width=പ്രവാചക ശൃംഖലയിലെ ഏറ്റവും അത്യുല്‍കൃഷ്ടരാണ് മുഹമ്മദ് നബി. അവിടത്തെ അമാനുഷികകഴിവുകളില്‍ ഏറ്റവും മാഹാത്മ്യമുള്ളതാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, പ്രവാചകന്‍ മരണാനന്തരം ബാക്കിവെച്ചതില്‍ ഏറ്റവും അമൂല്യവും അതുതന്നെ. പ്രവാചകരെ അതിരറ്റു സ്‌നേഹിച്ച സ്വഹാബത്ത് ഖുര്‍ആനില്‍ ദൃഢമായി വിശ്വസിച്ചു. അപ്പപ്പോള്‍ അവതരിച്ച ഖുര്‍ആനിക നിയമങ്ങള്‍ ഒന്നൊഴിയാതെ കൈക്കൊണ്ടു. പ്രവാചകരുടെ കാലത്തുതന്നെ ഖുര്‍ആന്റെ ഗുണകാംക്ഷികളായ അവര്‍ അവടുത്തെ വിയോഗാനന്തരം  ഇസ്‌ലാമിന്റെ പരിപൂര്‍ണ സംരക്ഷണമേറ്റെടുക്കുകയുണ്ടായി. പ്രവാചക ചര്യകളും പരിശുദ്ധ ഖുര്‍ആനും അവര്‍ താല്‍പര്യപൂര്‍വ്വം പരിരക്ഷിച്ചു. പ്രവാചകരില്‍നിന്നുള്‍കൊണ്ട ഇസ്‌ലാമിക സന്ദേശം യഥാവിധി ശേഷക്കാര്‍ക്ക് എത്തിച്ചുകൊടുത്തു.

പ്രവാചകരുടെ വിയോഗാനന്തരം പല മാറ്റങ്ങളും സംഭവിച്ചു. ബാഹ്യമാത്ര മുസ്‌ലിംകളായിരുന്ന പലരുടെയും ഉള്ളിലിരിപ്പ് പുറത്തു ചാടി, ഇസ്‌ലാമിനെതിരെ തിരിഞ്ഞു. ജീവിത രീതിയിലും സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളിലും ദൈനംദിനം മാറ്റങ്ങള്‍ അനുഭവപ്പെട്ടു. പ്രശ്‌നങ്ങളും ആവശ്യങ്ങളും വര്‍ദ്ധിച്ചു. ഇത് സ്വഹാബത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തെ കുറിച്ച് ചിന്തിക്കാന്‍ വഴി വെച്ചു.

ഇതിന് പ്രധാനമായി രണ്ടു കാരണങ്ങളുണ്ടായിരുന്നു.

ഒന്ന്: ഇസ്‌ലാമിനുണ്ടായ വമ്പിച്ച പ്രചാരം.

അതെ തുടര്‍ന്ന് പല നാടുകളിലും ഇസ്‌ലാമിക വിപ്ലവം ഉടലെടുത്തു. ഉമര്‍ (റ) വിന്റെ കാലത്ത് ഇറാഖ്, പേര്‍ഷ്യ, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇസ്‌ലാമിന്റെ  പരിധിയില്‍ വന്നു. അവിടങ്ങളില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളായി വികസിച്ചു. അവിടത്തുകാരില്‍ പുതുതായി ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യം ജനിക്കുകയും മറ്റുള്ളവര്‍ ഇവര്‍ക്കു പഠിപ്പിക്കാന്‍ ബധ്യസ്ഥരാവുകയും ചെയ്തു.

ചിന്തകന്മാരും ബുദ്ധിമതികളും ഇസ്‌ലാം ആശ്ലേഷിച്ചു. അവരുടെ ഗഹനമായ ചിന്തകള്‍ ഇസ്‌ലാമിലേക്കു തിരിഞ്ഞു. ഇതോടെ, സംശയങ്ങള്‍ വര്‍ദ്ധിച്ചുവന്നു. കര്‍മശാസ്ത്രരംഗത്ത് വികസനം അനിവാര്യമായി. നിരന്തരം പുതിയ പുതിയ വിഷയങ്ങളെക്കുറിച്ച് ഫത്‌വ നല്‍കാന്‍ സ്വഹാബത്ത് നിര്‍ബന്ധിതരായി. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ പുതുതായി അംഗത്വം നേടിക്കൊണ്ടിരുന്ന രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥയും സാമൂഹിക-സാസ്‌കാരിക രംഗത്തെ ന്യൂതനത്വവും ഈ അനിവാര്യതക്കു മാറ്റു കൂട്ടി.

രണ്ട്: സ്വഹാബത്തിന്റെ പിന്‍തലമുറക്കാരായ താബിഉകളുടെ രംഗപ്രവേശം.

സര്‍വ്വ കാലികവും സര്‍വ്വ ജനീനവുമായ ഇസ്‌ലാമിക തത്ത്വങ്ങള്‍ ഇവരെ ഗ്രഹിപ്പിക്കാന്‍ സ്വഹാബത്ത് ബധ്യസ്ഥരായി. കാലാവസാനം വരെ നീണ്ടു നില്‍ക്കുന്ന വളരെ ബൃഹത്തായൊരു ശൃംഘലയുടെ പ്രഥമ കണ്ണിയായിരുന്നു ഇവര്‍. ഇതുകൊണ്ടുതന്നെ, ഇവരെ ഇസ്‌ലാമിക തത്ത്വങ്ങള്‍ ഗ്രഹിപ്പിക്കുമ്പോള്‍ അഗാധമായ ചിന്തയും പലരുമായുള്ള മുശാവറയും പലവട്ടം പുന:പരിശോധിക്കലും സ്വഹാബത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തയാരുന്നു.

ഇത്തരത്തിലുള്ള നാനാവിധ സാഹചര്യത്തിനിടയില്‍ സര്‍വ്വ വെല്ലുവിളികളും അതിജീവിച്ച് ഇസ്‌ലാമിന്റെ യശസ്സുണര്‍ത്താന്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാന പ്രസ്ഥാനം ആരംഭിക്കേണ്ടിവന്നു. പക്ഷെ, ഖുര്‍ആനെ അതിരറ്റു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സഹാബത്തിനത് അചിന്ത്യമായിരുന്നു. അതെക്കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ ഭയവിഹ്വലരായിരുന്നു. അല്ലാഹു ഉദ്ദേശിക്കാത്ത വല്ലതും തങ്ങളുടെ വ്യാഖ്യാനത്തില്‍ കടന്നുകൂടുമോ എന്നതായിരുന്നു അവരെ അലട്ടിയിരുന്നത്. ഖുര്‍ആന്‍ വ്യാഖ്യാനത്തെക്കുറിച്ച് സ്വഹാബത്തിന്റെ നിലപാട് ഇങ്ങനെയായിരുന്നു. പ്രഥമ ഖലീഫയും സ്വഹാബികളില്‍ പ്രമുഖനുമായ സിദ്ധീഖ് (റ) പറഞ്ഞു: ഖുര്‍ആനിലെ വല്ല അക്ഷരത്തെക്കുറിച്ചും അല്ലാഹുവിന്റെ വിവക്ഷക്കതീതമായി വല്ലതും പറഞ്ഞാല്‍ ഏതാകാശമാണ് എനിക്ക് നിഴലിട്ടു തരിക; ഞാന്‍ എവിടെ പോകും? (തഫ്‌സീറുല്‍ ഖുര്‍ഥുബി: 1/34)

