരായതും സ്വന്തം പ്രസ്ഥാനത്തിന്റെ നിലനില്‍പിനും അബദ്ധവിശ്വാസങ്ങളുടെയും ആശയങ്ങളുടെയും ന്യായീകരിക്കുന്നതിന്‌ വേണ്ടി രചിക്കപ്പെട്ടതുമായ തഫ്‌സീറുകളാണ്‌ ഈ ഗണത്തില്‍പെടുന്നത്‌. സ്വന്തം വിശ്വാസങ്ങള്‍ക്ക്‌ എതിരായാല്‍ സ്വഹീഹായ ഹദീസുകള്‍പോലും തള്ളിപ്പറയുകയും ഖുര്‍ആനിക സൂക്തങ്ങളുടെ ബാഹ്യാര്‍ത്ഥപ്രകാരംപോലും തെളിഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുക എന്നതാണ്‌ ഇത്തരം തഫ്‌സീറുകളുടെ രീതി. ഇസ്‌ലാമിക വിരുദ്ധമായ വിശ്വാസങ്ങളും അഭിപ്രായങ്ങളും കുത്തിനിറച്ചതിനാല്‍ ഇത്തരം തഫ്‌സീറുകള്‍ സ്വീകാര്യമല്ല. ആക്ഷേപകരമായതും ശറഇല്‍ അനുവദനീയമല്ലാത്തതുമായ അഭിപ്രായപ്രകടനങ്ങള്‍ വിശുദ്ധ ഖഉര്‍ആന്‍ വ്യാഖാനമെന്ന പേരില്‍ നടത്തിയതിനാലാണത്‌.

ഖാളി അബുല്‍ ജബ്ബാര്‍ രചിച്ച തന്‍സീഫുല്‍ ഖുര്‍ആന്‍ അനില്‍ മത്വാഹിന്‍, മുര്‍തളയുടെ ആമാലി ആശ്ശരീഫ്‌, സമഖ്‌ശരിയുടെ അല്‍ കശ്ശാഫ്‌ മുതലായവ മുഅ്‌തസലി വിഭാഗത്തിന്റെ തഫ്‌സീറുകളാണ്‌. അബ്ദുല്ലത്തീഫ്‌ അല്‍കാസറാനിയുടെ മിര്‍ആത്തുല്‍ അന്‍വാര്‍, ത്വബ്‌റാനിയുടെ മജ്‌മഉല്‍ ബയാന്‍ ലി ഉലൂമില്‍ ഖുര്‍ആന്‍, ഹസനുല്‍ അസ്‌ക്കരിയുടെ തഫ്‌സീര്‍ മുതലായവ ശിയാക്കളിലെ ഇബ്‌നാ അശ്‌നി വിഭാഗത്തിന്റെ പ്രധാന തഫ്‌സീറുകളാണ്‌. ശൗക്കാനിയുടെ ഫതഹുല്‍ ഖദീര്‍ വികലമായ പല വിശ്വാസങ്ങളുടെയും കലവറയാണ്‌. വളരെ ദുര്‍ബലവും സ്വയം നിര്‍മ്മിതവുമായ രിവായത്തുകള്‍ തന്റെ തഫ്‌സീറില്‍ പല സ്ഥലത്തും ഉദ്ധരിക്കുന്ന അദ്ദേഹം തഖ്‌ലീദിനെ തള്ളിപ്പറയുകയും തവസ്സുലിനെ നിഷേധിക്കുകയും ചെയ്യുന്നു. അഹ്‌ലുസുന്നത്തി വല്‍ജമാഅയുടെ വിശ്വാസങ്ങള്‍ക്ക്‌ കടകവിരുദ്ധമായതാണ്‌ ഈ തഫ്‌സീറിന്റെ ഉള്ളടക്കം.

അബൂയൂസുഫ്‌ അത്‌ഫീശ്‌ എന്നയാളുടെ ഹായാത്തു സാദി ഇലാ ദാരില്‍ മആദ്‌ എന്ന തഫ്‌സീറാണ്‌ ഖവാരിജ്‌ വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന തഫ്‌സീര്‍. സുന്നി വിരുദ്ധര്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെക്കുറിച്ചു ഒരേകദേശ രൂപം ലഭിക്കാനാണ്‌ വിഘടിത വിഭാഗത്തിന്റെ തഫ്‌സീറുകളെകുറിച്ച്‌ ഒരു ചെറു വിവരണം ഇവിടെ നടത്തിയത്‌.

