വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട ക്രമങ്ങളെക്കുറിച്ച് മഹാനായ ഇബ്‌നു കസീര്‍(റ) അദ്ദേഹത്തിന്റെ സുപ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുള്ള ചില ഭാഗങ്ങളുടെ സംഗ്രഹമാണ് താഴെ കൊടുക്കുന്നത്: 'ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഏറ്റവും ശരിയായ മാര്‍ഗം ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടുതന്നെ വ്യാഖ്യാനിക്കലാണ്. ഒരിടത്ത് ചുരുക്കിപ്പറഞ്ഞ വിഷയം ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്ത് വിശദീകരിച്ച് പറഞ്ഞിരിക്കും. ഇനി അതിന് സാധിക്കാതെ വന്നാല്‍ സുന്നത്തിനെ ആശ്രയിക്കണം. അത് ഖുര്‍ആന്‍ വിവരിച്ചുതരുന്നതാണ്.' നബി (സ)  പറയുന്നു: എനിക്ക് ഖുര്‍ആനും അതിനോടൊപ്പം അത്രതന്നെ വേറെയും നല്‍കപ്പെട്ടിട്ടുണ്ട് (അബൂദാവൂദ്). നബി (സ) യുടെ സുന്നത്താണ് ഇവിടെ ഉദ്ദേശ്യം. ഖുര്‍ആന്‍ പോലെ തന്നെ സുന്നത്തും നബി ÷ ക്ക് വഹ്‌യ് മൂലം ലഭിക്കുന്നതാണ്. പക്ഷേ, ഖുര്‍ആന്‍ വേദമെന്ന നിലക്ക് ഓതപ്പെടുന്നു. സുന്നത്ത് ആ നിലക്ക് ഓതപ്പെടുന്നില്ല എന്നു മാത്രം. ഈ വസ്തുത ശാഫിഈ ഇമാമും മറ്റു മഹാന്മാരും അനേകം ലക്ഷ്യങ്ങളാല്‍ തെളിയിച്ചിട്ടുണ്ട്. ആകയാല്‍ ഖുര്‍ആന്റെ വ്യാഖ്യാനം ഖുര്‍ആനില്‍ അന്വേഷിക്കുക. അതില്‍ ലഭിക്കാത്ത പക്ഷം സുന്നത്ത് നോക്കണം.



ഇനി, ഖുര്‍ആനിലും സുന്നത്തിലും ഖുര്‍ആന്ന് വ്യാഖ്യാനം കാണാതിരുന്നാല്‍ സ്വഹാബത്തിന്റെ വാക്കുകളിലേക്കാണ് തിരിയേണ്ടത്. മറ്റാര്‍ക്കും കൈവന്നിട്ടില്ലാത്ത അവസരങ്ങളും സന്ദര്‍ഭങ്ങളും അവര്‍ക്ക് ലഭിച്ചിരിക്കയാല്‍ അവരാണതേറ്റവും അറിയുന്നവര്‍. തികഞ്ഞ ഗ്രഹണശക്തിയും ശരിയായ വിജ്ഞാനവും സല്‍കര്‍മതല്‍പരതയും അവര്‍ക്ക്, പ്രത്യേകിച്ച് അവരില്‍ മഹാന്മാരും പണ്ഡിതന്മാരുമായുള്ളവര്‍ക്ക് നല്‍കപ്പെട്ടിട്ടുമുണ്ട്. ഇബ്‌നുമസ്ഊദ്(റ) പറയുകയാണ്: 'ഞങ്ങളില്‍ (സ്വഹാബികളില്‍) ഒരാള്‍ പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അവയുടെ സാരങ്ങളും അതനുസരിച്ചുള്ള പ്രവൃത്തിയും മനസ്സിലാക്കാതെ അതിനപ്പുറം കടക്കാറില്ലായിരുന്നു.'