ഖുര്‍ആന്‍ വ്യാഖ്യാനത്തെ വളരെ സൂക്ഷമതയോടെയാണ് സ്വഹാബത്ത് വീക്ഷിച്ചിരുന്നതെന്ന് ഈ പ്രസ്താവനയില്‍നിന്നു ഗ്രഹിക്കാം. പ്രവാചകന്‍ പറഞ്ഞു: ഖുര്‍ആനെ കുറിച്ച് അറിയാതെ വല്ലതും പറഞ്ഞാല്‍ അവന്‍ നരകത്തില്‍ പാര്‍പ്പിടം പ്രതീക്ഷിക്കട്ടെ (തുര്‍മുദി). ഇത്തരത്തില്‍ ധാരാളം ഹദീസുകളുണ്ട്. പ്രവാചകന്റെ ഇവ്വിധം താക്കീതുകളും മുന്‍ സമുദായങ്ങള്‍ തങ്ങള്‍ക്കവതരിക്കപ്പെട്ട ഗ്രന്ഥങ്ങളെ യഥേഷ്ടം വ്യാഖ്യാനിച്ചതിനാല്‍ അനുഭവിച്ച കനത്ത ശിക്ഷയെക്കുറിച്ച പരാമര്‍ശവുമായിരുന്നു സ്വഹാബത്തിനെ ഭീതിതരാക്കിയത്. യഥേഷ്ടം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് ഉപര്യുക്ത ഹദീസ് ഒരു പാഠമാണ്.

സ്വന്താഭിപ്രായമനുസരിച്ച് ഖുര്‍ആനില്‍ വല്ലതും പറഞ്ഞു, അത് യഥാര്‍ത്ഥത്തോട് യോജിച്ചു, എന്നാലും  അവന്‍ അത് തെറ്റുകാരനാണ് എന്നാണ് ഹദീസ്. ഈ ഹദീസിലെ 'റഅ്‌യ്' എന്ന പദത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. തമാശ, തെറ്റാദ്ധാരണ, അജ്ഞത, അനുമാനം, ഊഹം, പൊതുനന്മ എന്നിങ്ങനെ പല വിവക്ഷകളും ഈ പദത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്. അടിസ്താനപരമല്ലാതെ ഖുര്‍ആന്‍ വ്യാഖ്യാനിച്ചാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകളിലേക്കാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. ഇതും സ്വഹാബികളെ ഭീതിതരാക്കി.

പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതില്‍ സ്വഹാബത്ത് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഹൃദിസ്ഥവേളയിലും അല്ലാത്തപ്പോഴും ഓരോ അക്ഷരവും യഥാവിധി സൂക്ഷിച്ചുപോന്നു അവര്‍. ഖുര്‍ആന്‍ അക്ഷരങ്ങളോട് സ്വഹാബത്തിന്റെ കരുതലോടെയുള്ള സമീപനങ്ങള്‍ക്കു തെളിവായി സിദ്ദീഖ് (റ), ഉമര്‍ (റ) എന്നിവരില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പലതും തെളിവായുദ്ധരിക്കപ്പെട്ടിട്ടുണ്ട്. 'ഞാന്‍ ഉമര്‍ (റ) വിന് നാലു പ്രാവശ്യം  ഖുര്‍ആന്‍ ഓതിക്കൊടുത്തുവെന്ന് റയാഹി പറയുന്നു. ആദ്യമായി ഖുര്‍ആന്‍ ഹൃദിസ്ഥ കോളേജ് സ്ഥാപിച്ചത് അബൂദ്ദര്‍ദാഅ്് ആയിരുന്നു. ഡമസ്‌കസിലെ ഭരണാധിപനായിരുന്ന കാലത്ത് പള്ളിയില്‍ വെച്ചായിരുന്നു കോളേജ് നടത്തിയിരുന്നത്. പത്താള്‍ക്കു ഒരു ഹാഫിസ് എന്ന തോതില്‍ പള്ളിയുടെ പല ഭാഗത്തായിട്ടായിരുന്നു ഇത്.  അദ്ദേഹം മിഹ്‌റാബില്‍നിന്നു എല്ലാ സദസ്സും വീക്ഷിച്ചിരുന്നു. സദസ്യര്‍ക്കു പിഴച്ചാല്‍ അധ്യാപകനും അധ്യാപകര്‍ക്കു പിഴച്ചാല്‍ അബുദ്ദര്‍ദാഉം തെറ്റ് തിരുത്തിക്കൊടുക്കും. ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കിക്കഴിഞ്ഞാല്‍ അബൂദ്ദര്‍ദാഅ്് സര്‍ട്ടിഫിക്കറ്റ് നല്‍കും. 1600 ല്‍ പരം ആളുകള്‍ ഇങ്ങനെ അദ്ദേഹത്തിന്റെ കോളേജില്‍നിന്നും ബിരുദം നേടിയിട്ടുണ്ട് (അല്‍ ഇത്ഖാന്‍).

മുമ്പു വിവരിച്ച പോലെ ഇസ്‌ലാമിന്റെ വികസനവും പുതിയ തലമുറയുടെ രംഗപ്രവേശവും കര്‍മശാസ്ത്ര രംഗത്ത് വിപുലീകരണം അനിവാര്യമാക്കി. നിത്യജീവിതവും സാമൂഹിക പ്രശ്‌നങ്ങളും സങ്കീര്‍ണങ്ങളായി. ഇസ്‌ലാമിക ദൃഷ്ട്യാ അവ പരിഹരിക്കപ്പെട്ടു. തദ്വാരാ, സമാധാനം സുസ്ഥാപിതമാക്കാന്‍ ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ സ്വഹാബത്തിന് ഗവേഷണം ആവശ്യമായി. ഇതിനാല്‍, സ്വഹാബികളില്‍ പ്രമുഖരായ പലരും ഫിഖ്ഹിനു പ്രഥമ സ്ഥാനം കല്‍പിച്ചു. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് സ്വഹാബത്തിന്റെ എണ്ണം ചുരുങ്ങാന്‍ ഇതു കാരണമായി. ഫിഖ്ഹില്‍ മാത്രം ശ്രദ്ധിച്ച സ്വഹാബത്തിന്റെ എണ്ണം 136 ആയിരുന്നു. മറ്റുള്ളവരുടേത് ഇതിലും എത്രയോ താഴെയും. ഇബ്‌നു ഹസം പറയുന്നു: സ്വഹാബികളില്‍ പലര്‍ക്കും ഫിഖ്ഹില്‍ വലിയ ഗ്രന്ഥ ശേഖരങ്ങള്‍ ഉണ്ടായിരുന്നു. അബ്ദുല്ലാഹ് ബിന്‍ അബ്ബാസിനു മാത്രം ഇരുപതു വലിയ ഫത്‌വാ ഗ്രന്ഥങ്ങളാണ് ഉണ്ടായിരുന്നത് (ഇഅ്് ലാമുല്‍ മുവഖ്ഖിഈന്‍). സ്വഹാബത്തിന്റെ ഫിഖ്ഹ് സംബന്ധമായ ഗവേഷണങ്ങള്‍ ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയായിരുന്നതിനാല്‍ അവ തഫ്‌സീറുമായി ബന്ധപ്പെട്ടതായിരുന്നുവെന്നോ, അല്ല, ആദ്യം തഫ്‌സീര്‍ ഫിഖ്ഹായി രൂപം പ്രാപിച്ചാണെന്നോ അതുമല്ലെങ്കില്‍ അവര്‍ വിജ്ഞാന രംഗത്ത് ആദ്യം കാഴ്ച വെച്ചത് ഫിഖ്ഹീ തഫ്‌സീറായിരുന്നുവെന്നും പറയാം. ഏതായാലും ഇവയെല്ലാം സ്വഹാബത്തിന്റെ സംഭാവനകളായിരുന്നു.