ആധുനിക തഫ്‌സീറുകള്‍

പൗരാണിക തഫ്‌സീറുകളില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമായ അവതരണ രീതിയും വ്യാഖ്യാന ശൈലിയുമാണ്‌ ആധുനിക തഫ്‌സീറുകള്‍ സ്വീകരിച്ചത്‌. പഴയ തഫ്‌സീറുകള്‍ ഊന്നല്‍ നല്‍കിയിരുന്ന ഭാഷ വ്യാകരണം, അലങ്കാരം, കര്‍മ്മശാസ്‌ത്ര സംബന്ധമായ ചര്‍ച്ചകള്‍, മദ്‌ഹബുകള്‍ക്കനുസരിച്ചുള്ള വ്യാഖ്യാനം തസവ്വുഫുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ ഇവക്കൊന്നും ആധുനിക തഫ്‌സീറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കിയില്ല. ഖുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ പൗരാണിക മുഫസ്സിറുകളുടെ പാതയില്‍നിന്ന്‌ വ്യതിചലിച്ച്‌ സഞ്ചരിച്ചതിനാല്‍ സുന്നത്ത്‌ ജമാഅത്തിനു വിരുദ്ധണായ പല ആശയങ്ങളും മോഡേണ്‍ ചിന്തകളും ഇത്തരം വ്യാഖ്യാനങ്ങളില്‍ കടന്ന്‌ കൂടി. ആവശ്യമില്ലാത്ത ചര്‍ച്ചകളില്‍നിന്നും തഫ്‌സീറുകളെ മുക്തമാക്കുക, ഇസ്രാഈയി കഥകളില്‍നിന്ന്‌ ശുദ്ധീകരിക്കുക, നിര്‍മ്മിതവും ദുര്‍ബലവുമായ ഹദീസുകളെ ഒഴിവാക്കുക, മുതലായവയാണ്‌ ഇത്തരം ആധുനിക മുഫസ്സിറുകള്‍ പിന്തുടര്‍ന്ന രീതി. ഖുര്‍ആനും ഏത്‌ കാലഘട്ടത്തെയും അതിജീവിക്കാന്‍കഴിയുന്ന കാലികവും ദൈവികവുമായ ഗ്രന്ഥമാമെന്ന്‌ സ്ഥാപിക്കാനും ഖുര്‍ആനിന്റെ മഹത്വം വെളിപ്പെടുത്തുന്നതിന്‌ തഫ്‌സീറുകള്‍ക്ക്‌ സാമൂഹികവും സാഹിത്യപരവുമായ നിറം നല്‍കാനും അവര്‍ ശ്രമിച്ചു. ആധുനിക ശാസ്‌ത്രീയ വീക്ഷണങ്ങളെയും ഖുര്‍ആനിന്റെ ആശയങ്ങളെയും യോജിപ്പിച്ചുകൊണ്ട്‌ ഖുര്‍ആന്‍ ഏത്‌ ശാസ്‌ത്രീയ പുരോഗതിയെയും കണ്ട്‌ പിടിത്തങ്ങളെയും അതിജീവിക്കുകയും മറികടക്കുകയും ചെയ്യുമെന്നും തെളിയിക്കാന്‍ അവരുടെ തഫ്‌സീറുകളിലൂടെ ചെറിയതോതില്‍ കഴിഞ്ഞുവെങ്കിലും മുഹമ്മദ്‌ അബ്ദു, റശീദ്‌ രിളാ മുതലായവരുടെ പിഴച്ച ആശയങ്ങളും ചിന്തകളും സ്വാധീനിച്ച ഇത്തരം ആധുനിക തഫ്‌സീറുകളില്‍ പലതിലും ഇസ്‌ലാമിക വിരുദ്ധാശയങ്ങള്‍ കടന്ന്‌ കൂടിയിട്ടുണ്ടെന്നതാണ്‌ വാസ്‌തവം.

ഖുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനിനോട്‌ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നതിന്‌ പകരം സ്വന്തം പിഴച്ച ആശയങ്ങളും അഭിപ്രായങ്ങളും കുത്തിനിറച്ച്‌ ഖുര്‍ആന്‍ വ്യാഖ്യാനം നടത്തുകയാണ്‌ മുഹമ്മദ്‌ അബ്ദുവും റശീദ്‌ രിളയും മറ്റും ചെയ്‌തത്‌. ഇസ്‌ലാമില്‍ അടിസ്ഥാന തഫ്‌സീറുകളില്‍ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്‌തതായി കാണാം. ശൈഖ്‌ തന്‍താവി ജൗഹരിയുടെ അല്‍ജവാഹിറു ഫീ തഫ്‌സീല്‍ ഖുര്‍ആനില്‍ കരീം, മുഹമ്മദ്‌ അബ്ദുവിന്റെ തഫ്‌സീറു ജുസ്‌ഇ അമ്മ, റശീദ്‌ രിളായുടെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹകീം, അഥവാ തഫ്‌സീറുല്‍ മനാര്‍ സയ്യിദ്‌ ഖുത്‌ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍, മുഹമ്മദലി സ്വാബൂനിയുടെ സ്വഫ്‌വത്തുത്തഫാസീര്‍ മുതലായവ ആധുനിക തഫ്‌സീറുകളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്‌. ഈ വിഭാഗത്തില്‍ ഏറ്റവും ശ്രദ്ധേയമായ രചനയാണ്‌ അഹമ്മദ്‌ മുസ്‌തഫല്‍ മറാഗിയുടെ തഫ്‌സീറുല്‍ മറാഗി എന്ന ബ്രഹത്തായ തഫ്‌സീര്‍. മുപ്പത്‌ വാള്യങ്ങളിലായാണ്‌ ഇതിന്റെ രചന പൂര്‍ത്തിയാക്കിയത്‌.

വനിതകള്‍ രചിച്ച തഫ്‌സീറുകള്‍

ബിന്‍തുശ്ശാത്വിഅ്‌ എന്ന പേരില്‍ പ്രസിദ്ധയായ ഡോ. ആഇശ അബ്ദുറഹ്‌മാന്‍ അറബി സാഹിത്യത്തിലും സാമൂഹ്യ ചിന്തയിലും മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വനിതയാണ്‌. കൈറോയിലെ ആര്‍ട്‌സ്‌ കോളേജിലും, അവിടെത്തന്നെയുള്ള വിമന്‍സ്‌ കോളേജിലും ഇവര്‍ സേവനം ചെയ്‌തിട്ടുണ്ട്‌. അറബിക്‌ ഭാഷക്ക്‌ ഇവര്‍ ചെയ്‌ത സേവനങ്ങളും ഇവരുടെ പഠനങ്ങളും ചിന്തകളും മുന്‍നിര്‍ത്തി പഠനം നടത്തിയതിന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പി. എച്ച്‌.ഡി. അവാര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.

ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത്‌ രചന നടത്തിയ ആദ്യത്തെ സ്‌ത്രീയാണ്‌ സൈനബുല്‍ ഗസാലി. താന്‍ ജയിലിലടക്കപ്പെട സന്ദര്‍ഭത്തിലാണ്‌ തഫ്‌സീറിന്റെ രചന തുടങ്ങിയത്‌. തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്‌ അവലംബമായി പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളായ റാസി, ഇബ്‌നു കസീര്‍, തഫ്‌സീറു അബീസുഊദ്‌ മുതലായവ തഫ്‌സീറുകളാണ്‌ അവര്‍ ഉപയോഗിച്ചത്‌.ഖുര്‍ആന്‍ അദ്ധ്യായങ്ങളുടെ അര്‍ത്ഥവും അവതരണകാരണവും വിവരിക്കുന്നതോടൊപ്പം ഖുര്‍ആനിന്റെ സാഹിത്യ ഭംഗിയും ഇഅ്‌ജാസും അവര്‍ പ്രത്യേകം ചര്‍ച്ചക്ക്‌ വിധേയമാക്കുന്നു. ഖുര്‍ആനികാശയങ്ങളും നിയമങ്ങളും ആധുനി കാലഘട്ടത്തിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തുന്ന വ്യാഖ്യാന രീതിയാണ്‌ അവര്‍ സ്വീകരിച്ചത്‌. ഈജിപ്‌തിലെ മുഹമ്മദുല്‍ ഗസ്സാലി എന്ന പണ്ഡിതനാണ്‌ ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്‌ ആമുഖമെഴുതിയത്‌. തന്റെ എഴുപതാമത്തെ വയസ്സില്‍ സൈനബുല്‍ ഗസാലി രചിച്ച ഈ തഫ്‌സീറിന്റെ പേര്‌ മഅ കിതാബില്ലാഹ്‌ എന്നാണ്‌.സ്‌ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാം നിഷേധിക്കുന്നു എന്ന ശത്രുക്കളുടെ വാദത്തിന്‌ അവര്‍ തന്റെ തഫ്‌സീറില്‍ അക്കമിട്ട്‌ മറുപടി പറയുന്നു.