അദ്ദേഹം തന്നെ വീണ്ടും പ്രസ്താവിക്കുന്നു: 'അല്ലാഹുവിന്റെ കിതാബിനെ സംബന്ധിച്ച് വാഹനം എത്താവുന്ന സ്ഥലത്ത് എന്നെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പോകുമായിരുന്നു.' ഇങ്ങനെയുള്ള ഇബ്‌നുമസ്ഊദ്(റ) ഇബ്‌നുഅബ്ബാസ്(റ)വിനെപ്പറ്റി പറഞ്ഞിരിക്കുന്നതിങ്ങനെയാണ്: 'ഖുര്‍ആന്റെ വളരെ നല്ല ഒരു വ്യാഖ്യാതാവാണ് ഇബ്‌നുഅബ്ബാസ്.' ഹിജ്‌റ 23 ലാണ് ഇബ്‌നുമസ്ഊദ്(റ) മരണപ്പെട്ടത്. അദ്ദേഹത്തിനു ശേഷം ഇബ്‌നുഅബ്ബാസ്(റ) 36 കൊല്ലം ജീവിച്ചിട്ടുണ്ട്. അപ്പോള്‍ ഇബ്‌നുമസ്ഊദ്(റ)വിനു ശേഷം അദ്ദേഹം എത്രമാത്രം ജ്ഞാനം കരസ്ഥമാക്കിയിരിക്കും!



വേദക്കാരില്‍ നിന്ന് സംഭവങ്ങളും വാര്‍ത്തകളും ഉദ്ധരിക്കുവാന്‍ നബി (സ) അനുവദിച്ചിട്ടുണ്ട്. അവിടന്ന് പറയുകയുണ്ടായി: 'ഒരു ആയത്തായിരുന്നാലും എന്നില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നിങ്ങള്‍ എത്തിച്ചുകൊടുക്കുക. ഇസ്രാഈല്യരില്‍ നിന്ന് നിങ്ങള്‍ വാര്‍ത്തകള്‍ ഉദ്ധരിച്ചുകൊള്ളുക, വിരോധമില്ല. ആരെങ്കിലും എന്റെ മേല്‍ മനഃപൂര്‍വം കളവു പറഞ്ഞാല്‍ നരകത്തില്‍ തന്റെ ഇരിപ്പിടം അവന്‍ തയ്യാര്‍ ചെയ്തുകൊള്ളട്ടെ' (ബുഖാരി). യര്‍മൂക് യുദ്ധത്തില്‍ വെച്ച് വേദക്കാരുടെ ചില ഗ്രന്ഥക്കെട്ടുകള്‍ ഇബ്‌നുഉമര്‍(റ)വിന് കിട്ടിയ ശേഷം അദ്ദേഹം അതില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിച്ചിരുന്നത് ഈ ഹദീസിന്റെ അടിസ്ഥാനത്തിലായിരുന്നു.



എന്നാല്‍ ഇസ്രാഈലീ വാര്‍ത്തകള്‍ മൂന്ന് വിധത്തിലുണ്ട്.

1) നമ്മുടെ പക്കലുള്ള രേഖകളാല്‍ സത്യമാണെന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നവ. അവ ശരിയായിട്ടുള്ളതുതന്നെ.

2) നമ്മുടെ പക്കലുള്ള രേഖകളാല്‍ അസത്യമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നവ.

3) സത്യമെന്നോ അസത്യമെന്നോ മനസ്സിലാക്കത്തക്ക തെളിവില്ലാത്തവ. ഇത് നമുക്ക് വിശ്വസിക്കുവാനോ കളവാക്കുവാനോ നിവൃത്തിയില്ല. അത് ഉദ്ധരിക്കാവുന്നതാണ്. അവ മിക്കവാറും മതകാര്യത്തില്‍ പ്രയോജനമില്ലാത്തതായിരിക്കും. അതുകൊണ്ടാണ് വേദക്കാരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ഇതില്‍ വളരെ ഭിന്നിപ്പുകള്‍ കാണുന്നത്. അക്കാരണത്താല്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും അതില്‍ ഭിന്നിപ്പുണ്ടായി. വേദക്കാരില്‍ നിന്ന് വിഭിന്നമായ പ്രസ്താവനകള്‍ ഉദ്ധരിക്കുന്നതിന് വിരോധമില്ലെന്ന് ഖുര്‍ആനില്‍ നിന്നു തന്നെ ഗ്രഹിക്കാം.



എന്നാല്‍ ഖുര്‍ആനിലും സുന്നത്തിലും വ്യാഖ്യാനം കണ്ടില്ല, സ്വഹാബികളില്‍ നിന്ന് ലഭിച്ചതുമില്ല, അപ്പോള്‍ അധിക ഇമാമുകളും താബിഉകളുടെ പ്രസ്താവനകളിലേക്കാണ് മടങ്ങിയിട്ടുള്ളത്. താബിഉകള്‍ ഏകോപിച്ചുപറഞ്ഞ അഭിപ്രായം തെളിവാണെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ ഭിന്നിച്ചാല്‍ അവരില്‍ ഒരാളുടെ അഭിപ്രായം അവരില്‍ പെട്ടവരോ അവരുടെ ശേഷമുള്ളവരോ ആയ മറ്റുള്ളവര്‍ക്ക് അക്കാര്യത്തില്‍ തെളിവാകയില്ല. ഈ അവസരത്തില്‍ ഖുര്‍ആന്റെയോ സുന്നത്തിന്റെയോ ഭാഷയിലേക്കോ അല്ലെങ്കില്‍ പൊതു അറബിഭാഷ, അതുമല്ലെങ്കില്‍ സ്വഹാബത്തിന്റെ വാക്കുകള്‍ എന്നിവയിലേക്കോ മടങ്ങണം. സ്വന്തം അഭിപ്രായത്തിനൊത്ത് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് ഹറാമാകുന്നു.



മഹാനായ ഇബ്‌നുജരീര്‍(റ) ഖുര്‍ആന്‍ വ്യാഖ്യാനം മൂന്ന് തരത്തിലാണെന്ന് വിശദീകരിച്ചിട്ടുണ്ട്. 1) അല്ലാഹുവിനു മാത്രം അറിയുന്നത്. ഉദാ: ഖിയാമത്തിന്റെ സന്ദര്‍ഭത്തില്‍ ഈസാ നബി(അ) ഇറങ്ങിവരുന്ന സമയം മുതലായ കാര്യങ്ങള്‍. 2) നബി ÷ ക്ക് മാത്രം അറിയിച്ചുകൊടുത്തിട്ടുള്ളത്. മതവിധികള്‍, അനുഷ്ഠാനകര്‍മങ്ങള്‍ മുതലായവ പോലെ. 3) ഖുര്‍ആനിന്റെ ഭാഷ അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നത്. അതായത് അറബി ഭാഷയും അതിന്റെ വ്യാകരണമുറകളും അറിയുന്നവര്‍ക്ക് മാത്രം ഇവ ഗ്രഹിക്കാവുന്നതാണ്. ഭാഷാജ്ഞാനം വഴി ലഭിക്കുന്ന വ്യാഖ്യാനങ്ങളില്‍, ഭാഷക്കാരുടെ പ്രസിദ്ധ കവിതകള്‍, അവര്‍ക്കിടയില്‍ പ്രസിദ്ധമായ സംസാര ശൈലി എന്നിവയില്‍ നിന്ന് സാക്ഷ്യം നല്‍കിക്കൊണ്ടായിരിക്കണം വ്യാഖ്യാനിക്കുന്നത്. മുന്‍ഗാമികളായ സ്വഹാബികള്‍, താബിഉകള്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ എന്നിവരുടെ അഭിപ്രായങ്ങളുടെ പുറത്തുപോകാതിരിക്കുന്നപക്ഷം ആ വ്യാഖ്യാതാവിന്റെ വ്യാഖ്യാനം കൊള്ളാവുന്നതാണ്.



ഇത്രയും വിവരിച്ചതില്‍ നിന്ന് താഴെ കാണുന്ന കാര്യങ്ങള്‍ നമുക്ക് ഗ്രഹിക്കാം.

1) മുന്‍ഗാമികള്‍ ഏകോപിച്ചുപറഞ്ഞ അഭിപ്രായത്തിന് എതിര് പറയരുത്.

2) ഖുര്‍ആനിന്റെ ഭാഷാസാഹിത്യത്തില്‍ നിന്ന് ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ടെങ്കിലും അത് മുന്‍ഗാമികള്‍ സ്വീകരിച്ചതിന് എതിരാവരുത്.

3) മറ്റാരുടെ പ്രസ്താവനയെക്കാളും നബിയുടെ സുന്നത്തിനും പിന്നെ സ്വഹാബികളുടെ പ്രസ്താവനകള്‍ക്കുമാണ് വില കല്‍പിക്കേണ്ടത്.

4) ഇസ്രാഈലീ വാര്‍ത്തകള്‍ ഉദ്ധരിക്കുന്നതിന് വിരോധമില്ല.

5) മേല്‍പറഞ്ഞ അടിസ്ഥാനത്തില്‍ അല്ലാതെ നല്‍കുന്ന വ്യാഖ്യാനം സ്വാഭിപ്രായത്തിലുള്ള വ്യാഖ്യാനമാണ്.



എങ്കിലും അംഗീകൃത തത്ത്വങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും ഖുര്‍ആന്റെ ഭാഷാശൈലിയില്‍ നിന്ന് മനസ്സിലാവുന്നതുമായ വല്ല പുതിയ സാരങ്ങളും കണ്ടുപിടിക്കുന്നതും അനുയോജ്യമായ ഉദാഹരണങ്ങള്‍ അംഗീകരിക്കുന്നതും തെറ്റാവുകയില്ല.



എന്നാല്‍ സി.എന്‍. അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ സ്വാഭിപ്രായം അനുസരിച്ചുള്ള ധാരാളം വ്യാഖ്യാനങ്ങള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. ഇസ്രാഈലീ വാര്‍ത്തകളെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ ആക്ഷേപിക്കുകയും അംഗീകരിക്കുകയും ചെയ്ത മൗലവി സാഹിബ്, നബി ÷ യുടെ പ്രബലമായ തിരുസുന്നത്തിനെ നിസ്സങ്കോചം തിരസ്‌കരിച്ചുകൊണ്ടാണ് പല ഖുര്‍ആന്‍ വാക്യങ്ങളെയും വ്യാഖ്യാനിച്ചിട്ടുള്ളത്. തന്റെ വ്യാഖ്യാന ഗ്രന്ഥത്തിന് പുതുമ കൂട്ടുവാനായി നബി (സ) യുടെ സുന്നത്തുകളെ തന്നെ അവഗണിക്കുന്ന ഒരാള്‍ക്ക് സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയവരുടെ വാക്കുകളും പൗരാണിക വ്യാഖ്യാതാക്കളുടെ ഏകകണ്ഠമായ തീരുമാനങ്ങളും ഒരു പ്രശ്‌നമായിരിക്കില്ലല്ലോ. 'ഖുര്‍ആന്‍ വ്യാഖ്യാനം' എന്ന ശീര്‍ഷകത്തിനു താഴെ പൗരാണിക വ്യാഖ്യാതാക്കളെ സംബന്ധിച്ച് മൗലവി പല ആക്ഷേപങ്ങളും അസംബന്ധങ്ങളും എഴുതിവിട്ടിട്ടുണ്ട്. തന്റെ പുത്തന്‍ ചരക്കിന് കൂടുതല്‍ കോളുകാരെ സൃഷ്ടിക്കലായിരിക്കാം മൗലവിയുടെ ഉദ്ദേശ്യം. ഏതായാലും അതിനൊന്നും ഇവിടെ മറുപടി പറയുന്നില്ല.




(ഫതഹുര്‍റഹ്മാന്‍:വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖത്തില്‍നിന്ന്, എസ്.പി.സി, ചെമ്മാട്, മലപ്പുറം)