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഖുര്‍ആനെക്കുറിച്ച് പരിപൂര്‍ണ ജ്ഞാനികളായിരിക്കണം. കാരണം, ഒരു വിഷയത്തെക്കുറിച്ചു തന്നെ ഖുര്‍ആനില്‍ പലയിടത്തും പ്രതിപാദനമുണ്ട്. ഒരു വിഷയം ഒരിടത്ത് ഹ്രസ്വമായി വിവരിക്കപ്പെട്ടെങ്കില്‍ മറ്റൊരിടത്തതു വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കും. ചില പദങ്ങളുടെ ഉദ്ദിഷ്ടാര്‍ത്ഥം  ചിലയിടത്തത് അവ്യക്തമാണെങ്കില്‍ മറ്റു ചിലേടത്തത് വ്യക്തമാക്കപ്പെട്ടിരിക്കും (ഇത്ഖാന്‍). ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പാലിക്കപ്പെടേണ്ട പ്രഥമ നിയമമാണിത്. പ്രവാചക ചര്യയും ഇതാണ്. ഫാത്തിഹ സൂറയിലെ ഒടുവിലത്തെ രണ്ടു സൂക്തങ്ങളില്‍ അധിക്ഷേപാര്‍ഹരായ രണ്ടു വിഭാഗമാരാണെന്ന് ഖുര്‍ആനിലെ മറ്റൊരിടത്തെ പ്രതിപാദ്യമെടുത്തു പ്രവാചകന്‍ വ്യാഖ്യാനിച്ചു. ആദ്യ വിഭാഗം ജൂതരും രണ്ടാമത്തെ വിഭാഗം ക്രൈസ്തവരുമാണെന്ന് പ്രവാചകന്‍ പറഞ്ഞു (അഹ്മദ്, തുര്‍മുദി). അല്‍ ബഖറയിലെ 61 ാമത്തെ സൂക്തത്തിലെ ജൂതരെപ്പറ്റിയുള്ള പരാമര്‍ശവും മാഇദയിലെ 77 ാമത്തെ സൂക്തത്തിലെ ക്രൈസ്തവരെക്കുറിച്ച പ്രതിപാദ്യവുമാണ് പ്രവാചകരുടെ വ്യാഖ്യാനത്തിന് അടിസ്ഥാനം. സൂറത്ത് അന്‍ആമിലെ 82 ാം സൂക്തത്തിലെ 'ളുല്‍മ്' എന്ന പദത്തിന്റെ വിവക്ഷ ശിര്‍ക്ക് എന്നാണെന്നു പ്രവാചകന്‍ വ്യാഖ്യാനിച്ചു. ലുഖ്മാന്‍ സൂറത്തിലെ പന്ത്രണ്ടാം സൂക്തമാണിതിന് തെളിവ്. ഇങ്ങനെ അസംഖ്യം തെളിവുകളുണ്ട്. പ്രവാചകനെ പ്രാണനു തുല്യം സ്‌നേഹിച്ച സ്വഹാബത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ പ്രവാചകന്റെ സരണി അവലംബിച്ചു.

സ്വഹാബികളില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വളരെ ഉണ്ടായിരുന്നുവെങ്കിലും കൂട്ടത്തില്‍ ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിച്ചവരില്‍ പ്രമുഖന്‍ അബ്ദുല്ലാഹിബിന്‍ മസ്ഊദ് ആയിരുന്നു. തന്റെ സമപ്രായക്കാരില്‍ പലര്‍ക്കും നേടാന്‍ കഴിയാത്ത മഹാ ഭാഗ്യമാണ് ഈ വിഷയത്തില്‍ അദ്ദേഹം നേടിയത്. കാരണം നബിയുമായി അദ്ദേഹം വളരെ അടുപ്പത്തിലായിരുന്നു. അബൂ മൂസല്‍ അശ്അരി (റ) പറയുന്നു: പ്രവാചക സഭയില്‍ ആര്‍ക്കു വിലക്ക് കല്‍പിക്കപ്പെട്ടാലും ഇബ്‌നു മസ്ഊദിന് വിലക്ക് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. മറ്റുള്ളവരൊക്കെ വിട്ടുപിരിഞ്ഞാലും അദ്ദേഹം പ്രവാചകന്റെ കൂടെത്തന്നെയുണ്ടായിരുന്നു (മുസ്‌ലിം). ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുക, അര്‍ത്ഥവും വ്യാഖ്യാനവും പ്രവാചകരില്‍നിന്നു ഗ്രഹിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ നിത്യതൊഴില്‍. പ്രവാചകന്‍ പറഞ്ഞു: നാലാളുകളില്‍നിന്നു നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുക. ഒന്ന് ഇബ്‌നു മസ്ഊദില്‍നിന്ന് (മുസ്‌ലിം).

ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: സ്വഹാബികളില്‍നിന്ന് ഏറ്റവും ഖുര്‍ആന്‍ അറിയുന്ന വ്യക്തി ഞാനാണെന്ന് പ്രവാചകരും സ്വഹാബത്തും മനസ്സിലാക്കി. എന്നെക്കാള്‍ അറിയുന്ന മറ്റൊരാളെക്കുറിച്ച് ഞാന്‍ അറിയുകയാണെങ്കില്‍ ഞാന്‍ അയാളെ സമീപിക്കും. ഈ ഹദീസ് നിവേദനം ചെയ്ത ശഖീഖ് (റ) പറയുന്നു: അദ്ദേഹം ഇതു പറയുമ്പോള്‍ ഞാന്‍ സദസ്സിലുണ്ടായിരുന്നു. ഒരാളും അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നില്ലല(മുസ്‌ലിം).

ഇബ്‌നു മസ്ഊദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഗഹനവും ചിന്തോദ്ദീപകവുമായിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: അല്‍ ബഖറയില്‍ 62 ാം സൂക്തത്തില്‍ ജൂതര്‍ക്ക് ഹൂദ് എന്നും ക്രൈസ്തവര്‍ക്കു നസാറാ എന്നും പറയാന്‍ കാരണം അഅ്്‌റാഫ് സൂറയിലെ 156 ാം സൂക്തത്തില്‍ ജൂതരെക്കുറിച്ച പരാമര്‍ശവും ആലു ഇംറാനിലെ 52 ാം സൂക്തത്തില്‍ ക്രൈസ്തവരെക്കുറിച്ച പരാമര്‍ശവുമാകുന്നു.

ആലു ഇംറാനിലെ 13 ാം സൂക്തത്തിന്റെ വ്യാഖ്യാനമാണ് അന്‍ഫാലിലെ 44 ാം സൂക്തം. സൂറത്തു താഹായിലെ 43, 44 സൂക്തങ്ങളിലെ സൗമ്യമായ വാക്ക് എന്നതിന്റെ വിശദീകരണമാണ് നാസിഅത്ത് സൂറയിലെ 18, 19 സൂക്തങ്ങള്‍.

ഹ്രസ്വമായി വിശദീകരിക്കപ്പെടുകയും ഖുര്‍ആനില്‍ മറ്റെവിടെയും അതെക്കുറിച്ച് വിശദീകരണം വരാതെയിരിക്കുകയും ചെയ്താല്‍ ഹദീസ് അവലംബമാക്കിയായിരിക്കണം അത് വ്യാഖ്യാനിക്കേണ്ടത്. ഇത് ഇജ്മാഅ് ആണ്. സ്വഹാബത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അവലംബിച്ച മറ്റൊരു വ്യവസ്ഥയും ഇതായിരുന്നു (ഇത്ഖാന്‍). ഉമര്‍ (റ) പറഞ്ഞു: ഇല്‍മ് മൂന്നാകുന്നു; ഖുര്‍ആന്‍, ഹദീസ്, ലാ അദ്‌രീ (ഇഅലാമുല്‍ മുവഖിഈന്‍).

പ്രവാചകന്റെ വാക്കും പ്രവൃത്തിയും അടിസ്ഥാനമാക്കി ഖുര്‍ആന്‍ വ്യാഖ്യാനിച്ചവരില്‍ പ്രമുഖയാണ് ആഇശാ ബീബി (റ). പ്രവാചകരില്‍നിന്നു നേരിട്ടു ഹദീസ് നിവേദനം ചെയ്തതിലും പ്രമുഖ സ്ഥാനം ഇവര്‍ക്കു തന്നെ. ഇബ്‌നുല്‍ ജൗസി പറഞ്ഞു: 2210 ഹദീസുകള്‍ ആഇശ (റ) പ്രവാചകരില്‍നിന്നു നേരിട്ടു നിവേദനം ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നബി ചര്യ അടിസ്ഥാനമായി സ്വീകരിച്ചിരുന്ന മഹതി പ്രവാചകന്റെ ചലനാദികള്‍ ബോധപൂര്‍വ്വം നിരീക്ഷിച്ചിരുന്നു. ആഇശ (റ) പ്രവാചകരോടൊപ്പം ഒമ്പതു വര്‍ഷം ജീവിച്ചു. കേവലം ഭാര്യ എന്നതിലുപരി അവിടുത്തെ ഏറ്റവും വലിയ സ്‌നേഹ ഭാജനമാകാന്‍ ആഇശ (റ) ക്കു ഭാഗ്യം സിദ്ധിച്ചു.

മനുഷ്യരില്‍ അങ്ങേക്കു ഏറ്റം ഇഷ്ടം ആരോടെന്നു പ്രവാചകരോട് ചോദിച്ചാല്‍ ആഇശയോടെന്ന് പ്രവാചകന്‍ മറുപടി പറയും (ബുഖാരി). ആയിശയുടേതൊഴികെ മറ്റാരുടെ വീട്ടിലായിരിക്കുമ്പോഴും നബിക്ക് ദേവ സന്ദേശം ലഭിക്കാറില്ല (ബുഖാരി). നബി ആഇശയുടെ വീട്ടിലായിരുന്നപ്പോള്‍ അവതരിച്ചതാണ് അസ്ഹാബ് സൂറയിലെ 33 ാം സൂക്തം. ഇഫ്ക്, തയമ്മും എന്നിവയുടെ ആയത്തുകള്‍ ആഇശയുടെ കാരണത്തില്‍ ഇറങ്ങിയതാണ്. വഹ്‌യ് വരുന്നതിന് പലപ്പോഴും ആഇശ ബീവി സാക്ഷിയായിട്ടുണ്ട്. വഹ്‌യ് വരുന്ന അവസ്ഥ ആയിശ (റ) വിവരിക്കാറുണ്ടായിരുന്നു (മുസ്തദ്‌റക്). ആഇശ (റ) ജിബ്‌രീലിനെയും കണ്ടിട്ടുണ്ട് (ഥബഖാത്ത്). ജിബ്‌രീല്‍ ആഇശാക്കു സലാം പറയുകയും ചെയ്തിട്ടുണ്ട് (ബുഖാരി). പ്രവാചകരോടൊന്നിച്ചുള്ള ഒമ്പതു വര്‍ഷക്കാലം  ആഇശയുടെ ജീവിതത്തിലെ അദ്വിതീയ നിമിഷങ്ങളായിരുന്നു. പണ്ഡിത ലോകത്ത് തന്റെ യശസ്സുയര്‍ത്തിയ  ഖുര്‍ആനും ഹദീസും സമന്വയിപ്പിച്ചുള്ള താരതമ്യ പഠനം ഈ കാലയളവിലായിരുന്നു ആയിശ നടത്തിയിരുന്നത്.

പ്രവാചകന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയിശായുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ അധികവും ശുദ്ധി സംബന്ധിച്ചായിരുന്നു. അല്‍ ബഖറയിലെ 22 ാം സൂക്തത്തില്‍ ആര്‍ത്തവ സമയത്ത് ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് ഇതില്‍ പ്രമുഖം. തനിക്ക് നബിയില്‍ നിന്നുണ്ടായ അനുഭവങ്ങളാണ് ആഇശ (റ) അതില്‍ വിവരിച്ചിരിക്കുന്നത്. ആര്‍ത്തവ സമയത്ത് ഒവരൊന്നിച്ച് ഭുജിക്കല്‍ (നസാഈ), സഹശയനം (മുവത്വ), പളളിക്കകത്ത് ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്ന പ്രവാചകന്‍ പുറത്തിരുന്ന ആഇശായുടെ മടിയില്‍ തല വെച്ചുകൊടുത്ത സംഭവം (ബുഖാരി), പ്രവാചകന് ആഇശ നമസ്‌കാര വിരിപ്പ് എടുത്തുകൊടുത്ത സംഭവം (മുസ്‌ലിം) ഇങ്ങനെ പലതും.
മാഇദ സൂറയിലെ 90ാമത്തെ സൂക്തം മദ്യത്തെക്കുറിച്ചാണ്. ഇതെക്കുറിച്ച് ആഇശ (റ) പറഞ്ഞു: തേനുകൊണ്ടുണ്ടാക്കിയിരുന്ന ഒരിനം മദ്യം യമനികള്‍ കുടിച്ചിരുന്നു. അതേകുറിച്ച് നബിയോടവര്‍ ചോദിച്ചു. മത്തുണ്ടാക്കുന്ന സര്‍വ്വതും നിഷിദ്ധമാണെന്നായിരുന്നു അവരുടെ പ്രതികരണം. മദ്യനിരോധനത്തിനു കാരണം അതിന്റെ നാമമല്ല, പ്രത്യുത, അതുണ്ടാക്കുന്ന വിപത്താണ്. ആഇശ (റ) വ്യക്തമാക്കി.
മൂന്നു കാരണങ്ങള്‍കൊണ്ടല്ലാതെ ഒരു മുസ്‌ലിമിന്റെ രക്തം അനുവദനീയമല്ല. വ്യഭിചരിക്കുക, മന:പൂര്‍വ്വം മറ്റൊരു മുസ്‌ലിമിനെ വധിക്കുക, അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യുക എന്നിവയാണവ (മുസ്‌ലിം). അന്‍ആം സൂറത്തിലെ വധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന 151 ാം സൂക്തത്തെ ഈ ഹദീസ് ഉദ്ധരിച്ചാണ് ആഇശ (റ) വ്യാഖ്യാനിച്ചത്. നിസാഅ്് സൂറയിലെ 123 ാം സൂക്തത്തെയും ആഇശ (റ) താഴെ പറയുന്ന ഹദീസ് കൊണ്ട് വ്യാഖ്യാനിച്ച. മുഅ്്മിന്‍ അനുഭവിക്കുന്ന ഏതുതരം ബുദ്ധിമുട്ടുകള്‍ക്കും പ്രതിഫലം നല്‍കപ്പെടും. അല്ലെങ്കില്‍ അതുകാരണം ദോഷം പൊറുക്കപ്പെടും (മുസ്‌ലിം).

സ്വഹാബികളിലെ ഹദീസ് പണ്ഡിതരില്‍ മറ്റൊരു പ്രധാനിയാണ് ഇബ്‌നു മസ്ഊദ് (റ). അനവധി ഹദീസുകള്‍ അദ്ദേഹം നിവേദനം ചെയ്തിട്ടുണ്ട്. അഹ്മദ് ബിന്‍ ഹമ്പല്‍ തന്റെ മുസ്‌നദില്‍ തൊള്ളായിരം ഹദീസുകള്‍ ഇദ്ദേഹത്തില്‍നിന്നു നിവേദനം ചെയ്തിട്ടുണ്ട്. ഇബ്‌നു മസ്ഊദ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മുന്നൂറോളം ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. 'സ്ത്രീ പരിച്ഛന്നയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളെ എത്തിനോക്കും'(തുര്‍മുദി). അഹ്‌സാബ് സൂറത്തിലെ 33 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു മസ്ഊദ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ജുമുഅ സൂറയിലെ 9 ാം സൂക്തത്തെ വ്യാഖ്യാനിച്ചിടത്ത് 'പള്ളിയില്‍ വരാത്തവരെ തീ വെച്ചു കരിക്കാന്‍ പ്രവാചകന്‍ ഉദ്ദേശിച്ചു' എന്ന ഹദീസും ഉദ്ധരിച്ചിട്ടുണ്ട്.

ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സ്വഹാബത്ത് അവലംബിച്ച മറ്റൊന്നാണ് അവതരണ കാരണങ്ങള്‍ (സബബു ന്നുസൂല്‍). അര്‍ഥം ഗ്രഹിക്കാന്‍ ഇത് ഏറെ നല്ല മാര്‍ഗമാണ്. ഏതൊരു സൂക്തത്തിന്റെയും ചരിത്രവും അവതരണ കാരണവും ഗ്രഹിക്കാതെ ആ സൂക്തം വ്യാഖ്യാനിക്കാന്‍ സാധ്യമല്ല (ഇത്ഖാന്‍).

ഇസ്‌ലാമിലെ അതിമഹത്തായ അനവധി ചരിത്ര സംഭവങ്ങള്‍, ഇസ്‌ലാം കൈവരിച്ച അസൂയാര്‍ഹമായ പുരോഗതികള്‍ തുടങ്ങിയവ സ്വഹാബത്ത് കൃത്യമായും എഴുതി സൂക്ഷിച്ചിരുന്നു. വഹ്‌യിനു സാക്ഷിയായ ഒരു സ്വഹാബി ഒരു സൂക്തത്തെക്കുറിച്ച് ഏതെങ്കിലും ഒരു വിഷയത്തില്‍ അവതരിച്ചു എന്നു പറഞ്ഞാല്‍  അതിന് മര്‍ഫൂഇന്റെ വിധിയാണ് (ഇത്ഖാന്‍). അവതരണത്തില്‍ ഗവേഷണ നിരീക്ഷണത്തില്‍ അനുവദനീയമല്ലെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇമാമുകളുടെ ഏകാഭിപ്രായം. അവതരണ കാരണം വിശ്വസ്തനായ ഒരാളില്‍നിന്ന് നേരിട്ടു കേള്‍ക്കുകയോ അയാളില്‍നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുകയോ വേണം (അസ്ബാബു ന്നുസൂല്‍).

അവതരണ കാരണങ്ങളെക്കുറിച്ച് സൂക്ഷ്മ ജ്ഞാനികളില്‍ പ്രഥമന്‍ ഇബ്‌നു മസ്ഊദായിരുന്നു. നബിയുമായുള്ള തന്റെ ഉറ്റ ബന്ധമായിരുന്നു ഇതിനു കാരണം. അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ സത്യം, ഖുര്‍ആനിലെ ഓരോ സൂക്തങ്ങളെക്കുറിച്ച് അവ എവിടെ വെച്ചു എന്തിനിറങ്ങി എന്നു എനിക്കറിയാം. എന്നെക്കാള്‍ അറിയുന്ന വേറെ ഒരാള്‍ ഉണ്ടെങ്കില്‍ ഞാന്‍ അയാളെ തേടിപ്പിടിക്കും (മുസ്‌ലിം).
അലി (റ) പറഞ്ഞു: ഖുര്‍ആനിനെക്കുറിച്ച് എന്നോടു ചോദിക്കുക. അതിലെ ഓരോ സൂക്തവും രാത്രിയോ പകലോ സമതലത്തിലോ പര്‍വതത്തില്‍വെച്ചോ അവതരിച്ചതെന്നും അവതരണ കാരണവും എനിക്കറിയാം (ഇത്ഖാന്‍).

ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: മദ്യം നിരോധിക്കപ്പെട്ടപ്പോള്‍ ജൂതന്മാര്‍ ചോദിച്ചു: നിങ്ങളില്‍ മദ്യം കഴിച്ചു മൃതിയടഞ്ഞവരെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു? ഉടനെ വഹ്‌യ് അവതരിച്ചു: വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ നഅനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (നിഷിദ്ധകാര്യങ്ങളെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെയും സൂക്ഷിക്കുകയും (പ്രവര്‍ത്തനം) നന്നാക്കുകയും ചെയ്താല്‍ അവര്‍ (ഹറാമാകുന്നതിന് മുമ്പു) ഭക്ഷിച്ചുപോയതില്‍ കുറ്റമില്ല. നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു (മാഇദ: 93).

ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് ആഇശ (റ) യുടെ മഹത്വം മുമ്പു പ്രസ്താവിച്ചുവല്ലോ. ആയത്തുകള്‍ സൂചിപ്പിക്കുന്ന ചരിത്ര സംഭവങ്ങള്‍ വിവരിക്കല്‍ ആഇശയുടെ നിത്യ ഹോബിയായിരുന്നു. ഇതിനു പല കാരണങ്ങളുമുണ്ട്. രക്ഷിതാക്കളെ മുസ്‌ലിമായിട്ടല്ലാതെ ആഇശ (റ) കണ്ടെത്തിച്ചിട്ടില്ല. പ്രവചകന്‍ നിത്യം സിദ്ധീഖിന്റെ ഗൃഹം സന്ദര്‍ശിച്ചിരുന്നു. ഖുറൈശിനെ കുറിച്ചു പരാതികളും അവരുടെ പീഢനങ്ങളും സംബന്ധിച്ച വിവരണങ്ങളും ഇസ്‌ലാമിന്റെ ഭാവി പ്രവര്‍ത്തന സംബന്ധിയായ രഹസ്യ സംഭാഷണങ്ങളും അവിടെ വെച്ചായിരുന്നു നടന്നിരുന്നത്. വീടിനകത്ത് ഒളിഞ്ഞിരുന്ന ആഇശ (റ) ബാലികയായിരുന്നുവെങ്കിലും ഇതെല്ലാം കേള്‍ക്കുമായിരുന്നു.

നിശ്ചയമായും സഫായും മര്‍വായും അല്ലാഹുവിന്റെ (ദീനിന്റെ) ചിഹ്നങ്ങളില്‍ പെട്ടതാണ്; അപ്പോള്‍ വല്ലവരും കഅബയുടെ സമീപം ചെന്നു ഹജ്ജോ ഉംറയോ ചെയ്യുന്നുവെങ്കില്‍ അവ രണ്ടിനെയും പ്രദക്ഷിണം ചെയ്യല്‍ കുറ്റമില്ല (അല്‍ ബഖറ: 158). ഈ സൂക്തത്തിന്റെ ബാഹ്യാര്‍ത്ഥം സഅ്്‌യ് നിര്‍ബന്ധമില്ലെന്നാണ്. ഇതടിസ്ഥാനമാക്കി ആഇശയുടെ സഹോദരീ പുത്രന്‍ ഉര്‍വ സഅ്്‌യി നിര്‍ബന്ധമില്ലെന്നു വാദിച്ചു. ഈ പശ്ചാത്തലത്തില്‍ ആഇശ ഉര്‍വയെ അവതരണം കാരണം ഗ്രഹിപ്പിക്കുകയുണ്ടായി. ജാഹിലിയ്യാ കാലത്ത് അവരങ്ങനെ  ഥവാഫ് ചെയ്യലും അതിന്മേലുണ്ടായിരുന്ന വിഗ്രഹങ്ങളെ പൂജിക്കലും പതിവായിരുന്നു. അതിനാല്‍, അന്‍സാറുകള്‍ അതിനെ വെറുത്തു. അതുകൊണ്ടാണ് ഇത് അവതരിച്ചത്. ആഇശ (റ) പറഞ്ഞു (ബുഖാരി).

അനന്തരം, 'ഖുറൈശികളേ, ജനങ്ങള്‍ ഇറങ്ങുന്നിടത്തു നിങ്ങളും ഇറങ്ങുക. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം അപേക്ഷിക്കുക. അല്ലാഹു പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു (അല്‍ ബഖറ: 199). ഈ സൂക്തത്തിന്റെ അവതരണം ആഇശ (റ) വിശദീകരിച്ചു. മുമ്പു ഖുറൈശികള്‍ അഹങ്കരിച്ച് സാധാരണക്കാര്‍ പോകുന്ന അറഫായില്‍ പോകാതെ മുസ്ദലിഫായിരുന്നു നിന്നിരുന്നത്. ഇതിനെ ആക്ഷേപിച്ചാണീ സൂക്താവതരണം. ആഇശാ (റ) പ്രതിപാദിക്കുകയുണ്ടായി.

നിങ്ങള്‍ ഗ്രഹിക്കുവാനായി നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു (സുഖ്‌റുഫ്: 3). അതുമായി വിശ്വസ്താത്മാവ് (ജിബ്‌രീല്‍) ഇറങ്ങി, താങ്ങളുടെ ഹൃദയത്തില്‍; താങ്കള്‍ താക്കീതു നല്‍കുന്നവരില്‍ ആകുന്നതിനു വേണ്ടി; സുവ്യക്തമായ അറബി ഭാഷയില്‍ (ശുഅറാഅ്: 193-195).

ഉപരിസൂചിത സൂക്തങ്ങളില്‍ മറ്റൊരു അവശ്യ ഘടകമായി അറബി ഭാഷാ പാണ്ഡിത്യത്തെയാണ് പരിഗണിക്കുന്നത്. ഇമാം മാലിക് (റ) പറഞ്ഞു: ഖുര്‍ആന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അറബി ഭാഷ നല്ല പോലെ അറിയുന്നവരായിരിക്കണം. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരുത്തനും അറബി ഭാഷ അറിയില്ലെങ്കില്‍ അല്ലാഹുവിന്റെ ഖുര്‍ആനെക്കുറിച്ച് യാതൊന്നും ഉരിയാടാന്‍ പറ്റില്ല. സഹാബത്തിന് നല്ലപോലെ അറബി അറിയാമായിരുന്നു. അവരില്‍ ഏറ്റം നിപുണരായിരുന്നു ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സ്വഹാബികല്‍. അല്‍ ബഖറയിലെ 228 ാം സൂക്തത്തിലെ ഖുല്‍അ് എന്ന പദത്തെ ശുദ്ധി എന്ന് ആഇശ (റ) വ്യാഖ്യാനിച്ചത് ഇതിന് തെളിവാണ്.

ആദ്യമായി ഖുര്‍ആനിലെ ഒറ്റ വാക്യങ്ങള്‍ക്കു സമമായ അര്‍ത്ഥം നല്‍കിയത് ഇബ്‌നു അബ്ബാസ് (റ) ആയിരുന്നു. ഫുആദ് സസ്‌കീന്‍ പറഞ്ഞപോലെ ഇത് ഒറ്റ വാക്യ ശാസ്ത്രത്തില്‍ പെട്ടവയാണ്.

അറബി സാഹിത്യത്തിലെ സാഹിത്യ ശേഖരങ്ങളായിരുന്നു അറബിക്കവിതകള്‍. സഹാബത്തിന്റെ റഫറന്‍സായിരുന്നു അവ. ഖുര്‍ആന്‍ വ്യാഖ്യാനത്തിലും അവര്‍ അത് അവലംബിച്ചിരുന്നു. ഖുര്‍ആനിലെ വല്ല പദങ്ങളിലും സംശയമോ അവ്യക്തതയോ അനുഭവപ്പെട്ടാല്‍ ഞങ്ങള്‍ അറബിക്കവിതകള്‍ പരതും- ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു (ഇത്ഖാന്‍). അബൂ ബക്ര്‍ ബിന്‍ അമ്പാരി പറഞ്ഞു: സഹാബികളും താബിഉകളും ഖുര്‍ആനിലെ പൂര്‍വ്വ പദങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ അറബി പദ്യങ്ങള്‍ അവലംബിച്ചിരുന്നു (ഇത്ഖാന്‍).

ത്വബ്‌രിയുടെ ജാമിഉല്‍ ബയാന്‍ എന്ന തഫ്‌സീരിലും സുയൂഥിയുടെ ദുററുല്‍ മന്‍സൂര്‍ എന്ന തഫ്‌സീരിലും ഹാക്കിമിന്റെ മുസ്തദ്‌റകിലും ഥഖ്‌റാനിയുടെ മുഅ്ജമുല്‍ കബീറിലും അബൂ ബക്ര്‍ അമ്പാരിയുടെ ഈളാഹിലും ഇബ്‌നു അബ്ബാസ് തന്റെ അറബി ഭാഷാ വ്യാഖ്യാനത്തില്‍ അറബിക്കവിതകള്‍ തെളിവായി ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഡോ. ഇബ്‌റാഹീം സംറാഈ 250 ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ച് ഇവ്വിഷയകമായൊരു പുസ്തകമെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: ഇബ്‌നു അബ്ബാസ് (റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അറബി പദ്യങ്ങള്‍ അവലംബിച്ചിരുന്നു. ഗോള്‍ഡശീറിനെപ്പോലെയുള്ള ചില ഒറിയന്റലിസ്റ്റുകള്‍ ഇവ ഇബ്‌നു അബ്ബാസിനെക്കുറിച്ചുള്ള കള്ളക്കഥകളാണെന്നു പ്രചരിപ്പിച്ചിട്ടുണ്ട് (അറബ് സാംസ്‌കാരിക ചരിത്രം).

ഖുര്‍ആനിലെ ഖലം എന്ന അധ്യായത്തിലെ 41 ാം സൂക്തത്തിലെ സാഖ്, അല്‍ ബഖറയിലെ 61 ാം സൂക്തത്തിലെ ഫൂം, നഹ്‌ല് സൂറയിലെ 72 ാം സൂക്തത്തിലെ ഹഫദത്ത് എന്നീ പദങ്ങള്‍ അറബിക്കവിതള്‍ അടിസ്ഥാനമാക്കി ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചു.

സ്വഹാബത്തിന്റെ വ്യാഖ്യാനത്തില്‍ ചിലയിടത്ത് ഭിന്നതകള്‍ കാണാം. പക്ഷെ, അവ അര്‍ത്ഥഗതങ്ങളല്ല. ഉദാഹരണമായി, സിറാത്തല്‍ മുസ്ഥഖീം എന്ന വാക്യത്തിന് ചിലര്‍ ഖുര്‍ആന്‍ എന്നു വ്യാഖ്യാനിച്ചു (തുര്‍മുദി). മറ്റു ചിലര്‍ ഇസ്‌ലാം എന്നു വ്യാഖ്യാനിച്ചു (തുര്‍മുദി). സുന്നത്തു ജമാഅത്ത് എന്നായിരുന്നു മറ്റു ചിലരുടെ വ്യാഖ്യാനം. ദൈവാരാധന എന്നു വേറെ ചിലരും വ്യാഖ്യാനിച്ചു. ഇവ തമ്മില്‍ വാചാന്തരം മാത്രമേയുള്ളൂ എന്നതാണ് വസ്തുത.

മറ്റൊരു ഉദാഹരണം കാണുക: ഫാത്തിര്‍ സൂറയിലെ 32 ാം സൂക്തത്തില്‍ സാബിഖ്, മുഖ്തസിദ്, ളാലിം എന്നിങ്ങനെ മൂന്നു പദങ്ങളുണ്ട്. ഇതില്‍ സാബിഖ് എന്നതിന് ആദ്യം നിസ്‌കരിക്കുന്നവന്‍ എന്നും മുഖ്തസിദ് എന്നാല്‍ ഇടക്ക് നിസ്‌കരിക്കുന്നവന്‍ എന്നും ളാലിം എന്നാല്‍ നിസ്‌കാരം പിന്തിക്കുന്നവന്‍ എന്നും ചിലര്‍ വ്യാഖ്യാനിച്ചു. വേറെ ചിലര്‍ സാബിഖിന് സ്വദഖ ചെയ്യുന്നവന്‍ എന്ന അര്‍ത്ഥവും മുഖ്തസിദിന് പലിശ വാങ്ങാത്തവന്‍ എന്നും ളാലിമിന് പലിശ തിന്നുന്നവന്‍ എന്നും അര്‍ത്ഥം നല്‍കി. പ്രത്യക്ഷത്തില്‍, ഇവ വപരീതമായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവക്കിടയില്‍ അന്തരമില്ല. റൊട്ടി നോക്കി ഇത് റൊട്ടിയാണെന്നും അല്ല, മാവാണെന്നും അല്ല, ഭക്ഷണമാണെന്നും പറയുന്ന വ്യത്യാസമേ ഇതിലുള്ളൂ.

മനുഷ്യന്റെ ഏതുതരം പ്രവര്‍ത്തനങ്ങളിലും അവന്റെ വ്യക്തി മുദ്ര പതിഞ്ഞു കാണും. സ്വഹാബികളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഇത കാണാം. വ്യാഖ്യാതാവിന്റെ ശൈലി, സംവിധാനം, അടിസ്ഥാന ഘടകങ്ങള്‍, സവിശേഷത എന്നിവ ഓരോ വ്യാഖ്യാനത്തിലും തെളിഞ്ഞുകാണും.

ഇസ്‌ലാം ബുദ്ധിയുടെയും ചിന്തയുടെയും മതമാണ്. അവ രണ്ടും ഉപയോഗപ്പെടുത്താന്‍ ഇസ്‌ലാം കല്‍പിക്കുന്നു: അവര്‍ ഖുര്‍ആന്‍ ചിന്തിക്കുന്നില്ലേ? അതോ, അവരുടെ ഹൃദയങ്ങള്‍ക്കു മൂടിയുണ്ടോ? (സൂറത്തു മുഹമ്മദ്). വിശ്വാസികളെയും ജ്ഞാനികളെയും അല്ലാഹു പല വദവികളിലേക്കുമുയര്‍ത്തും (മുജാദല). അല്ലാഹു ആര്‍ക്കെങ്കിലും നന്മ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവനെ പണ്ഡിതനാക്കും (ഹദീസ്). ചിന്താ ശക്തിയും ബുദ്ധിയും ഉപയോഗിച്ച് ഗവേഷണം നടത്താന്‍ പ്രവാചകന്‍ പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്. മുആദി (റ) നെ യമനിലേക്ക് അയച്ചപ്പോള്‍ പ്രവാചകന്‍ നല്‍കിയ ഉപദേശങ്ങള്‍ ഇതിന് തെളിവാണ്.

ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: പച്ച കുത്തുന്നവരെയും മുടി പറിക്കുന്നവരെയും പല്ല് രാകുന്നവരെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. ഇതറിഞ്ഞ ബനൂ അസദിലെ ഒരു സ്ത്രീ ഇബ്‌നു മസ്ഊദിനെ സമീപിച്ചു പറഞ്ഞു: നിങ്ങള്‍ പലരെയും ശപിച്ചതായി അറിഞ്ഞു. ഖുര്‍ആനില്‍ പ്രവാചകന്‍ ശപിച്ചവരെ ഞാനും ശപിച്ചു, ഇബ്‌നു മസ്ഊദ് പറഞ്ഞു.
സ്ത്രീ: ഞാന്‍ ഖുര്‍ആന്‍ പല തവണ ഓതിയിട്ടുണ്ട്. ഇതുപോലെയൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല.

ഇബ്‌നു മസ്ഊദ് (റ) സൂറത്തുല്‍ ഹശ്‌റിലെ ആറാം സൂക്തം ഓതിക്കേള്‍പിച്ചു. ''പ്രവാചകന്‍ കൊണ്ടുവന്നത് സ്വീകരിക്കു. അവിടുന്ന് വിരോധിച്ചത് കൈയൊഴിയുക''. സ്ത്രീ അതംഗീകരിച്ചു (മുസ്‌നദ്).

ഇബ്‌നു മസ്ഊദ് (റ) ഹജ്ജില്‍ പ്രവേശിച്ച ഒരാളെ കണ്ടു. അയാള്‍ തുന്നിയ വസ്ത്രം ധരിച്ചിരുന്നു.  ഇബ്‌നു മസ്ഊദ് അത് നീക്കാന്‍ കല്‍പിച്ചു. അയാള്‍ ഖുര്‍ആന്‍ തെളിവ് ആവശ്യപ്പെട്ടു. സൂറത്തുല്‍ ഹശ്‌റിലെ ആറാം സൂക്തം അയാളെയും ഓതിക്കേള്‍പിച്ചു.
ഇംറാന്‍ ബിന്‍ ഹുസൈന്‍ (റ) ഒരാളെ കണ്ടു. അയാള്‍ ഖുര്‍ആന്‍ ഒഴികെയുള്ളതെല്ലാം കൈയൊഴിക്കണമെന്ന് വാദിക്കുന്ന ആളായിരുന്നു. നിര്‍ബന്ധ കര്‍മമായ നിസ്‌കാരത്തിന്റെയും നോമ്പിന്റെയും വിശദീകരണം പോലും ഖുര്‍ആനിലില്ലെന്നും ഖുര്‍ആന്‍ അടിസ്ഥാനവും ഹദീസ് അതിന്റെ വ്യാഖ്യാനവുമാണെന്നും അയാളെ ബോധ്യപ്പെടുത്തി.

സുഫ്‌യാന്‍ ബിന്‍ ഉയൈന (റ) പറഞ്ഞു: ഇബ്‌നു അബ്ലാസിനെക്കുറിച്ച് വല്ലതിനെക്കുറിച്ചും ചോദിച്ചാല്‍ അതെക്കുറിച്ച് ഖുര്‍ആനിലുണ്ടെങ്കില്‍ അതനുസരിച്ചും അല്ലെങ്കില്‍, ഹദീസിലുണ്ടെങ്കില്‍ അതനുസരിച്ചും  അതുമല്ലെങ്കില്‍, സിദ്ധീഖും ഉമറും (റ) അവ്വിഷയകമായി എന്തു പറയുന്നുവോ അതനുസരിച്ചും നാലാം ഘട്ടത്തില്‍ അദ്ദേഹം തന്നെ ഗവേഷണം നടത്തിയുമാണ് അദ്ദേഹം മറുപടി പറഞ്ഞിരുന്നത് (ത്വബഖാത്ത്).

സ്വഹാബത്തിന്റെ ഗവേഷണം സ്വാര്‍ത്ഥപരമോ മറ്റോ ആയിരുന്നില്ല. ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയായിരുന്നു. അസ്ഹാബ് സൂറയിലെ 28, 29 സൂക്തങ്ങള്‍ പ്രവാചകന്റെ ഭാര്യാ വിമോചനത്തെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നവയാണ്. ഇത് സംബന്ധമായി അവതരിച്ച ആയത്തുകളും ആ സമയത്ത് നബിയുടെ അവസ്ഥയും വച്ചു ആഇശ (റ) അഞ്ചു മസ്അലകള്‍ ഗവേഷണം ചെയ്‌തെടുത്തു.

ഒന്ന്, സ്ത്രീകള്‍ക്കു നല്‍കിയ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് പ്രാധാന്യമില്ല.
രണ്ട്, തിരഞ്ഞെടുക്കാന്‍ അവകാശം (ഖിയാര്‍) നല്‍കുന്നത് ത്വലാഖാവുകയില്ല.
മൂന്ന്, ഖിയാര്‍ ത്വലാഖാവണമെങ്കില്‍ ത്വലാഖിനെ കരുതണം.
നാല്, സ്ത്രീ ഭര്‍ത്താവിനെ തിരഞ്ഞെടുത്താല്‍ അതും ത്വലാഖാവുകയില്ല.
അഞ്ച്, സ്ത്രീ ഭര്‍ത്താവിനെ തിരഞ്ഞെടുക്കാത്ത പക്ഷം അത് വിവാഹ മോചനത്തെ നിര്‍ബന്ധമാക്കും (തഫ്‌സീര്‍ ആഇശ).

നിസാഅ് സൂറയിലെ പതിനൊന്നാം സൂക്തം അനന്തരാവകാശത്തെ പറ്റിയുള്ളതാണ്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ അബൂ മൂസ (റ) യോടും സല്‍മാന്‍ ബിന്‍ റബീഅ് (റ) നോടും ഒരാള്‍ ചോദിച്ചു:  മരിച്ചയാള്‍ക്ക് മകളും മകന്റെ മകളും പിതൃസഹോദരിയുമാണ് അവകാശികളെങ്കില്‍ എത്രയാണ് വിഹിതം? മക്കള്‍ക്കും സഹോദരിക്കും പപ്പാതി, അവര്‍ പറഞ്ഞു.
ശേഷം, ഇബ്‌നു മസ്ഊദിനെ സമീപിച്ച് ചോദ്യകര്‍ത്താവ് ഈ ചോദ്യം ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ വിധിച്ചത് ഞാന്‍ പറയാം. ആകെ സ്വത്തിന്റെ പാതി മകള്‍ക്ക്. ആറില്‍ ഒരോഹരി പൗത്രിക്ക്, ബാക്കി സഹോദരിക്ക്.

അല്‍ ബഖറയിലെ 234 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു മസ്ഊദ് (റ) വിനോട് ഒരാള്‍ ചോദിച്ചു: മഹ്ര്‍ നിശ്ചയിക്കാതെ വിവാഹം കഴിച്ചു. സംഭോഗത്തിനു മുമ്പു ഭര്‍ത്താവ് മരിച്ചു. എന്നാല്‍, ഭാര്യയുടെ വിധിയെന്താണ്? ഇബ്‌നു മസ്ഊദ് പറഞ്ഞു: ഞാന്‍ നബിയില്‍നിന്നും ഇതേക്കുറിച്ചൊന്നും കേട്ടിട്ടില്ല.   സ്വഹാബികള്‍ ഒരു മാസം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു. 'ഭാര്യക്ക് മഹ്ര്‍ മിസ്‌ലും ഇദ്ദയും അനന്തരാവകാശവുമുണ്ട്' അവസാനം അവര്‍ കണ്ടുപിടിച്ചു. മഅ്ഖലു ബിന്‍ യസാര്‍ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞു: ഞങ്ങളുടെ ഗോത്രത്തിലെ ഒരു സ്ത്രീയെക്കുറിച്ച് പ്രവാചകന്‍ ഇങ്ങനെ വിധിച്ചു. ഇതറിഞ്ഞു ഇബ്‌നു മസ്ഊദ് അതിരറ്റു സന്തോഷിച്ചു.

സ്വഹാബത്തിന് ഏറ്റവും അധികം ഭീതിയായിരുന്നു ഫത്‌വ നല്‍കുക എന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇബ്‌നു മസ്ഊദ് പോലും ഇതേക്കുറിച്