യുവജനങ്ങളെ ലക്ഷ്യംവെച്ച്‌കൊണ്ട്‌ ഫാതിന്‍ അല്‍ഫലക്കി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമാണ്‌ തഫ്‌സീറുല്‍ ഖുര്‍ആന്‍ ലിശ്ശഹബാബ്‌. 2007-ല്‍ മക്‌തബത്തുസ്സ്വഫാ പുറത്തിറക്കിയ ഈ തഫ്‌സീര്‍ 479 പേജുകളുള്ള ഒറ്റ വാള്യത്തിലാണ്‌ രചിക്കപ്പെട്ടത്‌. ഈ തഫ്‌സീറുകള്‍ക്ക്‌ പുറമെ മുഗള്‍ രാജകുടുംബത്തില്‍ ജനിച്ച അബ്ദുറഹിം ബൈറാംഖാന്റെ പുത്രി ജനാന്‍ ബീഗം എന്ന പണ്ഡിത വനിത ഒരു ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ടെന്ന്‌ നുസ്‌ഹത്വുല്‍ ഹവാത്വിര്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ഇന്ത്യന്‍ ചരിത്ര പണ്ഡിതനുമായ അല്ലാമാ അശ്ശരീഫ്‌ അബ്ദുല്‍ ഹയ്യ്‌ ഫഖ്‌റുദ്ദീന്‍ അല്‍ഹുസൈനി പറയുന്നു.

ആധുനിക തഫ്‌സീറുകള്‍ എന്നറിയപ്പെടുന്നതില്‍ പലതിലും സുന്നീ അഖീദക്ക്‌ വിരുദ്ധമായ പലതും കടന്നുകൂടിയിട്ടുള്ളതുകൊണ്ട്‌ വായനക്കാര്‍ നെല്ലും പതിരും വേര്‍തിരിച്ച്‌ വായിക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. അറബി വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള ലഘുചര്‍ച്ചക്കൊടുവില്‍ പ്രത്യേകം പരാമര്‍ശിക്കുന്ന മലയാളി പണ്ഡിതന്‍ രചിച്ച, അറിബിയിലുള്ള ഒരു ഖുര്‍ആന്‍ വ്യാഖ്യാനത്തെക്കുറിച്ച്‌ കൂടി പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്‌. പ്രഗല്‍ഭ പണ്ഡിതനായ പാനൂരിലെ സയ്യിദ്‌ ഇസ്‌മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ രചിച്ച അലാ ഹാമിശി ത്തഫാസീര്‍ എന്ന അറിബിയിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം ഒരു മലയാളി പണ്ഡിതന്‍ രചിച്ച ഖുര്‍ആനിന്റെ ഏക അറബി വ്യാഖ്യാനമാണെന്ന്‌ പറയാം. എട്ട്‌ വാള്യങ്ങളുള്ള ഈ വ്യാഖ്യാന ഗ്രന്ഥം പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്‌. ഇത്തരം പണ്ഡിതന്മാരെയും ബുദ്ധിജീവികളെയും അപൂര്‍വ്വ പ്രതിഭകളെയും കണ്ടെത്തി അര്‍ഹമായ പരിഗണന നല്‍കി ആദരിക്കാന്‍ വൈജ്‌ഞാനിക ലോകം മടി കാണിക്കുന്നു എന്ന ദുഃഖ സത്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌.